ആറ്റിങ്ങലിലെ ബിജെപി പ്രതീക്ഷയില്‍ കഴമ്പുണ്ടോ?

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് ആറ്റിങ്ങലിലെ ബിജെപി വിജയ സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. ബിജെപിയുടെ പ്രതീക്ഷാ മണ്ഡലമായി അവസാന ഘട്ടത്തില്‍ ആറ്റിങ്ങല്‍ മാറിയതിന്റെ കാര്യകാരണങ്ങളിലേക്ക്...
ആറ്റിങ്ങലിലെ ബിജെപി പ്രതീക്ഷയില്‍ കഴമ്പുണ്ടോ?

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നത് മുതല്‍ ആറ്റിങ്ങലില്‍ ബിജെപി വിജയിക്കുമെന്ന പ്രതീതിയാണ് ബിജെപി കേന്ദ്രങ്ങളിലെങ്കിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിലോ പിന്നീട് ഫലം കാത്തിരുന്ന നീണ്ട ഇടവേളകളിലോ ആറ്റിങ്ങല്‍ ബിജെപിയുടെ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായി വിലയിരുത്തപ്പെട്ടിരുന്നില്ല. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ പൊടുന്നനെ തിരുവനന്തപുരത്തെയും തൃശ്ശൂരിനെയും മറികടന്ന് ആറ്റിങ്ങല്‍ ബിജെപിയുടെ സാധ്യതാ പട്ടികയില്‍ മുന്നില്‍ വന്നിരിക്കുകയാണ്.

ആറ്റിങ്ങലിനെ സംബന്ധിച്ച് പുറത്ത് വരുന്ന നിരീക്ഷണങ്ങളുടെ യുക്തി പരിശോധിക്കുമ്പോള്‍ ബിജെപിക്ക് അവിടെ വിജയം ശ്രമകരമാണ്. എന്നാല്‍ കേരളത്തില്‍ ഏറ്റവും ചിട്ടയോടെ ബിജെപി സംവിധാനവും സംഘപരിവാര്‍ സംഘടനകളും തിരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്ത മണ്ഡലം എന്ന നിലയില്‍ ബിജെപിയുടെ പ്രതീക്ഷകളില്‍ പൊരുളുണ്ട് എന്ന് വേണം കാണാന്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി-ആര്‍എസ്എസ് കേഡര്‍ സംവിധാനം നടത്തിയ പ്രവര്‍ത്തനം ആ നിലയില്‍ വോട്ടായി മാറിയാല്‍ ഇത്തവണ ആറ്റിങ്ങല്‍ കാവിപുതച്ചേക്കാം. പക്ഷെ ആറ്റിങ്ങലിന്റെ രാഷ്ട്രീയ സ്വഭാവം ആ നിലയില്‍ മാറ്റിമറിക്കാന്‍ ബിജെപി-സംഘപരിവാര്‍ മെഷിനറി നടത്തിയ പ്രവര്‍ത്തനം മതിയായേക്കില്ല എന്ന് തന്നെയാണ് താഴെതട്ടിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പരിഗണിക്കുമ്പോൾ വിലയിരുത്താൻ. വി മുരളീധരൻ വിജയിച്ചാൽ ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ സ്‌പെസിമെനായി ഭാവിയിലേയ്ക്കും ആറ്റിങ്ങല്‍ മാറുമെന്ന് തീര്‍ച്ചയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ബിജെപി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച മണ്ഡലങ്ങള്‍ തിരുവനന്തപുരവും തൃശ്ശൂരുമായിരുന്നു. ബിജെപിയെ സംബന്ധിച്ച് സംസ്ഥാനത്തെ സെലിബ്രിറ്റി സ്റ്റാറ്റസുള്ള മണ്ഡലങ്ങളായിരുന്നു ഇത് രണ്ടും. അതിനാല്‍ തന്നെ ബിജെപിയുടെ പ്രധാനപ്പെട്ട ദേശീയനേതാക്കളെല്ലാം ഈ മണ്ഡലങ്ങളില്‍ റോഡ് ഷോയിലും പൊതുയോഗത്തിലുമെല്ലാം ആവേശം വിതറാന്‍ എത്തിയിരുന്നു. അത്തരത്തില്‍ പരസ്യ പ്രചാരണത്തില്‍ വളരെയധികം ആവേശം സൃഷ്ടിക്കാന്‍ ഈ മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ താഴെ തട്ടില്‍ വീടുകള്‍ കയറിയുള്ള പ്രചാരണം അടക്കം അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ എത്രമാത്രം നടന്നു എന്ന് പരിശോധിക്കുമ്പോഴാണ് ആറ്റിങ്ങലിലെ ബിജെപി-സംഘപരിവാര്‍ സംഘടനാ മെഷിനറി ബഹുദൂരം മുന്നിലായിരുന്നു എന്നത് മനസ്സിലാക്കേണ്ടത്. 'പ്രവര്‍ത്തകര്‍ വോട്ട് കിട്ടാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ആളില്ലാത്ത സ്ഥലത്ത് തന്നെ എന്തിനാണ് കൊണ്ടുവന്ന'തെന്നും സുരേഷ് ഗോപി തൃശ്ശൂരിലെ പ്രവര്‍ത്തകരോട് ക്ഷോഭിച്ചതിന്റെയെല്ലാം പൊരുള്‍ ചിട്ടയായ പ്രവര്‍ത്തനം തൃശ്ശൂരിലൊന്നും താഴെതട്ടില്‍ നടന്നില്ല എന്നതിന്റെ സൂചനയായി തന്നെ കാണേണ്ടി വരും.

അഞ്ച് പതിറ്റാണ്ടോളം നീണ്ട സംഘപരിവാർ പ്രവർത്തന പാരമ്പര്യം മുരളീധരൻ്റെ കൈമുതൽ

തിരുവനന്തപുരത്ത് മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖറിനോ തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കോ ഇല്ലാത്ത രാഷ്ട്രീയ പാരമ്പര്യമാണ് വി മുരളീധരന് ആറ്റിങ്ങലിൽ തുണയായത്. 1987ല്‍ എബിവിപിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോൾ മുതല്‍ ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തിലെ കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളില്‍ ഒരാളായി വി മുരളീധരന്‍ മാറിയിരുന്നു. പിന്നീട് 1994ല്‍ എബിവിപിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായതോടെ വി മുരളീധരന്റെ പ്രവര്‍ത്തനകേന്ദ്രം ബോംബെയായി മാറി. ദത്രാത്തേയ ഹൊസബലെ, മുരളീധര്‍ റാവു, ബിഎല്‍ സന്തോഷ് തുടങ്ങിയ നേതാക്കളോടൊപ്പം സംഘടനാ പ്രവര്‍ത്തനം നടത്താനും അവരുമായി വ്യക്തിബന്ധം സ്ഥാപിക്കാനും സാധിച്ചിരുന്ന മുരളീധരന്‍ ആര്‍എസ്എസ് വഴി ബിജെപി നേതൃത്വത്തിലേയ്ക്ക് എത്തിയ നേതാവാണ്. ആര്‍എസ്എസിന്റെ കേഡര്‍ സംഘടനാശേഷിയെക്കുറിച്ച് ആ നിലയില്‍ ബോധ്യമുള്ള നേതാവാണ് വി മുരളീധരന്‍. മാത്രമല്ല കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി ആര്‍എസ്എസ് നേതൃത്വവും പ്രവര്‍ത്തകരുമായി ഉള്ള അടുപ്പവും മുരളീധരന്റെ കൈമുതലാണ്. ഈയൊരു പശ്ചാത്തലത്തില്‍ വേണം ആറ്റിങ്ങലില്‍ ബിജെപി-സംഘപരിവാര്‍ സംഘടനാ സംവിധാനം വി മുരളീധരന് വേണ്ടി നടത്തിയ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍.

2019ല്‍ ഇവിടെ മത്സരിച്ച് രണ്ടര ലക്ഷത്തിനടുത്ത് വോട്ട് നേടിയ ശോഭാ സുരേന്ദ്രന്‍ തന്നെ ആറ്റിങ്ങലില്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആറ്റിങ്ങലില്‍ മത്സരിക്കാനുള്ള വി മുരളീധരന്റെ താല്‍പ്പര്യം നേരത്തെ മുതല്‍ വ്യക്തമായിരുന്നു. പെട്ടെന്നൊരു ദിനം സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കപ്പെട്ട് ആറ്റിങ്ങലിലേയ്ക്ക് നിയോഗിതനാകുകയായിരുന്നില്ല വി മുരളീധരന്‍. ആവശ്യമായ അടിത്തറയൊരുക്കി തന്നെയാണ് വി മുരളീധരന്‍ ആറ്റിങ്ങലിലെ അങ്കത്തട്ടിലെത്തിയത്.

തിരുവനനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള പ്രധാന ജില്ലകളിലെയെല്ലാം സംഘപരിവാര്‍ നേതാക്കള്‍ ആറ്റിങ്ങലില്‍ മുരളീധരന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തുവെന്നത് പരാതിയായി തന്നെ ബിജെപി കേന്ദ്രങ്ങളിൽ ഇതിനകം മുറുമുറുപ്പായിട്ടുണ്ട് . തിരുവനന്തപുരം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് പരിചയസമ്പത്തുള്ള സംഘപരിവാര്‍ നേതാക്കളില്‍ വലിയൊരു പങ്കും ആറ്റിങ്ങല്‍ മണ്ഡലത്തിലെ താഴെ തട്ടില്‍ പ്രവര്‍ത്തനം ഏകോപിക്കാന്‍ നേതൃപരമായി തന്നെ ഇടപെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നുവരെ പരിചയസമ്പന്നരായ സംഘപരിവാര്‍ നേതാക്കള്‍ ആറ്റിങ്ങലില്‍ വി മുരളീധരനായി രംഗത്ത് ഇറങ്ങിയിരുന്നു. സിപിഐഎമ്മിന്റെ സംഘടനാ ശേഷിയോട് വെല്ലുവിളി ഉയര്‍ത്തുന്ന നിലയില്‍ തിരഞ്ഞെടുപ്പ് മെഷിനറി ആറ്റിങ്ങലില്‍ വി മുരളീധരനായി പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് വാസ്തവം. നിരവധി തവണ വീടുകളില്‍ കയറിങ്ങുന്ന നിലയിലേയ്ക്ക് താഴെതട്ടിലെ പ്രവര്‍ത്തനം ചലനാത്മകമാക്കാനും ആറ്റിങ്ങലിലെ ബിജെപി തിരഞ്ഞെടുപ്പ് മെഷനറിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ മറ്റൊരു മണ്ഡലത്തിലും ഈ നിലയില്‍ താഴെതട്ടില്‍ ഇടപെടുന്ന തിരഞ്ഞടുപ്പ് പ്രവര്‍ത്തനം ബിജെപിക്ക് നടത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. ഈ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന സംഘപരിവാര്‍ നേതൃത്വത്തിന്റെ കണക്ക് കൂട്ടലാണ് എക്‌സിറ്റ് പോളില്‍ അടക്കം ആറ്റിങ്ങലിനെ തിരുവനന്തപുരത്തിനും തൃശ്ശൂരിനും മുകളില്‍ വിജയസാധ്യതയുള്ള മണ്ഡലമാക്കി മാറ്റുന്നത്.

ജയിച്ചാലും തോറ്റാലും കേരളത്തിലെ ബിജെപി ആറ്റിങ്ങലിലേയ്ക്ക് ചുരുങ്ങും

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആറ്റിങ്ങലിന്റെ മാറിവരുന്ന സ്വഭാവമാണ് പ്രതീക്ഷയുടെ മറ്റൊരുഘടകം. 2019ല്‍ ശോഭാ സുരേന്ദ്രന്‍ 248081 വോട്ടുകള്‍ നേടിയതോടെയാണ് ആറ്റിങ്ങല്‍ ബിജെപിയുടെ പ്രതീക്ഷാ പട്ടികയിൽ ഇടംപിടിച്ചത്. 2014ല്‍ എസ് ഗിരിജാ കുമാരി നേടിയ 90,528 വോട്ടാണ് ശോഭാ സുരേന്ദ്രന്‍ ഒന്നര ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ചത്. പിന്നീട് 2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ 162847 വോട്ടുനേടിയിരുന്നു. ഇതില്‍ തന്നെ ആറ്റിങ്ങല്‍ കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്നിരുന്നു. ആറ്റിങ്ങലില്‍ മത്സരിച്ച പി സുധീര്‍ 38262 വോട്ടുകള്‍ നേടിയപ്പോള്‍ കാട്ടാക്കട മത്സരിച്ച പി കെ കൃഷ്ണദാസ് 34542 വോട്ടുകളും നേടിയിരുന്നു. ചിറയന്‍കീഴില്‍ 30986 വോട്ടും നെടുമങ്ങാട് 26861 വോട്ടും നേടാന്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധിച്ചിരുന്നു.

എന്നാല്‍ 2019ല്‍ ശോഭാ സുരേന്ദ്രന്‍ നേടിയ വോട്ടിന്റെ അടുത്തെത്താല്‍ 2021ല്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ശോഭാ സുരേന്ദ്രനെ മറികടന്ന ആറ്റിങ്ങലില്‍ മത്സരിക്കാനെത്തിയ വി മുരളീധരനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്. ശോഭാ സുരേന്ദ്രന്‍ മത്സരിച്ചിരുന്നെങ്കില്‍ ആറ്റിങ്ങലില്‍ വലിയ മുന്നേറ്റമുണ്ടാകുമായിരുന്നു എന്ന അടക്കം പറച്ചില്‍ ബിജെപിക്കുള്ളില്‍ തന്നെയുണ്ട്. അപ്പോഴും മറ്റാര് മത്സരിച്ചാലും ലഭിച്ചേക്കില്ലായിരുന്ന സംഘപരിവാര്‍ പിന്തുണയും കേന്ദ്രമന്ത്രിയെന്ന പരിവേഷവും വി മുരളീധരന് തുണച്ചുവെന്ന പ്രതീക്ഷകൂടിയാണ് എക്‌സിറ്റ്‌പോള്‍ ഫലസൂചനകളിലും ബിജെപി കേന്ദ്രങ്ങളുടെ ആത്മവിശ്വസത്തിലും പ്രതിഫലിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com