'എടോ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ലേ, വിപ്ലവ പാര്‍ട്ടിയല്ലേ'; ഗ്രോവാസു കേസില്‍ വി ഡി സതീശന്‍

തൊപ്പിവെച്ച് ഗ്രോവാസുവിന്റെ മുഖം മറച്ചു. ഇതാണോ പൊലീസിന്റെ ജോലി
'എടോ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ലേ, വിപ്ലവ പാര്‍ട്ടിയല്ലേ'; ഗ്രോവാസു കേസില്‍ വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന്റെ ഇരട്ട നീതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടതി വരാന്തയില്‍ മുദ്രവാക്യം വിളിച്ച ഗ്രോ വാസുവിന്റെ വായ മൂടിയ സംഭവം ചൂണ്ടികാട്ടിയാണ് വിമര്‍ശനം.

'94 വയസ്സുകാരനായ ഗ്രോ വാസുവിനെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ മുദ്രാവാക്യം വിളിച്ചതിന് വാ പൊത്തിപ്പിടിക്കുന്നു. എടോ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ലേ. മുദ്രാവാക്യം വിളിച്ച് വന്നവരല്ലേ. വിപ്ലവ പാര്‍ട്ടിയല്ലേ. 94 കാരന്‍ പതിഞ്ഞ ശബ്ദത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വായ പൊത്തിപ്പിടിച്ചു നിങ്ങളുടെ പൊലീസ്. തൊപ്പിവെച്ച് ഗ്രോവാസുവിന്റെ മുഖം മറച്ചു. ഇതാണോ പൊലീസിന്റെ ജോലി.' എന്ന് വി ഡി സതീശന്‍ ചോദിച്ചു.

തുടര്‍ന്ന് ഭരണപക്ഷം ബഹളം വെച്ച് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തി. ബഹളം നിര്‍ത്താതെ സംസാരിക്കില്ലെന്ന് പ്രതിപക്ഷ നേതാവും തീരുമാനിച്ചു. പിന്നാലെ ഭരണപക്ഷത്തെ നോക്കി സ്പീക്കര്‍ ക്ഷുഭിതനായി. ബഹളം നിര്‍ത്തിയ ശേഷമാണ് വി ഡി സതീശന്‍ സംസാരിച്ചത്.

'എന്നെ ഭീഷണിപ്പെടുത്തി തിരുത്താമെന്ന് കരുതേണ്ട. 99 പേര്‍ എഴുന്നേറ്റ് നിന്നാലും എന്നെ ഇരുത്താമെന്ന് വിചാരിക്കേണ്ട. ഭീഷണിപ്പെടുത്തി ഇരുത്താമെന്ന് നോക്കേണ്ട'യെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരും പൊലീസും ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. പുറത്തിറങ്ങാന്‍ പോലും ആളുകള്‍ക്ക് ഭയമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പോക്‌സോ കേസില്‍ ഇടപെട്ട എംഎല്‍എയെ സംഘടനാപരമായി തരംതാഴ്ത്തി. എന്നിട്ടും കേസ് എടുത്തോയെന്നും വി ഡി സതീശന്‍ ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും സഭ വിട്ടിറങ്ങുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com