യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതിയെന്നത് ഞെട്ടിക്കുന്നതെന്ന് ബിജെപി
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; ഡിജിപിക്ക്  പരാതി നല്‍കി ബിജെപി

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി.

സിആര്‍ കാര്‍ഡെന്ന അപ്ലിക്കേഷന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതിയെന്നത് ഞെട്ടിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു. രാജ്യസുരക്ഷയെയും ജനാധിപത്യ പ്രക്രിയയെയും ബാധിക്കുന്ന ഈ സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സിആര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി ഇന്നലെ പുറത്ത് വിട്ടിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രന്‍ സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അടക്കം പേരില്‍ വ്യാജ തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് ഉണ്ടാക്കുന്ന വീഡിയോ പരാതിക്കാര്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ അടക്കമായിരുന്നു റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത പുറത്ത് വിട്ടത്. ഇതടക്കം ചൂണ്ടിക്കാണിച്ചാണ് കെ സുരേന്ദ്രന്റെ പരാതി.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; ഡിജിപിക്ക്  പരാതി നല്‍കി ബിജെപി
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ഐ ഡി വ്യാജമായി തയ്യാറാക്കി; യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിവാദത്തിൽ

ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അടിസ്ഥാന വ്യക്തിഗത വിവരങ്ങളും ഉണ്ടെങ്കില്‍ സിആര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വ്യാജ തിരഞ്ഞെടുപ്പ് കാര്‍ഡ് ഉണ്ടാക്കാം. അഞ്ച് മിനിറ്റുകൊണ്ട് പിവിസ് കാര്‍ഡില്‍ തിരിച്ചറിയില്‍ കാര്‍ഡ് അച്ചടിച്ചെടുക്കാമെന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ അവകാശപ്പെടുന്നു. ഇത്തരത്തില്‍ 1.25 ലക്ഷം വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഈ വിധത്തില്‍ അച്ചടിച്ചതായി ആരോപണം ഉണ്ടെന്നും പരാതിയില്‍ സുരേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയ്ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെയും നേരിട്ട് ബാധിക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളും ഇതിലുണ്ട്. റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ കേന്ദ്രമായ ഒരു പബ്ലിക് റിലേഷന്‍ കമ്പനിയും ഗുരുതരമായി ഈ വിഷയത്തില്‍ പങ്കാളികളാണ്. ഇത് ഈ ക്രമക്കേടിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതായും പരാതിയില്‍ സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ കേരള പൊലീസ് ശക്തവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

തിരഞ്ഞെടുപ്പ് ആള്‍മാറാട്ടം (സെക്ഷന്‍ 171ഡി), വ്യാജരേഖ ചമയ്ക്കല്‍ (സെക്ഷന്‍ 465), ചതിക്കാനുള്ള ഉദ്ദേശത്തോടെയുള്ള വ്യാജരേഖ ചമയ്ക്കല്‍ (സെക്ഷന്‍ 468), സല്‍പ്പേരിന് ദോഷം വരുത്തുന്ന വിധത്തിലുള്ള വ്യാജരേഖ ചമയ്ക്കല്‍ (സെക്ഷന്‍ 469) വ്യക്തിവിവര മേഷണം(വിവരസാങ്കേതിക നിയമം 200ത്തിലെ സെക്ഷന്‍ 66സി) തെറ്റായ സത്യവാങ്ങ്മൂലം(ജനപ്രാതിനിധ്യ നിയമം 1950ലെ സെക്ഷന്‍31) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് കെ സുരേന്ദ്രന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിനുള്ള ആപ്പ് നിര്‍മ്മിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും അറിവോടെയാണ് ഇതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ തെളിവായി പരാതിക്കാര്‍ എഐസിസിക്ക് കൈമാറിയ മൊബൈല്‍ ആപ്ലിക്കേഷനും മാതൃകാ വീഡിയോയുമാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടത്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉള്‍പ്പെടെയായിരുന്നു പരാതിക്കാര്‍ എഐസിസിക്ക് കൈമാറിയിരിക്കുന്നത്. പേരും മേല്‍വിലാസവും ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയാല്‍ 5 മിനിറ്റിനകം യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡിനെ വെല്ലുന്ന രീതിയില്‍ വ്യാജ കാര്‍ഡ് ലഭിക്കുന്ന തരത്തിലാണ് സംവിധാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com