
കോഴിക്കോട്: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി പറയുന്ന മുൻ എംപി പി കെ ബിജുവാണെന്ന കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ ആരോപണത്തിനെതിരെ പി കെ ബിജു രംഗത്ത്. അനിൽ അക്കരയുടെ ആക്ഷേപത്തിൽ പ്രതികരിക്കാതെ ഒളിച്ചോടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'ഇതുവരെ ഇത്തരം ആക്ഷേപം തനിക്കെതിരെ ഉയർന്നിട്ടില്ലെന്നും അനിൽ അക്കരയുടെ ആക്ഷേപം അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും പികെ ബിജു പ്രതികരിച്ചു.
കരുവന്നൂർ പ്രതികളുമായി ഒരു ബന്ധവുമില്ല. തെളിവുകൾ ഉണ്ടെങ്കിൽ അനിൽ അക്കര പുറത്ത് വിടണം. നട്ടാൽ കുരുക്കാത്ത നുണപ്രചരണം നടത്തുകയാണ്. വാടക വീടുകളിലാണ് ഞാൻ ഇതുവരെ താമസിച്ചത്', ബിജു വ്യക്തമാക്കി. വാടക വീട്ടിൽ താമസിക്കുമ്പോൾ തൻ്റെ തന്നെ അക്കൗണ്ടിൽ നിന്നാണ് വാടക നൽകിയത്. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആക്ഷേപമെന്നും അനിൽ അക്കര വ്യക്തിഹത്യ നടത്തുകയാണെന്നും പികെ ബിജു പ്രതികരിച്ചു. ആദ്യമായിട്ടല്ല വ്യക്തിഹത്യയും ആക്ഷേപവും നടത്തുന്നത്.
ആരോപണം പുകമറയിൽ നിർത്തരുത്. തെളിവുകൾ ഉണ്ടെങ്കിൽ മാധ്യമങ്ങളിലൂടെ പുറത്ത് വിടണമെന്നും രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡിയിൽ നിന്ന് പികെ ബിജുവിൻ്റെ പേര് അനിൽ അക്കരയ്ക്ക് കിട്ടിയോയെന്നും ബിജു ചോദിച്ചു. കരുവന്നൂരിൽ പാർട്ടി പ്രത്യേക കമ്മീഷനെ നിയമിച്ചിട്ടില്ല. കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഒരു ഘട്ടത്തിലും താൻ ബന്ധപ്പെട്ടിട്ടില്ല. ഒരു മെൻ്റർമാരും തന്നെ സഹായിക്കാൻ ഉണ്ടായിരുന്നില്ലെന്നും ബിജു പറഞ്ഞു.