'വടകരയിൽ കെ മുരളീധരൻ മതി'; ആവശ്യവുമായി യുഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി

'ഭാവിയിൽ വടകരയിൽ ആര് സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കും'

dot image

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ മുരളീധരൻ തന്നെ മത്സരിക്കണമെന്ന് യുഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന നേതൃയോഗത്തിലാണ് ആവശ്യം. വോട്ടുകൾ കൂട്ടിച്ചേർക്കുന്ന ജോലികൾ പഞ്ചായത്ത് തലത്തിലും ബൂത്ത് തലത്തിലും ഈ മാസം 20ന് മുമ്പ് പൂർത്തീകരിക്കുവാനും യോഗത്തിൽ തീരുമാനമായി. യോഗം യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തത്.

അടുത്ത തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് നേരത്തെ കെ മുരളീധരൻ പറഞ്ഞിരുന്നു. ലോക് സഭയിലേക്ക് മത്സരിക്കാനില്ലെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. തീരുമാനം വ്യക്തിപരമാണെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. കരുണാകരൻ സ്മാരക നിർമ്മാണത്തിന് വേണ്ടി തനിക്ക് സമയം വേണം. അതിനാലാണ് വിട്ടു നിൽക്കുന്നത്. ഭാവിയിൽ വടകരയിൽ ആര് സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കും. വടകര മണ്ഡലത്തിൽ യുഡിഎഫിന്റെ ഭാവി സ്ഥാനാർത്ഥിക്ക് വേണ്ടി മുന്നൊരുക്കങ്ങൾ താൻ നടത്തുന്നുണ്ടെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.

പാർട്ടിയുടെ നേതാക്കൻമാർ പറയുന്നതിന് താൻ മറുപടി പറയില്ല. ഒരു കാര്യം ഉറപ്പാണ്, പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒരു പ്രവർത്തിയും തന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. അത് ഭാവിയിലും അങ്ങനെ തന്നെയാണ്. രാഹുൽ ഗാന്ധിയാണ് തന്റെ നേതാവ്. അതിൽ മാറ്റമില്ല. നിയമസഭയിലേക്ക് സോഫ്റ്റ് ലാന്റിങ്ങോ ക്രാഷ് ലാന്റിങ്ങോ ഇല്ല. നിയമസഭയിലേയ്ക്ക് മത്സരിക്കുമോ എന്ന് പിന്നീട് അറിയിക്കാമെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.

അതേസമയം കോണ്ഗ്രസ് പ്രവര്ത്തക സമിതി രൂപീകരണത്തില് അതൃപ്തി കെ മുരളീധരന് വീണ്ടും പ്രകടിപ്പിച്ചു. പരാതികളില്ലായെന്ന് പറയുന്നില്ല. എന്നാല് സ്ഥിരം പരാതിക്കാരനാകാനില്ല. ഇനി പരാതി പറയുന്നില്ലെന്നും കെ മുരളീധരന് കോഴിക്കോട് പറഞ്ഞു.

dot image
To advertise here,contact us
dot image