
കുറ്റിപ്പുറം: ചര്ച്ചയായ മലപ്പുറം കുറ്റിപ്പുറത്തെ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് താനാണെന്ന അവകാശവാദം ഉന്നയിച്ച് കുറ്റിപ്പുറം നടുവട്ടൂര് സ്വദേശി കെ കെ മുഹമ്മദ് റാഷിദ്. താന് അജ്ഞാതനല്ലെന്നും ജീവനുള്ള കോണ്ഗ്രസുകാരനാണെന്നും മുഹമ്മദ് റാഷിദ് പറഞ്ഞു.
സ്ഥാനാര്ത്ഥിയായി നാമനിര്ദ്ദേശ പത്രിക നല്കിയിരുന്നു. ജോലി ആവശ്യാര്ത്ഥം നാട്ടില് ഇല്ലാത്തതിനാല് ഫലം വന്നത് വൈകി ആണ് അറിഞ്ഞത്. പ്രസിഡന്റായി ഉടന് സ്ഥാനം ഏല്ക്കുമെന്നും മുഹമ്മദ് റാഷിദ് പറഞ്ഞു.
തിരഞ്ഞെടുപ്പില് വേണ്ട പ്രചാരണം നടത്താന് കഴിഞ്ഞിരുന്നില്ല. എന്നാല് മറുപക്ഷത്തുള്ളവരെക്കാള് തന്നെ അംഗീകരിക്കാന് തയ്യാറായ പ്രവര്ത്തകരുടെ വോട്ടുകള് കൊണ്ട് താന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന അവിചാരിത വാര്ത്ത വളരെ വൈകി ദൃശ്യമാധ്യമങ്ങളിലൂടെയാണ് തന്റെ ശ്രദ്ധയില്പ്പെടുന്നത്. തന്നെ കാണ്മാനില്ല, താന് അപരനാണ്, ഇങ്ങനെ ഒരാളില്ല എന്ന രീതിയിലുള്ള തികച്ചും ദുരുപദ്ദേശ്യപരമായ വാര്ത്തകള് സൃഷ്ടിച്ചുകൊണ്ട് ഒരു വിഭാഗം പാര്ട്ടിയെ തന്നെ അപകീര്ത്തിപ്പെടുത്താന് നോക്കുന്നത് ശരിയല്ല. ഏതൊരു സാധാരണ പ്രവര്ത്തകനും അര്ഹിക്കുന്ന ഇടം നല്കാന് കോണ്ഗ്രസ് പ്രസ്ഥാനത്തിനാകുമെന്ന് തനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് അപ്രതീക്ഷിത ജയത്തില് അമ്പരന്ന് രാജിവെയ്ക്കാം എന്ന് കരുതിയ താന് മണ്ഡലം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന് തയ്യാറാകുന്നതെന്നും മുഹമ്മദ് റാഷിദ് പറഞ്ഞു.