
കോഴിക്കോട്: ജില്ലയിൽ നിപ രോഗ ബാധ സ്ഥിരീകരിച്ചതോടെ കണ്ടെയിൻമെൻ്റ് മേഖലയിൽ ഉൾപ്പെട്ട കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
കണ്ടെയിന്മെന്റ് സോണില് ഉള്പ്പെട്ട മുഴുവന് സ്കൂളുകളിലേയും വിദ്യാര്ഥികള്ക്ക് വീട്ടിലിരുന്ന് അറ്റന്ഡ് ചെയ്യാവുന്ന തരത്തില് ഓണ്ലൈന് ക്ലാസുകള് സംഘടിപ്പിക്കാന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര് ഷാനവാസ് എസിന് നിര്ദേശം നല്കിയിരുന്നു. സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്മെന്റ് സോണില് ഉള്പ്പെട്ടവരുടെ പരീക്ഷകള് പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം ആയഞ്ചേരിയിലും മരുതോങ്കരയിലും നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ അഞ്ചിനാണ് ആയഞ്ചേരി സ്വദേശിക്ക് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. അന്ന് ഒരു ബന്ധുവിന്റെ വീട്ടിലും സെപ്റ്റംബർ ആറിന് മറ്റൊരു ബന്ധുവിന്റെ വീട്ടിലും സന്ദർശിച്ചു. ഏഴിന് മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി. അതേ ദിവസം റൂബിയൻ മാർക്കറ്റ് സന്ദർശിച്ചു. രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതോടെ എട്ടാം തീയതി ആയഞ്ചേരിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തി. ആരോഗ്യ കേന്ദ്രത്തിൽ പോയ അതേ ദിവസം തന്നെ ഇഖ്റ ആശുപത്രിയിലേക്കും പോയിട്ടുണ്ട്. അന്നുതന്നെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില് തട്ടാങ്കോട് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് കയറി. സെപ്റ്റംബർ ഒമ്പതിന് രാവിലെ പത്തിനും 12നും ഇടയിൽ വില്യാപ്പളളിയിലെ ആരോഗ്യകേന്ദ്രത്തിൽ പോയി. സെപ്റ്റംബർ പത്തിന് രാവിലെ 10.30നും 11നും ഇടയില് വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയിലെ ആരോഗ്യകേന്ദ്രത്തിലേക്കും അന്ന് പോയി. സെപ്റ്റംബർ 11ന് രാവിലെ ഡോക്ടർ ജ്യോതികുമാറിന്റെ ക്ലിനിക്കിലെത്തി. അന്ന് തന്നെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വടകര കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി. അവിടെ നിന്ന് ആണ് മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഓഗസ്റ്റ് 22 നാണ് മരുതോങ്കര സ്വദേശിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതെന്ന് റൂട്ട് മാപ്പിൽ പറയുന്നു. ശേഷം ഓഗസ്റ്റ് 23ന് തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 25ന് മുള്ളൻകുന്ന് ബാങ്കിലും കള്ളാട് ജുമാമസ്ജിദിലും എത്തി. ഓഗസ്റ്റ് 26ന് ക്ലിനിക്കിൽ എത്തി ഡോക്ടറെ കണ്ടു. ഓഗസ്റ്റ് 28ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 30ന് മരണം സംഭവിക്കുകയായിരുന്നു.
പരിശോധനയ്ക്കയച്ച അഞ്ച് സാമ്പിളുകളിൽ മൂന്ന് പേരുടെ സാമ്പിളുകൾ നിപ പോസിറ്റീവാണ്. ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്കും മരിച്ച മംഗലാട് സ്വദേശിക്കുമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുകാരന് മകനും 24 വയസ്സുള്ള ഭാര്യാ സഹോദരനുമാണ് നിലവില് നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ള രണ്ട് പേർ. മരിച്ചയാളുടെ നാലുവയസുള്ള മകന്റെയും ഭാര്യാ സഹോദരന്റെ 10 മാസം പ്രായമുള്ള കുഞ്ഞിന്റെയും പരിശോധനാഫലം നെഗറ്റീവാണ്. നിലവില് ഏഴ് പേരാണ് ചികിത്സയിലുള്ളത്.