അനധികൃത സ്വത്ത് സമ്പാദന കേസ്: കെ സുധാകരൻ ചോദ്യം ചെയ്യലിനായി വിജിലൻസിന് മുമ്പിൽ ഹാജരായി

സുധാകരൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ സുധാകരൻ ചോദ്യം ചെയ്യലിനായി വിജിലൻസിന് മുമ്പിൽ ഹാജരായി

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ കോഴിക്കോട് വിജിലൻസിന് മുന്നിൽ ഹാജരായി. സുധാകരൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം.

ചിറക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍വേണ്ടി വിദേശത്തുനിന്നടക്കം 16 കോടിയോളം രൂപ സുധാകരന്‍ പിരിച്ചിരുന്നു. ഇതിൽ വലിയ തോതിൽ തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ പ്രശാന്ത് ബാബു പറഞ്ഞിരുന്നു. നേരത്തെ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടീസ് അയച്ചിരുന്നു. കണ്ണൂർ കാടാച്ചിറ ഹൈസ്കൂൾ പ്രധാന അധ്യാപകനാണ് വിജിലൻസ് നോട്ടീസയച്ചത്.

വിജിലന്‍സ് കേസ് നല്‍കിയതിന് ശേഷം കെ സുധാകരനെതിരെ പ്രശാന്ത് ബാബു ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. വനംമന്ത്രിയായിരുന്നപ്പോള്‍ സുധാകരന്‍ ചന്ദനതൈലം കടത്തിയെന്നും എ കെ ആന്റണിയോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നുമായിരുന്നു പ്രശാന്ത് ബാബുവിന്റെ ആരോപണം. കണ്ണൂര്‍ നഗരസഭ ഭരണം ഉപയോഗിച്ച് വന്‍ തട്ടിപ്പിന് സുധാകരന്‍ ശ്രമിച്ചതായും പ്രശാന്ത് ബാബു ആരോപിച്ചിരുന്നു. വിജിലന്‍സ് കേസ് പിന്‍വലിക്കാന്‍ ഇടനിലക്കാരന്‍ വഴി സുധാകരന്‍ 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തതായും പ്രശാന്ത് ബാബു പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com