കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ചെന്ന് പരാതി; നടക്കാവ് എസ്‌ഐ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്

കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ചെന്ന് പരാതി; നടക്കാവ് എസ്‌ഐ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി

കോഴിക്കോട്: കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്‌ഐ വിനോദ് കുമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. കുടുംബത്തിന്റെ പരാതിയില്‍ കാക്കൂര്‍ പൊലീസാണ് കേസെടുത്തത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി. കുടുംബാംഗങ്ങളുടെ മൊഴി എടുത്തെന്നും പരാതി അന്വേഷിച്ച് വരികയാണെന്നും കാക്കൂർ പൊലീസ് അറിയിച്ചു.

അത്തോളി സ്വദേശിനി അഫ്‌ന അബ്ദുള്‍ നാഫിക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്ന് പരാതിയില്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അഫ്നയും ഭർത്താവും കുട്ടികളും ഉൾപ്പടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. കാക്കൂർ കൊളത്തൂരിൽ വച്ച് എതിരെ വന്ന കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളുമായാണ് വാക്കേറ്റമുണ്ടായത്. അഫ്ന പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ യുവാക്കൾ മറ്റ് രണ്ട് പേരെ വിളിച്ചു വരുത്തി. യുവാക്കൾ വിളിച്ചതു പ്രകാരം ബൈക്കിലെത്തിയ നടക്കാവ് എസ് ഐ വിനോദ് കുമാറും സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.

പൊലീസ് അടിവയറ്റില്‍ തൊഴിച്ചെന്ന് അഫ്‌ന പറഞ്ഞിരുന്നു. വലതു കൈയ്യില്‍ കടിച്ചു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് അക്രമി സംഘം കാറില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ടു. കാറിലെത്തിയ സംഘം വിളിച്ചതു പ്രകാരമാണ് എസ്‌ഐ ബൈക്കിലെത്തി മര്‍ദ്ദിച്ചതെന്ന് അഫ്‌ന പറഞ്ഞു. പൊലീസുകാര്‍ മദ്യപിച്ചിരുന്നതായും അഫ്‌ന ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com