
തിരുവനന്തപുരം: കെ ബി ഗണേഷ് കുമാർ വിഷയം കോൺഗ്രസിനകത്തുള്ള വൈരുദ്ധ്യങ്ങളുടെ പ്രശ്നമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അവർ ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തുകയാണ്. പ്രതിപക്ഷത്തിന് കേരള രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിലേത് പോക്കണംകെട്ട പ്രതിപക്ഷമാണെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രിസഭാ പുന:സംഘടന, മന്ത്രിമാരുടെ മാറ്റം തുടങ്ങിയ വിഷയങ്ങളിലെ വാർത്തകൾ അദ്ദേഹം നിഷേധിച്ചു. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് മന്ത്രിസഭ രൂപീകരിച്ചത്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നു എന്ന വാദം തെറ്റാണ്. എല്ലാ വിഭാഗത്തെയും പരിഗണിക്കുമെന്നും ഇ പി ജയരാജൻ അറിയിച്ചു. കെ ബി ഗണേഷ് കുമാറിന് അനുകൂലമായും എൽഡിഎഫ് കൺവീനർ നിലപാട് സ്വീകരിച്ചു. കെ ബി ഗണേഷ് കുമാറിൻ്റെ പേരിൽ ഉയരുന്ന സ്വത്ത് തർക്കം കുടുംബ പ്രശ്നമാണെന്നും അത് രാഷ്ട്രീയം അല്ലെന്നുമായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം. മറ്റു എംഎൽഎമാർക്ക് ആർക്കും കുടുംബ പ്രശ്നം ഇല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് രാജ് ഭവന് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 21 നാണ് സമരം. സാമ്പത്തിക മേഖലയിൽ കേരളത്തിന് അർഹതപ്പെട്ട സഹായം നൽകാത്ത സാഹചര്യമാണുള്ളത്. കേരളത്തിന്റെ വികസനം മുരടിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
വന്ദേഭാരത് ട്രെയിനിനെയും ഇപി പ്രശംസിച്ചു. ഇന്റിഗോ വിലക്കിയെങ്കിലും വന്ദേഭാരത് ആശ്വാസമായെന്നും സിൽവർ ലൈനിന്റെ പ്രസക്തി ഇതോടെ കൂടിയെന്നും സിൽവർ ലൈനിനെതിരെ നടന്നവർ ഇപ്പോ ആ കുറ്റിയും പറിച്ച് വന്ദേഭാരതിൽ കയറുകയാണെന്നും അദ്ദേഹം പറഞ്ഞു.