കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ ഇന്ന് ഇ ഡിക്ക് മുമ്പിൽ ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ ഇന്ന് ഇ ഡിക്ക് മുമ്പിൽ ഹാജരാകും

രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മൊയ്തീന്‍ വിട്ടുനിന്നിരുന്നു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ സി മൊയ്തീൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് മുമ്പ് രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യമുണ്ടെന്നറിയിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 22 നാണ് എ സി മൊയ്തീന്റെയും നാല് ബെനാമികളുടേയും വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയത്. അന്ന് 15 കോടി രൂപ വില വരുന്ന 36 വസ്തുവകകൾ ഇ ഡി കണ്ടുകെട്ടിയിരുന്നു. എ സി മൊയ്തീനുമായി ബന്ധമുള്ള, കേസിലെ ഇടനിലക്കാരെ പലരേയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇവരിൽ സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ന് എ സി മൊയ്തീനെ ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിന് ഇനിയും ഹാജരായില്ലെങ്കില്‍ എ സി മൊയ്തീൻ എംഎൽഎക്കെതിരെ കടുത്തനടപടിയിലേക്ക് നീങ്ങാമെന്ന് ഇ ഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മൊയ്തീന്‍ വിട്ടുനിന്നിരുന്നു. തുടര്‍ന്നാണ് 11ന് ഹാജരാകണമെന്ന് ഇ ഡി മൂന്നാം നോട്ടീസ് നല്‍കിയത്. ചോദ്യംചെയ്യലിനു ഹാജരാവാന്‍ സാക്ഷികള്‍ക്ക് നല്‍കുന്ന നോട്ടീസാണു മൊയ്തീനു നല്‍കിയിട്ടുള്ളത്. മൂന്നാം തവണയും വിട്ടുനിന്നാല്‍ പ്രതിയാകാന്‍ സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന നോട്ടീസ് അയയ്ക്കാനാണ് നിയമോപദേശം. എന്നിട്ടും ഹാജരായില്ലെങ്കില്‍ കോടതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് നിലവില്‍ ഇ ഡിയുടെ തീരുമാനം.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണ്ടെന്ന് സിപിഐഎം നേതൃത്വം എ സി മൊയ്തീന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എ സി മൊയ്തീന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി, എ സി മൊയ്തീന് നോട്ടീസ് നൽകിയത്. റെയ്ഡിനെ തുടർന്ന് എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് എസി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയത്.

കേസില്‍ ക്രമവിരുദ്ധ വായ്പകളുടെ രേഖകള്‍ കണ്ടെത്തിയതായി ഇ ഡി നേരത്തെ റിമാന്‍ഡ് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. കരുവന്നൂർ കേസിൽ പി പി കിരണിനേയും സതീഷ് കുമാറിനെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇ ഡി കേസിൻ്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. വായ്പകള്‍ വേണ്ടത്ര പരിശോധനകള്‍ നടത്താതെയെന്നും വായ്പ ഇതര അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും കണ്ടെത്തലുണ്ട്.

വായ്പക്കാരന്‍ ആരെന്ന് അറിയാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ ഉള്ളതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് വായ്പ നല്‍കി. അതും ഒരേ രേഖകളില്‍ ഒന്നിലധികം വായ്പ നല്‍കി. പി പി കിരണ്‍ അംഗത്വം നേടിയത് ബാങ്ക് ബൈലോ മറികടന്നാണ്. പി സതീഷ് കുമാര്‍ അനധികൃത പണമിടപാട് നടത്തി. കുറ്റകൃത്യത്തില്‍ ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ കണ്ടെത്തലുകളുണ്ട്. പി പി കിരണ്‍ 48.57 കോടി രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇ ഡി വ്യക്തമാക്കിയിരുന്നു. പി പി കിരണിനേയും സതീഷ് കുമാറിനേയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്റെയും ബിനാമികളെന്ന് ആരോപിക്കുന്നവരുടെയും വീട്ടില്‍ കഴിഞ്ഞ മാസം 22 നാണ് ഇ ഡി റെയ്ഡ് നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com