ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ് വാഹനം; പ്രതിഷേധം ശക്തം

മരിച്ചത് സാധാരണക്കാരിയാണെന്നും പൊലീസ് പറയുന്നതായി വീഡിയോയിലുണ്ട്
ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ് വാഹനം; പ്രതിഷേധം ശക്തം

വാഷിങ്ടൺ: ഇന്ത്യൻ വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടിച്ചിരിച്ച യുഎസ് പൊലീസ് ഉദ്യോ​ഗസ്ഥന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ ജാഹ്നവി കണ്ടൂല എന്ന വിദ്യാർത്ഥിനിയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. സംഭവത്തിൽ നിയമനിർമ്മാതാക്കളും ഇന്ത്യൻ-അമേരിക്കൻ പൗരന്മാരും പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണത്തിൽ യുഎസ് ഭരണകൂടം വേഗത്തിലുള്ളതും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് യുഎസ് ഭരണകൂടം അറിയിച്ചു.

സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അപലപിച്ചിരുന്നു. ആശങ്ക ഉന്നയിച്ച ഇന്ത്യൻ കോൺസുലേറ്റ്, സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ജനുവരി 23 ന് ആണ് സിയാറ്റിനിൽ പൊലീസിന്റെ വാഹനം ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചത്. വിദ്യാർത്ഥിനിയെ വാഹനമിടിച്ച ശേഷം അവൾ മരിച്ചെന്ന് പറഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥൻ പൊട്ടിച്ചിരിക്കുന്നതിന്റേയും വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡാനിയേൽ ഓഡ്റെർ എന്ന ഉദ്യോ​ഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റൊരു ഉദ്യോ​ഗസ്ഥനായ കെവിൻ ഡേവ് ആണ് വാഹനം ഓടിച്ചിരുന്നത്.

മരിച്ചത് സാധാരണക്കാരിയാണെന്നും പൊലീസ് പറയുന്നതായി വീഡിയോയിലുണ്ട്. അവൾക്ക് 26 വയസ് തോന്നിക്കും, അവളുടെ ജിവന് വലിയ മൂല്യമൊന്നുമില്ല. അവളുടെ പ്രായം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി കാമ്പസിലെ ബിരുദാനന്തര ബിരുദക്കാരിയാണ് മരിച്ച ജാഹ്നവി കണ്ടൂല. 2021ൽ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം പ്രകാരം ബെംഗളൂരുവിൽ നിന്ന് യുഎസിലേക്ക് പോയ ജാഹ്നവി ഈ വർഷം ഡിസംബറിൽ ബിരുദം പൂർത്തിയാക്കേണ്ടതായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com