
ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ മാത്യു കുഴല്നാടന്റെ റിസോര്ട്ടിന് ലൈസന്സ് പുതുക്കി നല്കി ചിന്നക്കനാല് ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ഏഴാം തീയിതിയാണ് ഹോംസ്റ്റേ എന്ന രീതിയില് ലൈസന്സ് പുതുക്കി നല്കിയിരിക്കുന്നത്. വരുന്ന ഡിസംബര് 31 വരെയാണ് പുതുക്കി നല്കിയിരിക്കുന്ന പഞ്ചായത്ത് ലൈസന്സിന്റെ കാലാവധി. നിയമപരമായിട്ടാണ് ലൈസന്സ് പുതുക്കി നല്കിയതെന്ന വിശദീകരണമാണ് പഞ്ചായത്ത് അധികൃതര് നല്കുന്നത്.
റിസോര്ട്ടിന് പൊലൂഷനും പൊലീസ് ക്ലീയറന്സ് സര്ട്ടിഫിക്കറ്റുമുള്ളതിനാൽ ലൈസൻസ് പുതുക്കി നൽകുന്നതിന് തടസ്സമില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. നിലവിലുള്ള പൊലൂഷന് കാലാവധി ഡിസംബറിലാണ് അവസാനിക്കുക. അതുവരെ മാത്രമാണ് ലൈസന്സ് പുതുക്കി നല്കിയതെന്നും ചിന്നക്കനാല് പഞ്ചായത്ത് സെക്രട്ടറി ഉണ്ണിത്താന് റിപ്പോര്ട്ടറോട് പറഞ്ഞു. അതിനിടെ ചിന്നക്കനാൽ പഞ്ചായത്തിൽ കോണ്ഗ്രസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ കഴിഞ്ഞ ദിവസം ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. ഭരണം നഷ്ടമാകുമെന്ന് ഉറപ്പായിരുന്ന സാഹചര്യത്തില് അധികാരത്തില് നിന്നും ഒഴിയുന്നതിന് മുമ്പ് കുഴല്നാടന്റെ സ്വാധീനത്തില് കോണ്ഗ്രസ് നേതൃത്വം ഇടപെട്ടാണ് ലൈസന്സ് പുതുക്കി നല്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
എം എല് എയുടെ റിസോര്ട്ടിന്റെ ഭാഗമായ കെട്ടിടങ്ങള്ക്ക് എന് ഓ സി നല്കാന് റവന്യൂ വകുപ്പിൻ്റെ ഭാഗത്തു നിന്ന് ക്രമവിരുദ്ധ ഇടപെടലുണ്ടായെന്നായിരുന്നു വിവാദം. ഇതിനുപിന്നാലെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കിനൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു.