ഇന്ത്യൻ കായിക മേഖലയുടെ കുതിപ്പ് അടയാളപ്പെടുത്തിയ 2023; ഗുസ്തി താരങ്ങളുടെ കണ്ണുനീർ കളങ്കമായി

ലോകകായിക രംഗത്ത് ഇന്ത്യയെന്ന പേര് ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ട വര്‍ഷം കൂടിയാണ് 2023. അപ്രതീക്ഷതമായ നേട്ടങ്ങളും പരാജയങ്ങളും ആരാധകര്‍ക്കും രാജ്യത്തിനും സന്തോഷവും ദു:ഖവും സമ്മാനിച്ച ഒരു വര്‍ഷം കൂടിയാണ് കടന്ന് പോകുന്നത്
ഇന്ത്യൻ കായിക മേഖലയുടെ കുതിപ്പ് അടയാളപ്പെടുത്തിയ 2023; ഗുസ്തി താരങ്ങളുടെ കണ്ണുനീർ കളങ്കമായി

ഇന്ത്യന്‍ കായിക മേഖലയുടെ വലിയ രീതിയിലുള്ള കുതിപ്പിന് സാക്ഷ്യം വഹിച്ച ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. ലോകകായിക രംഗത്ത് ഇന്ത്യയെന്ന പേര് ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ട വര്‍ഷം കൂടിയാണ് 2023. അപ്രതീക്ഷതമായ നേട്ടങ്ങളും പരാജയങ്ങളും ആരാധകര്‍ക്കും രാജ്യത്തിനും സന്തോഷവും ദു:ഖവും സമ്മാനിച്ച ഒരു വര്‍ഷം കൂടിയാണ് കടന്ന് പോകുന്നത്. അഭിമാന മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം രാജ്യത്തിനായി നേട്ടം കൊയ്ത കായികതാരങ്ങള്‍ നീതിക്കായി തെരുവില്‍ സമരം ചെയ്യുകയും അവരുടെ നേട്ടങ്ങള്‍ക്ക് രാജ്യം സമ്മാനിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുകയും ചെയ്യുന്ന കാഴ്ചകള്‍ക്കും 2023 സാക്ഷ്യം വഹിച്ചു.

ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച്, ഇന്ത്യന്‍ കായികമേഖല ഏറ്റെടുത്ത് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ 2023ലെ ഇന്ത്യന്‍ കായിക മേഖലയുടെ നേട്ടങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തിയെന്നതും ഖേദകരമാണ്

രാജ്യം നാണക്കേട് കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ടി വരുന്ന ഒരു അധ്യായത്തിന് കൂടിയാണ് ഈ വര്‍ഷം ഇന്ത്യന്‍ കായികമേഖല സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച്, ഇന്ത്യന്‍ കായികമേഖല ഏറ്റെടുത്ത് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ 2023ലെ ഇന്ത്യന്‍ കായിക മേഖലയുടെ നേട്ടങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തിയെന്നതും ഖേദകരമാണ്.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ലോകനിലവാരത്തില്‍ ഇന്ത്യന്‍ അത്‌ലറ്റുകളുടെ പേര് അടയാളപ്പെടുത്തപ്പെട്ട വര്‍ഷം എന്ന പ്രത്യേകത 2023നുണ്ട്. നീരജ് ചോപ്ര തന്നെയാണ് അക്കൂട്ടക്കില്‍ എടുത്ത് പറയേണ്ട പേര്. 2023 ആഗസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ തിളക്കത്തിലേയ്ക്ക് ജാവലിന്‍ പായിച്ച് ലോകകായിക മേളയിലെ ലോകചാമ്പ്യന്‍ എന്ന ബഹുമതിയാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. പിന്നാലെ ഏഷ്യന്‍ ഗെയിംസിലും സുവര്‍ണ്ണ നേട്ടത്തിലേയ്ക്ക് നീരജ് ജാവലിന്‍ പായിച്ചു. പുരുഷ ജാവലിന്‍ ത്രോയിലെ ഒന്നാം റാങ്കുകാരന്‍ എന്ന ബഹുമതിയും ഈ നേട്ടത്തോടെ നീരജിനെ തേടിയെത്തി. അത്‌ലറ്റിക്‌സില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായും ഇതോടെ നീരജ് മാറി.

പാരിസ് ഡയമണ്ട് ലീഗ് മീറ്റില്‍ വെങ്കലം നേടിയ മലയാളി ലോങ്ങ്ജംപ് താരം എം ശ്രീശങ്കറിന്റെ നേട്ടം രാജ്യത്തിനൊപ്പം സ്വകാര്യ അഹങ്കാരമായി മലയാളികളും ഏറ്റെടുത്തു. മെഡല്‍പട്ടികയില്‍ ഇടം നേടിയില്ലെങ്കിലും 4x400 മീറ്റര്‍ പുരുഷ റിലേടീം കൈവരിച്ച നേട്ടം 2023ലെ അഭിമാന നിമിഷങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഹീറ്റ്‌സ് മത്സരത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച നേട്ടമാണ് ഇവര്‍ കൈവരിച്ചത്. ഹീറ്റ്‌സില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ പുതിയ ഏഷ്യന്‍ ഗെയിംസ് റെക്കാര്‍ഡ് കുറിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം രണ്ടാമതായി ഓടിയെത്തിയത്.

2 മിനിറ്റ് 59.05 സെക്കന്‍ഡില്‍ ഈ നേട്ടം സ്വന്തമാക്കിയാണ് റിലേ ടീം ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, ജന്മം കൊണ്ട് മലയാളിയായ അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഈ നേട്ടം കൊയ്തത്. ഫൈനലിലേയ്ക്ക് ക്വാളിഫൈ ചെയ്ത ടീമുകളുടെ സമയം പരിശോധിക്കുമ്പോള്‍ മികച്ച രണ്ടാമത്തെ സമയവും ഇന്ത്യന്‍ ടീമിന്റേതായിരുന്നു.

ബ്രിട്ടനും ജമൈക്കയും അടക്കമുള്ള ഈ വിഭാഗത്തിലെ കരുത്തരുടെ സമയം ഇന്ത്യന്‍ ടീം കുറിച്ച സമയത്തിനും പിന്നിലായിരുന്നു. ഫൈനലില്‍ പക്ഷെ ഇതേ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സംഘത്തിന് കഴിയാതെ വന്നതോടെ അവര്‍ക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ ആയില്ല. അപ്പോഴും അമേരിക്കയ്ക്ക് പിന്നില്‍ തോറ്റുകൊടുക്കില്ല എന്ന മട്ടില്‍ പാഞ്ഞ ഇന്ത്യന്‍ ടീമിന്റെ കുതിപ്പ് 2023 ന്റെ ഒളിമങ്ങാത്ത ചിത്രമായി ബാക്കിയാണ്. ഏഷ്യന്‍ ഗെയിംസിലും മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘം 4x400 മീറ്റര്‍ ഓട്ടത്തില്‍ ഈ നേട്ടം കൈവരിച്ചിരുന്നു. മൂന്ന് മിനിറ്റും ഒരു സെക്കന്റും 58 മില്ലി സെക്കന്റുംകൊണ്ടാണ് ഇന്ത്യന്‍ സംഘം ഓടിയെത്തിയത്. പുരുഷ റിലേയിലെ ദേശീയ റെക്കോര്‍ഡ് സമയമാണ് ഇതോടെ ഇന്ത്യന്‍ സംഘം ഹാങ്ചൗവില്‍ കുറിച്ചത്.

ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേട്ടമെന്ന ബഹുമതി ഇന്ത്യ ഇവിടെ കുറിച്ചു. ഏഷ്യന്‍ ഗെയിംസിലെ നാലാം സ്ഥാനത്തിന് പിന്നാലെ നൂറിന് മുകളില്‍ മെഡല്‍ നേട്ടമെന്ന ലക്ഷ്യവും കൈവരിച്ചു. 28 സ്വര്‍ണ്ണവും 38 വെള്ളിയും 41 വെങ്കലവും അടക്കം 107 മെഡലുകളുമായാണ് ഇന്ത്യന്‍ സംഘം ചൈനയില്‍ നിന്ന് മടങ്ങിയത്.

ഇന്ത്യന്‍ കായിക മേഖലയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമായിരുന്നു ചൈനയിലെ ഹാങ്ചൗവില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സംഘം കുറിച്ച നേട്ടം. വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലുമെല്ലാം ഇന്ത്യന്‍ കായിക താരങ്ങള്‍ മുന്നേറ്റമുണ്ടാക്കിയ ഏഷ്യന്‍ കായിക മാമാങ്കമാണ് ഇത്തവണ ചൈനയില്‍ നടന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേട്ടമെന്ന ബഹുമതി ഇന്ത്യ ഇവിടെ കുറിച്ചു. ഏഷ്യന്‍ ഗെയിംസിലെ നാലാം സ്ഥാനത്തിന് പിന്നാലെ നൂറിന് മുകളില്‍ മെഡല്‍ നേട്ടമെന്ന ലക്ഷ്യവും കൈവരിച്ചു. 28 സ്വര്‍ണ്ണവും 38 വെള്ളിയും 41 വെങ്കലവും അടക്കം 107 മെഡലുകളുമായാണ് ഇന്ത്യന്‍ സംഘം ചൈനയില്‍ നിന്ന് മടങ്ങിയത്.

മലയാളികളെ സംബന്ധിച്ചും അഭിമാനകരമായിരുന്നു ചൈനയില്‍ കൊടിയിറങ്ങിയ ഏഷ്യന്‍ ഗെയിംസ്. എച്ച് എസ് പ്രണോയി പുരുഷ ബാഡ്മിന്റന്‍ മെഡല്‍ പട്ടികയില്‍ നാല് ദശകത്തിന് ശേഷം ഇന്ത്യയ്ക്ക് ഇടം നേടി നല്‍കി. പുരുഷ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ വെങ്കല മെഡല്‍ നേട്ടമാണ് പ്രണോയി സ്വന്തമാക്കിയത്. വെള്ളി മെഡല്‍ നേടിയ പുരുഷ ടീമിലും പ്രണോയ് അംഗമായിരുന്നു. ഹോക്കി താരം പി ആര്‍ ശ്രീജേഷും ക്രിക്കറ്റ് താരം മിന്നുമണിയും, 4ഃ400 മീറ്റര്‍ താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍ എന്നിവരായിരുന്നു സുവര്‍ണ നേട്ടത്തില്‍ പങ്കാളികളായ മലയാളികള്‍. പ്രണോയ്, എംആര്‍ അര്‍ജ്ജുന്‍ എന്നിവര്‍ ബാഡ്മിന്റനിലും മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, എം ശ്രീശങ്കര്‍, ആന്‍സി സോജന്‍ എന്നിവര്‍ അത്‌ലറ്റിലും വെള്ളിമെഡല്‍ നേട്ടത്തില്‍ പങ്കാളികളായി. പ്രണോയിയും ജിന്‍സണ്‍ ജോണ്‍സണും വെങ്കല മെഡലും നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ മലയാളി കായികതാരങ്ങള്‍ കുറിക്കുന്ന ഏറ്റവും മികച്ച നേട്ടം കൂടിയാണ് ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ അടയാളപ്പെടുത്തുന്നത്.

ഏഷ്യന്‍ ഗെയിംസിന് പിന്നാലെ നടന്ന ഏഷ്യന്‍ പാരാ ഗെയിംസിലും നൂറിന് മുകളില്‍ മെഡല്‍ നേട്ടത്തോടെ ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണം നേടി മലയാളിയായ സിദ്ധാര്‍ത്ഥ് ബാബു മലയാളികളുടെ അഭിമാനമായി.

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മാഗ്നസ് കാള്‍സണോട് പരാജയപ്പെട്ടെങ്കിലും കൗമാരതാരം പ്രഗ്നാനന്ദ രാജ്യത്തിന്റെ അഭിമാനമായി മാറി. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യന്‍ കൊടിക്കൂറ ലോക ചെസ് വേദിയില്‍ പാറിക്കാന്‍ ശേഷിയുള്ള താരമാണ് എന്ന് കൂടി 2023ല്‍ പ്രഗ്നാനന്ദ തെളിയിച്ചു. പ്രഗ്നാനന്ദയുടെ സഹോദരി ആര്‍ വൈശാലി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയതും ഈ വര്‍ഷമാണ്. ഗ്രാന്‍ജഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ലോകത്തെ ആദ്യ സഹോദരങ്ങള്‍ എന്ന ഖ്യാതിയാണ് ഇതോടെ പ്രഗ്നാനന്ദയെയും ആര്‍ വൈശാലിയെയും തേടിയെത്തിയത്.

സ്വാതിക് സായ്രാജ്, റാങ്കി റെഡ്ഡി സഖ്യം ബാഡ്മിന്റനില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഒരു വര്‍ഷം കൂടിയാണ് കടന്ന് പോകുന്നത്. ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ്ണ നേട്ടങ്ങള്‍ക്ക് പുറമെ സ്വിസ് ഓപ്പണ്‍, ഇന്ത്യോനേഷന്‍ ഓപ്പണ്‍, കൊറിയ ഓപ്പണ്‍ തുടങ്ങിയ ബാഡ്മിന്റനിലെ ലോകവേദികളിലും 2023ല്‍ ഈ സഖ്യം വിജയകീരിടം സ്വന്തമാക്കി.

ഏകദിന ലോകകപ്പ് കിരീടം വീണ്ടുമൊരിക്കല്‍ കൂടി കപ്പിനും ചുണ്ടിനുമിടയില്‍ എന്ന പോലെ ഇന്ത്യന്‍ പരുഷ ക്രിക്കറ്റ് ടീമിന് വഴുതിപ്പോയതാണ് 2023ലെ ഏറ്റവും ദു:ഖകരമായ ഏട്. സെമിഫൈനല്‍ വരെ എല്ലാ മത്സരവും വിജയിച്ച് ഏറ്റവും മികവോടെ ഫൈനല്‍ കളിക്കാനെത്തിയ ഇന്ത്യന്‍ ടീമിന്റെ പരാജയം രാജ്യത്തെ സംബന്ധിച്ച് ഹൃദയഭേദകമായിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി ഓസ്‌ട്രേലിയ ഇന്ത്യന്‍ ടീമിന്റെ കിരീടമോഹം തല്ലിക്കൊഴിക്കുമ്പോള്‍ തകര്‍ന്ന് പോയത് കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു.

ലോക കിരീട നഷ്ടം എന്ന നിരാശയുടെ വര്‍ഷവസാനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് കടന്ന് പോകുമ്പോഴും വിരാട് കോഹ്ലിയുടെ സ്വപ്ന നേട്ടം ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറി നേട്ടത്തെയാണ് കോഹ്ലി മറികടന്നത്.

ലോക കിരീട നഷ്ടം എന്ന നിരാശയുടെ വര്‍ഷവസാനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് കടന്ന് പോകുമ്പോഴും വിരാട് കോഹ്ലിയുടെ സ്വപ്ന നേട്ടം ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറി നേട്ടത്തെയാണ് കോഹ്ലി മറികടന്നത്. സെഞ്ച്വറി നേട്ടത്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച കോഹ്‌ലി സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന നേട്ടത്തെയാണ് മറികടന്നത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഏകദിന ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി തികച്ചതും 2023നെ ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രിയങ്കരമാക്കുന്നുണ്ട്, വിശേഷിച്ച് മലയാളി ക്രിക്കറ്റ് ആരാധകരെ. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി വയനാട് മാനന്തവാടി സ്വദേശിനി മിന്നു മണി മാറിയത് മലയാളികളെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. മിന്നു മണിക്കൊപ്പം വനിതാ ഐപിഎല്‍ കളിക്കാന്‍ വയനാട് മാനന്തവാടി സ്വദേശിനിയായ സജന സജീവന്‍ അവസരം നേടിയതും അഭിമാന മുഹൂര്‍ത്തമാണ്. മുംബൈ ഇന്ത്യന്‍സാണ് സജ്‌നയെ ടീമിലെത്തിച്ചിരിക്കുന്നത്.

19 വയസ്സിന് താഴെയുള്ള വനിതകളുടെ ക്രിക്കറ്റ് ലോക കിരീടം ഇന്ത്യന്‍ വനിതാ ടീം നേടിയിരുന്നു. ഈവര്‍ഷത്തിന്റെ തുടക്കത്തില്‍ കൈവരിച്ച ഈ നേട്ടം ഇന്ത്യന്‍ വനിതാ ടീം ആദ്യമായി നേടുന്ന ക്രിക്കറ്റ് ലോകകിരീടം എന്ന നിലയിലാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ജര്‍മ്മിനിയില്‍ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണം ഉള്‍പ്പെടെ നാല് മെഡലുകള്‍ ഇന്ത്യന്‍ അമ്പെയ്ത്തുകാര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം പ്രതീക്ഷാനിര്‍ഭരമായ നേട്ടങ്ങള്‍ കൈവരിച്ച ഒരു വര്‍ഷം കൂടിയായിരുന്നു 2023. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ലെബനനെ തകര്‍ത്തുള്ള കിരീട നേട്ടം, കിങ്ങ്സ് കപ്പിലെ മൂന്നാം സ്ഥാനം, സാഫ് ഗെയിംസില്‍ കുവൈറ്റിനെ തകര്‍ത്തുള്ള കിരീട നേട്ടം തുടങ്ങിയവയെല്ലാം ഇന്ത്യന്‍ ടീമിനെ ലോകറാങ്കിങ്ങ് മെച്ചപ്പെടുത്താന്‍ സഹായിച്ചിരുന്നു. 2024ല്‍ നടക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ക്വാളിഫൈ ചെയ്തതും ഈ വര്‍ഷമായിരുന്നു.

ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്‍, സിറിയ തുടങ്ങിയ കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് എഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ടീം ഇടം പിടിച്ചിരിക്കുന്നത്. ഇതിനിടെ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ശക്തരായ ഖത്തറിനോട് 3-0ത്തിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ മണ്ണില്‍ തോല്‍വി അറിയാത്ത 15 മത്സരങ്ങള്‍ എന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സ്വപ്നക്കുതിപ്പിന് അന്ത്യമായത്. നേരത്തെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ കുവൈറ്റിനെ തകര്‍ത്തിരുന്നു. ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചാല്‍ ലോകകപ്പ് യോഗ്യതയെന്ന സ്വപ്നത്തിലേയ്ക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ടീം കൂടുതല്‍ അടുക്കും. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി നിലവില്‍ കളിക്കുന്ന കളിക്കാരില്‍ മെസിക്കും റോണാള്‍ഡോയ്ക്കും പിന്നില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ കളിക്കാരന്‍ എന്ന നേട്ടത്തിലേയ്ക്ക് എത്തിയെന്നതും 2023 അടയാളപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com