സോളാർ കേസ്: സർക്കാരും സിപിഐഎമ്മും അറിയാതെ ഗൂഢാലോചന നടക്കില്ലെന്ന് ചെന്നിത്തല

സോളാർ കേസ്: സർക്കാരും സിപിഐഎമ്മും അറിയാതെ ഗൂഢാലോചന നടക്കില്ലെന്ന് ചെന്നിത്തല

മല്ലേൽ ശ്രീധരൻ നായർ കെപിസിസി അംഗം എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആ കാലയളവിൽ താൻ ആണ് കെപിസിസി പ്രസിഡന്റെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സോളാർ കേസെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരും സിപിഐഎമ്മും അറിയാതെ ഇത്തരം ഗൂഢാലോചന നടക്കില്ല. സമഗ്ര അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു. മല്ലേൽ ശ്രീധരൻ നായർ കെപിസിസി അംഗം എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആ കാലയളവിൽ താൻ ആണ് കെപിസിസി പ്രസിഡന്റ്‌. ഇത്തരം പ്രചരണങ്ങൾ വസ്തുതയ്ക്കു നിരക്കാത്തതാണെന്നും ചെന്നിത്തല പറഞ്ഞു.

സോളാർ തട്ടിപ്പിലെ 33 കേസുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ വ്യവസായി മല്ലേൽ ശ്രീധരൻ നായർ നൽകിയ പരാതിയിലെടുത്ത കേസ് വലിയ വിവാദമായിരുന്നു. ഉമ്മൻചാണ്ടിയുടെ ഉറപ്പിൽ സോളാർ പാടത്തിനായി സരിതക്ക് 40 ലക്ഷം കൊടുത്തുവെന്നായിരുന്നു ശ്രീധരൻ നായരുടെ പരാതി. സരിതയ്ക്കൊപ്പം സെക്രട്ടേറിയറ്റിൽ ചെന്ന് ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നുവെന്നും ശ്രീധരൻ നായർ മൊഴി നൽകിയിരുന്നു. ഈ കേസിലാണ് ഉമ്മൻ ചാണ്ടിയുടെ പി എ ആയിരുന്ന ടെനി ജോപ്പനെ അറസ്റ്റ് ചെയ്തത്.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നതിൽ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് കേരളത്തിന് അറിയാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണപക്ഷവും അത് അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഗ്നിശുദ്ധി വരുത്തിയാണ് ഉമ്മൻ ചാണ്ടി വിട പറഞ്ഞതെന്നാണ് ഷാഫി പറമ്പിൽ പ്രതികരിച്ചത്.

ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്നത് അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം വേണമെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമപരമായി സ്വീകരിക്കേണ്ട നടപടി എന്താണെന്ന് നോക്കാം. അതിന് പ്രയാസമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ എല്‍ഡിഎഫ് സര്‍ക്കാരോ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ അല്ല. ആ കേസിന്റെ തുടക്കം മുതല്‍ അഭിനയിക്കുന്നവര്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് അന്നും ഇന്നും നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com