മണ്ണെടുപ്പ് നിർത്താന് എഡിഎം നിർദ്ദേശം; നൂറനാട് സമരം തത്ക്കാലികമായി നിർത്തിവെച്ചു

സർവ്വകക്ഷി യോഗം ചേരുന്നതുവരെ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ എഡിഎമ്മിന്റെ നിർദ്ദേശത്തെ തുടര്ന്നാണ് തീരുമാനം.

dot image

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആലപ്പുഴ നൂറനാട് മലകൾ ഇടിച്ച് മണ്ണ് എടുക്കുന്നത് താത്ക്കാലികമായി നിര്ത്തിവെച്ചു. സർവ്വകക്ഷി യോഗം ചേരുന്നതുവരെ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ എഡിഎമ്മിന്റെ നിർദ്ദേശത്തെ തുടര്ന്നാണ് തീരുമാനം. ഇതേ തുടര്ന്ന് മണ്ണ് എടുക്കുന്നതില് പ്രതിഷേധിച്ച് പ്രദേശവാസികള് നടത്തിയിരുന്ന സമരവും തത്ക്കാലികമായി നിർത്തിവെച്ചു. ഈ മാസം 16 ന് സർവകക്ഷി യോഗം ചേരും. സർവകക്ഷി യോഗത്തിലെ തീരുമാനം എതിരാണെങ്കിൽ വീണ്ടും സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു.

നൂറനാട് മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധത്തിൽ നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. നൂറനാട് പാലമേൽ മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നടത്തുന്നതിനെതിരെയാണ് നാട്ടുകാർ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില് സമരം നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ എംഎൽഎ അരുൺ കുമാറിനെ പൊലീസ് മർദിച്ചതായി പരാതിയുമായി രംഗത്തെത്തിയിരുന്നു.

നേരത്തെ ജനകീയ സമിതിയുടെ നേതൃത്വത്തില് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടയിലും പൊലീസ് ലാത്തി വീശുകയും സ്ത്രീകൾ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. 2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.

dot image
To advertise here,contact us
dot image