
ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ അടുത്ത വർഷം പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ. സ്ലീപ്പറിന് പുറമെ ചാർജ് കുറവുളള വന്ദേ മെട്രോകളുടെ കോച്ചുകളും കൊണ്ടുവരും. 2024 വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ച് പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി ജി മല്യ പറഞ്ഞു. ഇതിന്റെ നിർമ്മാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസാന ഘട്ടത്തിലാണെന്നും ബി ജി മല്യ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ റെയിൽ വികാസ് നിഗം ലിമിറ്റഡ്, റഷ്യയുടെ ടിഎംഎച്ച് ഗ്രൂപ്പും ചേർന്നാണ് വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്. രാജധാനിക്ക് പകരം വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. വന്ദേഭാരത് സ്ലീപ്പറിൽ 16 ബോഗികളാണ് ഉണ്ടാവുക. ഇതിൽ 11 ത്രീ ടയർ എസി കോച്ചുകളും നാല് ടു ടയർ എ എസി കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് എസിയും ഉൾപ്പെടും. നിലവിൽ വന്ദേഭാരതിന് സീറ്റർ കോച്ചുകൾ മാത്രമാണ് ഉള്ളത്. ഇതുമൂലം വന്ദേഭാരത് ഉപയോഗിച്ച് രാത്രി യാത്രകൾ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
നിലവിൽ വന്ദേഭാരത് എക്സ്പ്രസുകൾ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരമായിട്ട് ആണ് ദീർഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറക്കാൻ തീരുമാനിച്ചത്. ഒക്ടോബർ 31ന് മുമ്പ് വന്ദേ മെട്രോ തയ്യാറാവും. 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിൽ ഉണ്ടാകുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകൾ വരിക എന്നാണ് റിപ്പോർട്ട്. ചെറു യാത്രകൾക്കാണ് വന്ദേ മെട്രോ ഉപയോഗിക്കുക.