കേരള ജെഡിഎസില്‍ തര്‍ക്കം രൂക്ഷം; ഭാവി സംബന്ധിച്ച നിലപാട് ഉടന്‍ എടുക്കണമെന്ന് സി കെ നാണു

ജെഡിഎസ് ആയി തുടരാനാണ് സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം
കേരള ജെഡിഎസില്‍ തര്‍ക്കം രൂക്ഷം; ഭാവി സംബന്ധിച്ച നിലപാട്  ഉടന്‍ എടുക്കണമെന്ന് സി കെ നാണു

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഭാവി സംബന്ധിച്ച് കേരള ജെഡിഎസില്‍ തര്‍ക്കം രൂക്ഷം. ബിജെപി സഖ്യത്തില്‍ ചേര്‍ന്ന ദേശീയ ഘടകത്തോടുള്ള ബന്ധം വിടുന്നതില്‍ അന്തിമ തീരുമാനം എടുക്കാത്തതില്‍ മുന്‍ എംഎല്‍എ സി കെ നാണു അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ നിലപാട് എടുക്കണമെന്ന നിലപാടിലാണ് മുന്‍ എംഎല്‍എ സി കെ നാണു.

എന്നാല്‍ ജെഡിഎസ് ആയി തുടരാനാണ് സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം. പുതിയ പാര്‍ട്ടി രൂപീകരണത്തോടും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നതിനോടും മാത്യു ടി തോമസിനും കെ കൃഷ്ണകുട്ടിക്കും എതിര്‍പ്പാണ്. ലയിച്ചാല്‍ അയോഗ്യരാകുമെന്ന ആശങ്കയാണ് കാരണം. ഇരുവരും നേരത്തെ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എന്‍ഡിഎ സഖ്യത്തിനൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനിക്കാമെന്നാണ് ദേവഗൗഡ നല്‍കിയ മറുപടി. 2006ലേതിന് സമാനമായി സ്വതന്ത്ര നിലപാട് സ്വീകരിച്ച് നില്‍ക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് കേരളത്തില്‍ മത്സരിക്കാത്തതിനാല്‍ പ്രതിസന്ധിയുണ്ടാവില്ലെന്നാണ് കണക്കു കൂട്ടല്‍.

എന്നാല്‍ ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി കേരളത്തില്‍ തുടരുന്നതില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമാണ്. ആര്‍ജെഡി, എസ്പി, ജെഡിയു എന്നീ പാര്‍ട്ടികളില്‍ ഏതെങ്കിലും ഒന്നില്‍ ലയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവരുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com