മാനസിക പ്രശ്‌നങ്ങളുണ്ട്, ചികിത്സിച്ചാല്‍ ഭേദമാകില്ല; ജീവിതം ദുരിതം, ദയാവധത്തിനൊരുങ്ങി 28കാരി

വിഷാദം, ഓട്ടിസം, ബോർഡർലൈൻ വ്യക്തിത്വ വൈകല്യം എന്നീ അവസ്ഥകളോട് പോരടിച്ചുകൊണ്ടിരിക്കുകയാണ് യുവതി
മാനസിക പ്രശ്‌നങ്ങളുണ്ട്,  ചികിത്സിച്ചാല്‍ ഭേദമാകില്ല; ജീവിതം ദുരിതം, ദയാവധത്തിനൊരുങ്ങി 28കാരി

ഡച്ച്: മാനസികരോ​ഗ്യ പ്രശ്നങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന യുവതി ദയാവധം സ്വീകരിക്കുകയാണെന്ന് റിപ്പോർട്ട്. മെയ് മാസത്തില്‍ ദയാവധത്തിന് വിധേയയാകുമെന്നാണ് വിവരം. ഡച്ചുകാരിയായ സൊറയ ടെർ ബീക്ക് (28) എന്ന യുവതിയാണ് ദയാവധം സ്വീകരിക്കുന്നത്. വിഷാദം, ഓട്ടിസം, ബോർഡർലൈൻ വ്യക്തിത്വ വൈകല്യം എന്നീ അവസ്ഥകളോട് പോരടിച്ചുകൊണ്ടിരിക്കുകയാണ് യുവതി.

സ്നേഹിക്കാൻ കാമുകനും വളർത്തുമൃ​ഗങ്ങളും ടെർബീക്കിനുണ്ട്. എന്നാൽ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിച്ച് മാറ്റാൻ കഴിയുന്നില്ലെന്ന തോന്നലുണ്ടായി. ടെർബീക്കിൻ്റെ മാനസിക പ്രശ്നങ്ങൾ പൂര്‍ണമായി മാറ്റാന്‍ കൂടുതൽ ചികിത്സാ മാർഗങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി ദയാവധത്തിന് അപേക്ഷിച്ചത്.

ടെർ ബീക്കിൻ്റെ വീട്ടിലാണ് ദയാവധത്തിന്റെ നടപടിക്രമങ്ങൾ നടക്കുക. ആദ്യം ഡോക്ടർ മയക്കുമരുന്ന് നൽകും, തുടർന്ന് ടെർബീക്കിന്റെ ഹൃദയം നിർത്താനുള്ള മരുന്ന് നൽകും. ആ സമയം അവരുടെ കാമുകൻ ‌അരികിലുണ്ടാകും. മരണശേഷം മൃതദേഹം അവളഉടെ ആഗ്രഹപ്രകാരം സംസ്കരിക്കുകയും ചിതാഭസ്മം ഒരു വനമേഖലയിൽ വിതറുകയും ചെയ്യും.

ടെർ ബീക്കിൻ്റെ ദയാവധം ​ഗൗരവമേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ദയാവധം നിയമവിധേയമായ നെതർലാൻഡിൽ ഈ പ്രവണത വർധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാനസിക പ്രശ്നങ്ങൾ സഹിക്കാനാകാതെ വരുന്നതോടെ ദയാവധം സ്വീകരിക്കാന്‍ തയ്യാറാവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

മാനസികാരോഗ്യ പ്രശ്‌നങ്ങളെ നേരിടാനുള്ള ഒരു എളുപ്പമാര്‍ഗമായി ആളുകള്‍ ദയാവധത്തെ കാണുന്നെന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാ വ്യതിയാനം, സോഷ്യൽ മീഡിയ ഉപയോഗം, മറ്റ് പ്രശ്‌നങ്ങൾ എന്നിവയാൽ വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ളവ ആളുകള്‍ക്കിടയില്‍ കൂടുകയാണ്. ഇത്തരം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കൂടുതൽ ആളുകളും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെന്നാണ് ദി ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദയാവധം എന്നത് അവസാന ആശ്രയമായാണ് ആളുകള്‍ കരുതുന്നത്. ഫിസിഷ്യൻമാരും സൈക്യാട്രിസ്റ്റുകളും അവസാന പോംവഴിയായി ദയാവധത്തെ നിര്‍ദേശിക്കുകയാണെന്ന് പ്രശസ്ത ആരോഗ്യ വിദഗ്ധനായ സ്റ്റെഫ് ഗ്രോനെവുഡ് അഭിപ്രായപ്പെട്ടതായി ഔട്ട്ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . മാനസിക പ്രശ്നങ്ങള്‍ ഉള്ള ആളുകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ കൂടുതൽ ചികിത്സകൾ നൽകി ശുശ്രൂഷിക്കാനാകുമോ എന്ന് നോക്കുന്നതിനു പകരം ദയാവധത്തിലേക്ക് തള്ളിവിടുകയാണ് ആരോഗ്യ വിദഗ്ധരെന്നും അദ്ദേഹം വിമര്‍ശിച്ചു.

2001ലാണ് ദയാവധം നെതർലൻഡില്‍ നിയമവിധേയമാക്കിയത്. അതിനുശേഷം ദയാവധങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുവരികയാണ്. 2022ൽ ​രാജ്യത്ത് മരിച്ചവരില്‍ അഞ്ച് ശതമാനവും ദയാവധത്തിന് വിധേയമായി ജീവിതം അവസാനിപ്പിച്ചവരായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com