
അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. സി ആര് ഓമനക്കുട്ടനെ അനുസ്മരിച്ച് നടൻ സലീം കുമാർ. 'എന്റെ പ്രിയപ്പെട്ട ഗുരുനാഥന്, സി ആര് ഓമനക്കുട്ടന് മാഷിന്, കണ്ണീര് പ്രണാമം', എന്നാണ് നടൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. മഹരാജാസ് കോളേജിലെ അധ്യാപകനായിരുന്നു സി ആര് ഓമനക്കുട്ടൻ.
ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലചിത്ര സംവിധായകന് അമല്നീരദ് മകനാണ്. നടി ജ്യോതിര്മയി മരുമകളാണ്. ശ്രീഭൂതനാഥവിലാസം നായര് ഹോട്ടല് എന്ന അദ്ദേഹത്തിന്റെ ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇരുപത് വര്ഷത്തോളം 'ദേശാഭിമാനി'യില് നടുക്കോളം എന്ന പക്തി എഴുതി. ജനശക്തി വാരികയിലും എഴുതിയിരുന്നു.
ഓമനക്കഥകള്, ഈഴവശിവനും വാരിക്കുന്തവും അഭിനവശാകുന്തളവും, ശവംതീനികള്, കാല്പാട്, പരിഭാഷകള്, ഫാദര് ഡെര്ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്മില, തണ്ണീര് തണ്ണീര് എന്നിവയാണ് പ്രധാന കൃതികള്. പെണ്ണമ്മ-രാഘവന് ദമ്പതികളുടെ മകനായി കോട്ടയത്ത് ജനിച്ചു. കൊച്ചിയിലെ വീടിന് 'തിരുനക്കര' എന്നായിരുന്നു പേര്.
കോട്ടയം നായര്സമാജം ഹൈസ്കൂള്, സിഎംഎസ് കോളേജ്, കൊല്ലം എസ്എന് കോളേജ്, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം, സിനിമാ മാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില് പത്രപ്രവര്ത്തനം. നാലുവര്ഷത്തിലേറെ കേരള സര്ക്കാരിന്റെ പബ്ളിക് റിലേഷന്സ് വകുപ്പില് പ്രവര്ത്തിച്ചു. പിന്നീട് ഗവണ്മെന്റ് കോളേജുകളില് മലയാളം ലക്ചറര്. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളേജില് അധ്യാപകനായിരുന്നു. അദ്ദേഹം 1998ലാണ് ജോലിയില് നിന്ന് വിരമിച്ചത്.