
യുഎഇയിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച അറബ് വംശജന്‍ എന്നീ നേട്ടങ്ങളിലൂടെ തന്റെ രാജ്യത്തെ ചരിത്രത്തിൽ എഴുതി ചേർത്തുകൊണ്ടാണ് സുൽത്താൻമാരുടെ മണ്ണിലേക്ക് സുൽത്താൻ അൽ നെയാദി തിരികെ എത്തിയത്. അറേബ്യൻ പരമ്പരയിൽ നിന്ന് ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന ചരിത്ര നേട്ടം നെയാദിയ്ക്ക് സ്വന്തം. രാജ്യത്തിൻ്റെ കൊടിയുമായി ബഹിരാകാശ നിലയത്തിൽ ഇറങ്ങിയ നെയാദി ഏതൊരു എമിറാത്തിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ്. ആറ് മാസ ബഹിരാകാശ ദൗത്യത്തിൽ 200 പരീക്ഷണങ്ങൾ പൂർത്തീകരിച്ചാണ് നെയാദി തന്റെ ജന്മഭൂമിയിലേക്ക് എത്തിയത്.
സുൽത്താൻ അൽ നെയാദി 4400 മണിക്കൂറാണ് ബഹിരാകാശത്ത് ചെലവിട്ടത്. നാസ ഉൾപ്പെടെ 10 അന്താരാഷ്ട്ര സ്പേസ് ഏജൻസികളും യുഎഇയിലുടനീളമുള്ള 25 യൂനിവേഴ്സിറ്റികളും നിയോഗിച്ച ദൗത്യങ്ങൾ ഉൾപ്പെടെ 200 ഗവേഷണ, പരീക്ഷണങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. പഠനത്തിനും പരീക്ഷണങ്ങൾക്കുമായി 580 മണിക്കൂറാണ് നെയാദി ബഹിരാകാശത്ത് ചെലവിട്ടത്. ഇതിൽ പത്തോളം ഗവേഷണങ്ങൾ നെയാദി സ്വയം പൂർത്തീകരിച്ചു. സെപ്റ്റംബർ രണ്ടിന് വൈകിട്ട് 3.05 ന് ആറ് മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് പുറപ്പെട്ട നെയാദിയും സംഘവും മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 8.07ന് ഭൂമിയിലെത്തി. ബഹിരാകാശ സഞ്ചാരികളുമായി എത്തിയ ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് അമേരിക്കയിലെ ഫ്ളോറിഡ തീരത്തെ കടലിലാണ് ലാൻഡ് ചെയ്തത്. തിരികെ എത്തിയ നെയാദി ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഇതിനായി കൃത്യമായ പരിശീലനം നേടുകയും വേണം. ബഹിരാകാശ നിലയം സ്ഥാപിതമായി ഇതുവരെ സ്പേസ് വാക്ക് നടത്തിയ 259 പേരിൽ ഒരാൾ യുഎഇയുടെ സ്വന്തം സുൽത്താനാണ്.
മടങ്ങിയെത്തിയ നെയാദിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ദുബായ് ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം രാജ്യത്തിന്റെ സ്വപ്നം പൂവണിഞ്ഞെന്ന് എക്സിലൂടെ അഭിനന്ദിച്ചു. യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്. അറബ് യുവാക്കൾക്ക് പ്രചോദനമാണ് നെയാദിയെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. നെയാദിയുടെ യാത്രയും തിരിച്ചുവരവും രാജ്യം ആഘോഷിക്കുകയാണെന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സുൽത്താൻ അൽ നെയാദിയുടെ നേട്ടങ്ങൾ ദശലക്ഷണക്കിന് അറബ് യുവാക്കൾക്ക് പ്രചോദനമാണെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
നെയാദിയും യാത്രയും
യുഎഇയിലും വിദേശത്തുമായി നടത്തിയ മാനസികവും ശാരീരികവുമായ പരിശോധനകൾക്ക് ശേഷം 4,000-ത്തിലധികം ഉദ്യോഗാർത്ഥികളിൽ നിന്നാണ് അൽ നെയാദി തിരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് മൂന്നിനാണ് നെയാദിയും സംഘവും യാത്ര തിരിച്ചത്. നാസയുടെയും സ്പേസ്എക്സിന്റേയും ക്രൂ 6 ദൗത്യത്തിൻ്റെ ഭാഗമായാണ് നെയാദി ബഹിരാകാശത്ത് എത്തിച്ചേർന്നത്. അമേരിക്കയിലെ കെന്നഡി സ്‌പേസ് സ്റ്റേഷനിൽ നിന്നാണ് സുൽത്താൻ ഉൾപ്പെടെ നാല് യാത്രികരെ വഹിച്ചുള്ള പേടകം ബഹിരാകാശത്തേക്ക് പറന്നത്. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ അറബ് ലോകം വീണ്ടും ചരിത്രം കുറിക്കുകയായിരുന്നു.
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ് (യുഎസ്), റഷ്യക്കാരനായ ആന്ദ്രേ ഫെഡ് യാവേവ് എന്നിവരായിരുന്നു നെയാദിയുടെ കൂടെ ഉണ്ടായിരുന്ന മറ്റു ശാസ്ത്രജ്ഞൻമാർ. ഭൂമിയിൽ നിന്ന് പുറപ്പെട്ട് 25 മണിക്കൂറിന് ശേഷം നിശ്ചയിച്ചതിലും അൽപം വൈകിയാണ് സ്‌പേസ് എക്‌സിൻറെ ഡ്രാഗൺ പേടകം ബഹിരാകശത്ത് എത്തിയത്. 12.40ഓടെയായിരുന്നു പേടകത്തിൽ നിന്ന് സംഘം നിലയത്തിൽ പ്രവേശിച്ചത്. ഇതോടെ ആറുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിന് തുടക്കമാവുകയായിരുന്നു. യാത്രയുടെ ആദ്യ ദിവസം മുതൽ നെയാദിയുടെ പ്രധാന ലക്ഷ്യമായിരുന്നു ബഹിരാകാശ ജീവിതം ഏറ്റവും ലളിതമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്. ബഹിരാകാശത്തെ ഓരോ ചലനങ്ങളും ഓരോ അത്ഭുതകരമായ കാഴ്ചകളും വിജ്ഞാനപ്രദമായ കാര്യങ്ങള്‍ നെയാദി ഓരോ ദിവസം കൃത്യമായി സമൂഹമാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു.
ബഹിരാകാശത്ത് എത്തി 40 ദിവസം പിന്നിട്ട ശേഷം നെയാദി തന്റെ അനുഭവങ്ങൾ രാജ്യത്തെ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ദുബായ് ഫ്യൂച്ചർ മ്യൂസിയത്തിലിരുന്നാണ് ഭൂമിയിൽ നിന്ന് 408 കിലോമീറ്റർ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിലുള്ള അൽ നെയാദിയുമായി മാധ്യമപ്രവർത്തകർ സംസാരിച്ചത്. 20 മിനിറ്റിലേറെ നേരമാണ് നെയാദി മാധ്യമ പ്രവർത്തകരുമായി സംവദിച്ചത്. സുൽത്താൻ്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ കുറിച്ചാണ് ഏറെ ആളുകളും ചോദിച്ചത്. ശൂന്യാകാശത്ത് നിന്ന് 40 തവണ ഭൂമിയെ ചുറ്റിക്കാണുമ്പോൾ ശ്രദ്ധിച്ച കാഴ്ചകളെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. മറുപടിയായി ഭൂമിയിലെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയായിരുന്നു നെയാദി. മലിനീകരണം സംഭവിച്ച വായുവും ശുദ്ധവായുവും ഹിമാലയത്തിന് മുകളിൽ അതിരിട്ട് നിൽക്കുന്നത് കാണമെന്ന് നെയാദി പറഞ്ഞു. അതുകൊണ്ട് തന്നെ അതിരുഭേദിച്ച് മലിന വായു മുന്നേറാതെ ഭൂമിയെ സംരക്ഷിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു. ബഹിരാകാശ രംഗത്ത് ഇന്ത്യയുമായി യുഎഇ സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ചോദ്യങ്ങൾക്ക് നിമിഷങ്ങളുടെ താമസമില്ലാതെ വ്യക്തമായിട്ടായിരുന്നു മറുപടി നൽകിയിരുന്നത്.
അവസാനമായി ബഹിരാകാശത്ത് നിന്ന് പൊതുജനങ്ങളുമായി സംവദിച്ച പരിപാടിയായിരുന്നു 'എ കോൾ ഫ്രം സ്‌പേസ്'. ഈ പരിപാടിയിൽ നെയാദിയുടെ മക്കളും പിതാവും പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എന്ത് സമ്മാനം കൊണ്ടുവരും ഭൂമിയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ് എന്നിങ്ങനെ കൗതുകം നിറഞ്ഞ ചോദ്യങ്ങളായിരുന്നു പിതാവിനെ കണ്ടപ്പോൾ മക്കൾ ചോദിച്ചത്. ഹൃദയ സ്പർശിയായ പുഞ്ചിരിയോടെയാണ് സുൽത്താൻ മറുപടി നൽകിയത്. ഭാഗ്യ ചിഹ്നമായി കണക്കാക്കുന്ന 'സുഹൈൽ പാവ'യും മറ്റു കളിപ്പാട്ടങ്ങളും കൊണ്ടുവരുമെന്നാണ് നെയാദി മക്കളോട് പറഞ്ഞത്. കൂടാതെ ബഹിരാകാശത്ത് പറന്നു നടക്കുന്നത് വീഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തു. പരിപാടിയിൽ പല വിദഗ്ധരും രാജ്യത്തെ വിവിധ സർവകാലാശാല വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു. പലരുടേയും സംശയങ്ങൾക്ക് ഉത്തരം നൽകുകയും, പല കാഴ്ചകൾ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ബഹിരാകാശത്ത് നിന്നുള്ള കാഴ്ചകൾ
നീലക്കടലിലേക്ക് ഇറങ്ങി നിൽക്കുന്ന കരയും, മുകളിലായി നീങ്ങുന്ന കാർമേഘങ്ങളുമെല്ലാം ചേർന്ന ഖത്തറിന്റെ മനോഹര ബഹിരാകാശ ദൃശ്യം സുൽത്താൻ പങ്കുവെച്ചിരുന്നു. ‘ഗൾഫിന്റെ ഹൃദയവും (ബഹ്റൈൻ), ഗൾഫിന്റെ മുത്തും (ഖത്തർ)’ എന്ന ട്വീറ്റോടെയായിരുന്നു അദ്ദേഹം ബഹിരാകാശത്തു നിന്നുള്ള ഖത്തറിനെ പകർത്തിയത്. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയുടെ ബഹിരാകാശ ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. അറബിക്കടലിന് മുകളിൽ ചുഴിതീർക്കുന്ന കാറ്റിന്‍റെ ദൃശ്യങ്ങളായിരുന്നു അൽ നെയാദി പോസ്റ്റ് ചെയ്തിരുന്നത്. ബഹിരാകാശത്ത് നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് സുൽത്താൻ പങ്കുവെച്ചുകൊണ്ടിരുന്നത്. ആമസോൺ കാടിൻ്റെ ചെറിയ ഒരു ഭാഗവും സിറിയ, ഖത്തർ, ദുബായ് തുടങ്ങി നിരവധി സ്ഥലങ്ങളുടെ മനോഹരമായ ചിത്രങ്ങൾ നിരന്തരം പങ്കുവെച്ചുകൊണ്ടേയിരുന്നു. അൽ നെയാദി പകർത്തിയ ദുബായ് തീരത്തിന്റെ ചിത്രങ്ങള്‍ ലോകം കൗതുകത്തോടെ കണ്ട് ആസ്വദിച്ചു.
ബഹിരാകാശത്ത് നിന്ന് പകർത്തിയ മക്കയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പെരുന്നാൾ ദിനത്തിൽ സുൽത്താൻ ആശംസ നേർന്നത്. ചിത്രം ലോകം ഏറ്റെടുത്തിരുന്നു. 'ഇന്ന് അറഫാ ദിനമാണ്. ഹജ്ജിന്റെ സുപ്രധാന ദിനം. ദൈവഭക്തി വെറും വിശ്വാസമല്ല, പ്രവർത്തനവും പ്രതിഫലനവുമാണ് എന്നത് ഓർമ്മപ്പെടുത്തുന്നു. സഹാനുഭൂതി, വിനയം, ഐക്യം എന്നിവയ്ക്കായുള്ള യത്‌നത്തിൽ ഇത് നമ്മെ പ്രചോദിപ്പിക്കട്ടെ. ഇന്നലെ ഞാൻപകർത്തിയ വിശുദ്ധ മക്കയുടെ കാഴ്ച' എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.
പരിമിതമായ സൗകര്യങ്ങളുള്ള ബഹിരാകാശത്ത് വസ്ത്രങ്ങളും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നത് എങ്ങിനെയാണെന്ന് വീഡിയോ കണ്ട ആളുകള്‍ കമന്റുകളിലൂടെ നെയാദിയോട് ചോദിച്ചിരുന്നു. ആളുകളുടെ സംശയങ്ങൾക്ക് മറ്റൊരു വീഡിയോ പങ്കുവെച്ചായിരുന്നു നെയാദിയുടെ മറുപടി നല്‍കിയത്.
വിശ്രമ വേളകളിൽ നെയാദിയും സംഘവും കളിക്കുന്ന ഗെയിമുകളും സുൽത്താൻ പരിചയപ്പെടുത്തിയിരുന്നു. ഒരു ഡാർട്ട് പോലെയുള്ള വളയത്തിൽ ടേബിൾ ടെന്നിസ് ബോൾ എറിയാൻ ശ്രമിക്കുന്ന വീഡിയോ ആയിരുന്നു സുല്‍ത്താന്‍ പങ്കുവെച്ചത്.
കൗതുകം ഏറെ നിറഞ്ഞ കാഴ്ചയായിരുന്നു ബഹിരാകാശ നിലയത്തിൽ നിന്ന് ഒരു തേൻകുപ്പിയുടെ അടപ്പ് തുറക്കുന്നതിന്‍റെ വീഡിയോ. കുപ്പി അമർത്തുമ്പോൾ തേൻ പുറത്തേക്ക് വരുന്നുണ്ടെങ്കിലും, ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാത്തതിനാൽ അത് താഴേക്ക് വീഴാതെ ഒഴുകി നടക്കുകയാണ്. തേൻ കുപ്പി വായുവിൽ ഒഴുകുന്നുണ്ട്. കുപ്പിയിൽ നിന്നുള്ള പിടിത്തം വിട്ടതും പുറത്തുപോയ തേൻ അതേപോലെ കുപ്പിക്കകത്തേക്ക് കയറുന്ന കൗതുക കാഴ്ചയായിരുന്നു അൽ നെയാദി പങ്കുവെച്ച വീഡിയോ.
ഹൃദയധമനികളുടെ പ്രവർത്തനം, മനുഷ്യ ശരീരത്തിലുണ്ടാകുന്ന പുറംവേദന, പ്രോട്ടീൻ ക്രിസ്റ്റലൈസേഷന്റെ വളർച്ച, എപ്പിജെനെറ്റിക്സ്, രോഗപ്രതിരോധ സംവിധാനം, ദ്രാവക ചലനാത്മകത, സസ്യ ജീവശാസ്ത്രം, മനുഷ്യശരീരശാസ്ത്രം, മെറ്റീരിയൽ സയൻസ്, നിദ്രാ വിശകലനം, റേഡിയേഷൻ, നൂതന പര്യവേക്ഷണ സാങ്കേതികവിദ്യകൾ എന്നിവയായിരുന്നു പ്രധാന ഗവേഷണ വിഷയങ്ങൾ.16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും സാക്ഷിയാകുന്ന ബഹിരാകാശ യാത്രികരുടെ ഭൂമിയിലെ പകൽ, രാത്രിചക്രത്തെ ഏതു രീതിയിലാണ് തടസ്സപ്പെടുത്തുന്നത്, നിദ്രയുടെ വിവിധ ഘട്ടങ്ങളെ ഇത് കാര്യമായി ബാധിക്കുന്നതെങ്ങനെ, ക്രമംതെറ്റിയ ഉറക്കം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമോ തുടങ്ങിയ പരീക്ഷണങ്ങളും അദ്ദേഹം നടത്തി. ഐഎസ്എസിന്റെ കിബോ മൊഡ്യൂളിൽ നിന്നാണ് നൂതനമായ പ്രോട്ടീൻ ക്രിസ്റ്റലുകളുടെ വളർച്ച സംബന്ധിച്ച പരീക്ഷണം നടത്തിയത്.
തന്റെ രാജ്യത്തെ ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം കുട്ടികൾക്കായി എഴുതിയ പുസ്തകം ബഹിരാകാശത്ത് വെച്ച് സുൽത്താൻ പ്രകാശനം ചെയ്തിരുന്നു.
യാത്രയുടെ അവസാനഘട്ടത്തിൽ സുന്ദരമായ ഒരു പ്രദേശത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നെയാദി കുറിച്ചു. 'ഈ മനോഹരമായ കാഴ്ച എന്റെ മനസ്സിൽ എന്നും മായാതെ നിൽക്കും. ഈ പ്രദേശത്ത് നിന്ന് നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പാണ് ശാസ്ത്രത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും നാഗരികത ഉയർന്നുവന്നത്. വരും തലമുറ മഹത്തായ ഒരു ഭാവി രൂപപ്പെടുത്തുന്നതിന് ഈ പൈതൃകത്തെ പടുത്തുയർത്തുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ', എന്നായിരുന്നു കുറിച്ചത്.
ക്രൂ 7 ബഹിരാകാശത്ത് എത്തിയതിന് പിന്നാലെയാണ് നെയാദിയും സംഘവും മടങ്ങിയത്. യാത്ര പുറപ്പെടുന്നതിന് മുൻപ് സെപ്റ്റംബർ മൂന്നിന് നെയാദി ബഹിരാകാശത്ത് നിന്നുള്ള വീഡിയോയും പങ്കുവെച്ചിരുന്നു. ഇനിയും ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു നെയാദി പങ്കുവെച്ചത്. സെപ്റ്റംബർ ഒന്നിന് മടങ്ങാനിരുന്ന നെയാദി ഫ്ലോറിഡ തീരത്തെ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കാലാവസ്ഥ സാധാരണ ഗതിയിലായതോടെയാണ് യാത്ര വീണ്ടും ആരംഭിച്ചത്.
യുഎസിലെ ഹൂസ്റ്റണിൽ വന്നിറങ്ങിയ സുൽത്താൻ അൽ നിയാദി 14 ദിവസത്തിന് ശേഷമായിരിക്കും യുഎഇയിൽ എത്തുക. 14 ദിവസം അൽ നിയാദി ഹൂസ്റ്റണിൽതന്നെ കഴിയും. പിന്നീട് ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കാനായി എത്തിച്ചേരും. പിന്നീട് ശാസ്ത്ര പരീക്ഷണങ്ങൾ തുടരുന്നതിന് ഹൂസ്റ്റണിലേക്കു തന്നെ മടങ്ങുമെന്ന് യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാം മിഷൻ മാനേജർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അദ്നാൻ അൽ റഈസ് അറിയിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ വീരനായകനെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കി യുഎഇയില്‍ തിരിച്ചെത്തുന്ന നെയാദിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര്‍.