
ഇന്ന് അന്താരാഷ്ട്ര ഓസോൺ ദിനം. ഓസോൺപാളിയുടെ സംരക്ഷണത്തിനായുള്ള ദിനമായാണ് അന്താരാഷ്ട്ര തലത്തിൽ സെപ്റ്റംബർ 16 ആചരിക്കപ്പെടുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഏറെ പ്രധാനപ്പെട്ടതാണ് ഓസോൺ പാളിയുടെ സംരക്ഷണം. സൂര്യപ്രകാശം ഇല്ലാതെ ഭൂമിയിൽ ജീവൻ സാധ്യമല്ല എന്നത് യാഥാർഥ്യമാണ്. പക്ഷേ സൂര്യനിൽ നിന്നും വരുന്ന മുഴുവൻ ഊർജ്ജവും ഒരു തടസവും കൂടാതെ ഭൂമിയിൽ പതിച്ചാൽ അത് ജീവജാലങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. ഇവിടെയാണ് ഓസോൺ പാളികൾ നിർണ്ണായകമാകുന്നത്.
അവ സൂര്യനിൽ നിന്നും വരുന്ന അൾട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അതിനാൽ തന്നെ ഈ ഓസോൺ പാളികളെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന് ഏറെ പ്രധാനമാണ്.
1970 കളിലാണ് ഓസോൺ പാളികൾക്ക് വിള്ളലേൽക്കുന്ന പ്രതിഭാസം ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. ഇതിലേക്ക് നയിക്കുന്നത് മനുഷ്യ പ്രവർത്തനങ്ങൾ ആണെന്നും ബോധ്യമായി. മനുഷ്യർ ഉപയോഗിക്കുന്ന എ സി, റെഫ്രിജറേറ്റർ പോലുള്ളവ പുറത്ത് വിടുന്ന വാതകങ്ങൾ ഇത്തരത്തിൽ ഓസോൺ പാളികളെ പരിക്കേൽപ്പിക്കാൻ പോന്നവയാണ്. ഇത് മൂലം മനുഷ്യരിൽ സ്കിൻ ക്യാൻസർ, തിമിരം, മറ്റ് ത്വക്ക് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും, സസ്യങ്ങളും കൃഷി വിളകളും നശിക്കാനും സാധ്യതയുമുണ്ട്.
1985 ലെ വിയന്ന കൺവെൻഷൻ ഓസോൺ പാളികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിച്ചുകൊണ്ടായിരുന്നു. 1987 സെപ്റ്റംബർ 16 ന് മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നു. ഇതിന്റെ ഓർമ്മയ്ക്കാണ് ലോകം ഈ ദിവസം ഓസോൺ ദിനം ആചരിക്കുന്നത്. 1994 ൽ ഐക്യരാഷ്ട്ര സഭ പ്രമേയം പാസ് ആക്കിയത് മുതലാണ് ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. ഓസോൺ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഉയർത്തിപ്പിച്ചുകൊണ്ട് നമുക്കും ഈ ദൗത്യത്തിന്റെ ഭാഗമാകാം.