ഐജി പി വിജയന്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ; ഇനി തീരുമാനം മുഖ്യമന്ത്രിയുടേത്

എലത്തൂർ ട്രെയിൻ തീവെപ് കേസിലെ വിവരങ്ങൾ ചോർത്തിയെന്ന പേരിലായിരുന്നു സസ്പെൻഷൻ.
ഐജി പി വിജയന്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ; ഇനി തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ നടപടി നേരിട്ട ഐജി പി വിജയന്റെ സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാർശ നൽകിയത്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. എലത്തൂർ ട്രെയിൻ തീവെപ് കേസിലെ വിവരങ്ങൾ ചോർത്തിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. ഇത് രണ്ടാം തവണയാണ് ഐജി പി വിജയനെ തിരിച്ചെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നത്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മൂന്നരമാസമായി തുടരുന്ന സസ്പെൻഷൻ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നും ശുപാർശയിൽ പറയുന്നു.

മെയ് 18നാണ് ഐജി പി വിജയനെ സസ്പെന്റ് ചെയ്തത്. എലത്തൂർ തീവെപ്പ് കേസിലെ പ്രതിയെ അതീവ രഹസ്യമായി രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നതാണ് ഐജിക്കെതിരെ ഉയർന്ന ആരോപണം. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാഞ്ഞിട്ടും പ്രതിയെ കൊണ്ടുവന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പി വിജയൻ ബന്ധപ്പെട്ടിരുന്നു. ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നായിരുന്നു എഡിജിപി എം ആർ അജിത്ത് കുമാർ നൽകിയ റിപ്പോർട്ട്.

ഈ സമയം ആന്റി ടെററിസ്റ്റ് സ്കോഡ് (തീവ്രവാദ വിരുദ്ധ സ്ക്വാഡ്) തലവനായിരുന്നു പി വിജയൻ. തീവ്രവാദ വിരുദ്ധ സ്ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവർത്തിക്കേണ്ട സംഘമാണെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. എന്നാൽ സസ്പെൻഷന് അടിസ്ഥാനമായ കാരണങ്ങള്‍ നിഷേധിച്ച് പി വിജയൻ സർക്കാർ നോട്ടീസിന് മറുപടി നൽകിയിരുന്നു. ഇനി ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ മുഖ്യമന്ത്രി എന്ത് നടപടിയെടുക്കുമെന്നുമാണ് അറിയേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com