
തൃശ്ശൂര്: ക്വാറിക്കെതിരായ പരാതി പിന്വലിക്കാന് എന് വി വൈശാഖന് 80 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് പരാതിക്കാരന് അജിത് കൊടകര. വീഡിയോ പുറത്ത് വിട്ടത് താനല്ല. ഒരു വര്ഷമായി കൊടകര പൊലീസിന്റെ കൈവശമാണ് തന്റെ ഫോണ്. അത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല് കോടതി ഉത്തരവിട്ടിട്ടും ഫോണ് തിരികെ നല്കാതെ വന്നതോടെ മജിസ്ട്രേറ്റ് കോടതിയില് പെറ്റീഷന് കൊടുത്തിരുന്നു. കൊടകര സ്റ്റേഷനില് നിന്നാണ് ദൃശ്യം ലീക്കായതെന്നും അജിത് കൊടകര പറഞ്ഞു.
'പരാതി പിന്വലിക്കാന് 80 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. വൈശാഖന് കമ്മീഷന് ചോദിച്ചിരുന്നു. പൈസ കൂട്ടിചോദിക്കാന് എന്നോട് ആവശ്യപ്പെട്ടു. മൊത്തം ഒരു കോടി ചോദിക്കാനാണ് എന്നോട് പറഞ്ഞത്. ഞാന് ഒരു സിപിഐ പ്രവര്ത്തകനാണ്. അഭിഭാഷകന് എന്ന നിലയ്ക്ക് ആയിരിക്കില്ല വൈശാഖന് കേസില് ഇടപെട്ടത്. കാര് വര്ക്ക് ഷോപ്പില് വെച്ച് സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.' എന്നും അജിത് പറഞ്ഞു. അടുത്ത ഡിവൈഎഫ്ഐ സമ്മേളനം വരുമ്പോള് വീഡിയോ പുറത്ത് വിടാം എന്നാണ് കരുതിയത്. താന് ഒരു സിപിഐക്കാരനാണെന്നും അജിത് വിശദീകരിച്ചു.
ഒന്നര വര്ഷം മുമ്പുള്ള വീഡിയോ ആണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നത്. പരാതി പിന്വലിച്ചാല് ക്വാറി ഉടമയില് നിന്നും പണം വാങ്ങി നല്കാമെന്ന് വൈശാഖന് പറയുന്നതാണ് വീഡിയോ. ക്വാറിക്കെതിരെ തനിക്കുള്ള പരാതി അജിത് പറയുമ്പോള്, അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖന് ചോദിക്കുന്നു. താന് ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരന് വ്യക്തമാക്കുമ്പോള്, നീ പൈസയുടെ കാര്യം പറയൂ എന്ന് വൈശാഖന് ആവശ്യപ്പെടുന്നു.
എന്നാല് ഒരു അഭിഭാഷകന് എന്ന നിലയ്ക്കാണ് സംഭവത്തില് ഇടപെട്ടതെന്നാണ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വൈശാഖന്റെ വിശദീകരണം. തനിക്കെതിരെ ആരോപണം ഉയര്ത്തുന്നവരുടെ പശ്ചാത്തലം കൂടി പരിശോധിക്കണം. അഭിഭാഷകന് എന്ന നിലയില് സംഭവത്തില് മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും വൈശാഖന് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക