കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകളിലടക്കം ഒമ്പത് ഇടത്ത് ഇഡി റെയ്ഡ്

പി സതീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകളിലടക്കം ഒമ്പത് ഇടത്ത് ഇഡി റെയ്ഡ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന് പിന്നാലെ മറ്റ് ബാങ്കുകളിലും റെയ്ഡുമായി ഇഡി. അയ്യന്തോൾ ബാങ്കിലടക്കം ഒമ്പതിടത്താണ് തൃശൂരിലും എറണാകുളത്തുമായി ഇഡി റെയ്ഡ് നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതിയായ പി സതീഷ് കുമാറിന് വിവിധ അക്കൗണ്ടുകൾ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. സതീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കേസുമായി ബന്ധമുള്ള ആധാരം എഴുത്തുകാരുടെ വീടുകളിലും പരിശോധന നടക്കുന്നു. തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലും ഇഡി റെയ്ഡ് നടക്കുകയാണ്.

ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്കിന് എതിരെ കൂടുതൽ ആരോപണങ്ങളുമായി സിപിഐഎം മുൻ ഭരണസമിതി അംഗമായ മഹേഷ്‌ രംഗത്തെത്തി. ഇഡി ചോദ്യം ചെയ്ത എ സി മൊയ്‌തീനെ പോലെയുള്ള നേതാക്കളെ പാർട്ടി സംരക്ഷിക്കുമ്പോൾ നിരപരാധിയായ തങ്ങളെ പാർട്ടി ബലിയാടാക്കുന്നുവെന്ന് മഹേഷ്‌ ആരോപിച്ചു. പാർട്ടിയിൽ വിശ്വാസം നഷ്ടപെട്ടത് കൊണ്ടാണ് ഇപ്പോൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നതെന്നും മഹേഷ്‌ റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിനെതിരെ ആരോപണവുമായി മുന്‍ ബാങ്ക് ഡയറക്ടര്‍ ലളിതന്‍ രംഗത്തെത്തി. കട്ടവരെ കിട്ടാത്തതുകൊണ്ട് കിട്ടിയവരെ കുടുക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നാണ് ലളിതൻ്റെ ആരോപണം. കരുവന്നൂര്‍ മുന്‍ ബാങ്ക് സെക്രട്ടറിയും സിപിഐഎം ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാറുമാണ് ചതിച്ചതെന്നും ലളിതന്‍ ആരോപിച്ചിരുന്നു.

10.5 കോടി രൂപ തിരിച്ചു പിടിക്കാന്‍ സഹകരണ വകുപ്പ് നടപടി ആരംഭിച്ചിരിക്കുകയാണ്. വീട് ജപ്തിയുടെ വക്കിലാണെന്നും ആത്മഹത്യ ആണ് ഇനി വഴിയെന്നും ലളിതന്‍ വ്യക്തമാക്കി. തട്ടിപ്പിനെക്കുറിച്ച് പത്രസമ്മേളനം നടത്താന്‍ ഒരുങ്ങിയെന്നും എന്നാല്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് തടഞ്ഞുവെന്നും ലളിതന്‍ ആരോപിച്ചിരുന്നു. 'തുടര്‍ന്ന് ക്രൈംബ്രാഞ്ചിനെക്കൊണ്ട് വിളിപ്പിച്ചു. അത് ഭീഷണിയാണെന്ന് മനസ്സിലായി. ജയിലില്‍ കിടന്നപ്പോള്‍ പോലും പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടില്ല. സിപിഐ അംഗങ്ങളെ ബലിയാടാക്കുന്നു. ഇലക്ഷന്‍ കഴിയുന്നത് വരെ വാ മൂടികെട്ടണമെന്ന് സിപിഐഎം പറഞ്ഞു. എല്‍ഡിഎഫ് വിജയിച്ചാല്‍ എല്ലാം ശരിയാകുമെന്നും പറഞ്ഞുവെന്നും ലളിതൻ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com