
May 21, 2025
12:20 PM
കൊച്ചി: കടമക്കുടിയില് കുടുംബം ആത്മഹത്യ ചെയ്ത കേസില് കുടുംബത്തിന്റെ ഹൃദയഭേദകമായ ആത്മഹത്യകുറിപ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. മരിച്ച ദമ്പതികളായ നിജോയും ശില്പ്പയും ചേര്ന്നാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ജീവിതത്തില് കടത്തിന് മേല് കടം കയറിയിരിക്കുകയാണെന്നും ആരും സഹായിച്ചില്ല, ജീവിതം മടുത്തുവെന്നും കത്തിലുണ്ട്. അമ്മ വിഷമിക്കരുത്. മരണാനന്തര ചടങ്ങുകള്ക്ക് ആരില് നിന്നും പണം വാങ്ങരുത്, അവരത് ജീവിച്ചിരുന്നപ്പോള് ചെയ്തില്ലെന്നും മരണാനന്തര ചടങ്ങുകള് നടത്തരുതെന്നും കത്തില് പറയുന്നു. കുഞ്ഞുങ്ങളെ കൊണ്ട് പോകരുതെന്നാണ് കരുതിയത്. മറ്റുള്ളവരുടെ ആട്ടും, തുപ്പും കേട്ട് അവരും ജീവിക്കേണ്ട. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി ഞങ്ങള് മാത്രമാണെന്നും കത്തില് പറയുന്നു.
''പലരോടും സഹായം ചോദിച്ചു. ഒരാള് പോലും സഹായിച്ചിട്ടില്ല. കൂട്ടുകാരും വീട്ടുകാരും ഇല്ലാഞ്ഞിട്ടല്ല. വയ്യ, ഇനിയും ഇങ്ങനെ എരിഞ്ഞുതീരാന്. വലിയ ആഗ്രങ്ങള് ഒന്നും ഉണ്ടായിരുന്നില്ല.'' എന്നും കത്തില് പറയുന്നു. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കളായ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില് കണ്ടെത്തിയത്. നിജോയും ശിൽപയും തുങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ചു എന്നാണ് പൊലീസ് നിഗമനം.
ഓണ്ലൈന് വായ്പാ ആപ്പുകളില് നിന്ന് നിരന്തരമായി ഭീഷണി ഉണ്ടായിരുന്നുവെന്നും ശില്പയുടെ മോർഫ് ചെയ്ത ചിത്രങ്ങള് പ്രചരിപ്പിച്ചുവെന്നും കുടുംബം പൊലീസില് പരാതി നല്കിയിരുന്നു. ഓണ്ലൈന് വായ്പയ്ക്ക് പുറമേ മുളന്തുരുത്തിയിലെ സര്വ്വീസ് സഹകരണ ബാങ്കില് നിന്നും വായ്പയെടുത്തതായാണ് വിവരം. തിരിച്ചടവ് മുടങ്ങിയതിനെ തുടര്ന്ന് ഇവര്ക്ക് ബാങ്ക് നോട്ടീസ് നല്കിയിരുന്നു. ഇതും കുടുംബത്തെ സമ്മര്ദത്തിലാക്കിയിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ നിഗമനം.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)