


 
            തെഹ്റാന്: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന് ഇസ്മായില് ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനില് വെച്ച് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന് സൈന്യവും ഹമാസും അറിയിച്ചു. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കാന് എത്തിയതായിരുന്നു അദ്ദേഹം. ഖത്തര് കേന്ദ്രീകരിച്ച് ഹമാസ് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിരുന്ന ഹനിയ്യ അവിടെ നിന്നാണ് ഇറാനിലെത്തിയത്.
ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് അംഗരക്ഷകന് കൊല്ലപ്പെട്ടത്.
ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില് ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു. സംഭവത്തില് ഇസ്രയേല് ഇത് വരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രയേല് ഗസ്സയില് നടത്തിയ ആക്രമണത്തില് ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
 
                        
                        