
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള് വീണാ വിജയൻ സി എം ആർ എല് കമ്പനിയില്നിന്ന് സ്വീകരിച്ച തുകയില് ഐ ജി എസ്ടി അടച്ചില്ലെന്ന പരാതിയില് ഇതുവരെ അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചില്ല. ആരോപണമുയര്ന്ന് മാസങ്ങള് കഴിഞ്ഞിട്ടും റിപ്പോര്ട്ട് കൈമാറാന് ഉന്നത ഉദ്യോഗസ്ഥര്ക്ക് സാധിച്ചിട്ടില്ല. റിപ്പോര്ട്ട് നീളാൻ കാരണം സാങ്കേതിക നടപടിക്രമങ്ങള് പൂര്ത്തിയാക്കുന്നതിലുള്ള കാലതാമസം ആണെന്നാണ് വിവരം.
വിഷയം അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് ധന വകുപ്പ് സെക്രട്ടറി അടക്കമുള്ളവരെ ചുമതലപ്പെടുത്തിയതായി സര്ക്കാര് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഉയര്ന്ന പരാതിയിലെ ഐ ജി എസ് ടി അന്വേഷണ റിപ്പോര്ട്ട് ലഭിച്ചാല് ജനങ്ങളെ അറിയിക്കുമെന്ന് ധനമന്ത്രി കെ എന് ബാലഗോപാല് പറഞ്ഞതുമാണ്.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സി എം ആർ എല്ലില്നിന്നു ലഭിച്ച 1.72 കോടിയ്ക്ക് ഐജിഎസ്ടി അടച്ചില്ലെന്നാണ് മാത്യു കുഴല്നാടന് എം എൽ എ ആരോപിച്ചത്. ഇതു സംബന്ധിച്ച് അദ്ദേഹം പരാതിയും നല്കിയിരുന്നു. വീണാ വിജയൻ 45 ലക്ഷം രൂപയുടെ നികുതി അടച്ചിട്ടുണ്ടെന്ന് ചില രേഖകള് പറയുന്നുണ്ട്. ബാക്കി തുകയുടെ ഐ ജി എസ്ടി അടച്ചിട്ടുണ്ടോ എന്ന കാര്യത്തിലാണ് അന്വേഷണത്തിൽ വ്യക്തത വരേണ്ടത്.