സഹകരണ മേഖല അഴിമതി തീണ്ടാത്ത മേഖല; രാഷ്ട്രീയ ദുഷ്ടലാക്ക് അംഗീകരിക്കില്ല: മുഖ്യമന്ത്രി

സഹകരണ മേഖലയെ ലക്ഷ്യമിട്ട് തെറ്റായ നീക്കങ്ങൾ ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
സഹകരണ മേഖല അഴിമതി തീണ്ടാത്ത മേഖല; രാഷ്ട്രീയ ദുഷ്ടലാക്ക് അംഗീകരിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ കള്ളപ്പമാണെന്ന് പ്രചരണമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രചരണം അടച്ചാക്ഷേപിക്കലാണെന്നും അധികാരമുള്ളവർ ചില പരിശോധനകൾ നടത്തിയിട്ട് എന്തെങ്കിലും തെളിവ് ലഭിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാന സഹകരണ യൂണിയൻ സംഘടിപ്പിച്ച സ​ഹകരണ സംരക്ഷണ മഹാസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കള്ളപ്പണം എവിടെപ്പോയെന്ന് ചോദിച്ച മുഖ്യമന്ത്രി കള്ളപ്പണം സംരക്ഷിക്കുന്നത് സഹകരണ മേഖലയല്ലെന്നും കൂട്ടിച്ചേർത്തു.

'നമ്മുടെ നാട് നേടിയ നേട്ടം ഇല്ലാതാക്കാനാണ് ശ്രമം. മൾട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. പലപേരുകളിൽ സ്ഥാപനം തുടങ്ങുകയാണ്. മോഹ പലിശ നൽകിയാണ് നിക്ഷേപം സ്വീകരിക്കുന്നത്. മൾട്ടിസ്റ്റേറ്റ് സംഘങ്ങൾക്ക് പല ലക്ഷ്യങ്ങളും കാണും. ഈ സംഘങ്ങളിൽ ഓഡിറ്റ് പോലും നടക്കുന്നില്ല. കേന്ദ്രസർക്കാർ ഇതിന് പിന്തുണ നൽകുകയാണ്. കേന്ദ്ര നിലപാട് നല്ലതിനല്ല. സഹകരണ മേഖലയിൽ കർശന നിരീക്ഷണ സംവിധാനമുണ്ട്. അഴിമതി തീണ്ടാത്ത മേഖലയാണിത്. സഹകാരികളിൽ അപൂർവ്വം ചിലർ തെറ്റായ രീതികളിലേക്ക് നീങ്ങി.

ഒരു സ്ഥാപനത്തിൽ അഴിമതി നടന്നാൽ പോലും സഹകരണ മേഖലയുടെ വിശ്വാസത്തെ ബാധിക്കും. തെറ്റ് ചെയ്തവർക്ക് എതിരെ കർശന നടപടി ഉണ്ടാകണം. ഇതിന്റെ പേരിൽ സഹകരണ മേഖലയുടെ വിശ്വാസത്തിന് കോട്ടം തട്ടരുത്', മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയെ ലക്ഷ്യമിട്ട് ചില ഏജൻസികൾ വരുന്നു. സഹകരണ മേഖലയെ ലക്ഷ്യമിട്ട് തെറ്റായ നീക്കങ്ങൾ ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കുകളെ കൊള്ളയടിച്ച് വിദേശത്തേക്ക് കടന്നവർക്ക് എതിരെ ഇഡി ഇടപെടൽ ഉണ്ടായില്ല. സാധാരണക്കാരന് അത്താണിയായ സഹകരണ മേഖലയെ ലക്ഷ്യമിട്ടാണ് ഇഡി വരുന്നത്. രാഷ്ട്രീയ ദുഷ്ടലാക്ക് അംഗീകരിക്കില്ല. സഹകരണ മേഖലയിലെ ഏത് കുത്സിത നീക്കത്തേയും തടയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com