'ഒരു പഞ്ചായത്ത് മെമ്പര്‍ പോലും കാണാന്‍ വന്നില്ല'; സംസ്ഥാന സര്‍ക്കാരിനെതിരെ പി ആര്‍ ശ്രീജേഷ്

ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നതെന്ന് ശ്രീജേഷ്
'ഒരു പഞ്ചായത്ത് മെമ്പര്‍ പോലും കാണാന്‍ വന്നില്ല'; സംസ്ഥാന സര്‍ക്കാരിനെതിരെ പി ആര്‍ ശ്രീജേഷ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി ആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങിയിട്ടും ആരും ബന്ധപ്പെട്ടില്ലെന്ന് ശ്രീജേഷ് ആരോപിച്ചു. എന്താണ് കാരണമെന്ന് തനിക്കറിയില്ല. ഒരു പഞ്ചായത്ത് മെമ്പര്‍ പോലും കാണാന്‍ വന്നില്ല. അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശ്രീജേഷ് ചോദിക്കുന്നു. ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച ശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷിന്റെ പ്രതികരണം.

'ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയാലും യാതൊരു വിലയുമില്ല എന്ന സമീപനം കായിക രംഗത്തേക്ക് കടന്നുവരുന്നവരെ നിരുത്സാഹപ്പെടുത്തും. കായിക രംഗത്തേക്ക് പോകുന്നതിനു പകരം പഠിച്ചാല്‍ മതി, ജോലി കിട്ടും എന്ന ചിന്ത അവരില്‍ വളരും. മറ്റ് സംസ്ഥാനങ്ങള്‍ കായികതാരങ്ങളെ നല്ല രീതിയിലാണ് പരിഗണിക്കുന്നത്.' ശ്രീജേഷ് പറഞ്ഞു.

ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്. ഇന്ത്യന്‍ ഹോക്കി ടീമിലെ തന്റെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയ്യില്‍ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെയാണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com