
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാ ഫലമാണ് ലഭിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളോടെ വിദ്യാർത്ഥിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പനിയും ദേഹ വേദനയും വന്നതിനെ തുടർന്നാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
നിപ ലക്ഷണങ്ങളോടെ രണ്ടുപേരെയാണ് തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കാട്ടാക്കട സ്വദേശിയായ 72കാരിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ബന്ധുക്കൾ കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയിൽ നിന്ന് കോഴിക്കോട് വഴിയാണ് മകളും പേരക്കുട്ടിയും തിരുവനന്തപുരത്തേക്ക് എത്തിയത്. മൂന്നു പേർക്കും പനിയും ജലദോഷവും പിടിപെട്ടിരുന്നു.
അതേസമയം നിപയിൽ കോഴിക്കോടിന് ആശ്വാസമാണ്. ജില്ലയിൽ ശനിയാഴ്ച പുതിയ പോസിറ്റിവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ നാല് പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗബാധിതരുമായി ബന്ധമുണ്ടായിരുന്ന അഞ്ച് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുളള മകൻ വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ആരോഗ്യ പ്രവർത്തകനടക്കം മറ്റ് രോഗികളുടെ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.