ബലാത്സംഗത്തെ രാഷ്ട്രീയായുധമായി ന്യായീകരിച്ച സവര്ക്കറിന്റെ അനുയായികളാണ് മണിപ്പൂരില് ചോര ചിന്തുന്നത്

യഥാര്ത്ഥത്തില് സവര്ക്കറുടെ ആശയത്തെ പ്രായോഗികമാക്കുകയായിരുന്നു മണിപ്പൂരിലെ ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രീയത്താല് പ്രേരിതമായ നരാധമര്

ബലാത്സംഗത്തെ രാഷ്ട്രീയായുധമായി ന്യായീകരിച്ച സവര്ക്കറിന്റെ അനുയായികളാണ് മണിപ്പൂരില് ചോര ചിന്തുന്നത്
dot image

മണിപ്പൂരിലെ സംഭവങ്ങള് സാമൂഹ്യാസ്തിത്വത്തെ അങ്ങേയറ്റം ഉലച്ചിട്ടുണ്ട്. മനുഷ്യചേതനയുടെ ഏതെങ്കിലും കണം അവശേഷിച്ചിട്ടുള്ളവര്ക്ക് അത് നടുക്കവും ഉറക്കമില്ലാത്ത രാവുകളും സമ്മാനിച്ചിട്ടുണ്ട്. ഉറങ്ങുന്നവരെ അത് ഞെട്ടിയുണര്ത്തിയിട്ടുണ്ട്.

എങ്കിലും അത് യാദൃച്ഛികവും വല്ലപ്പോഴും സംഭവിക്കാവുന്ന ഒന്നാണെന്നും ഉള്ള നിഗമനത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നതെങ്കില്, ഹാ കഷ്ടം എന്നേ പറയാനൊക്കൂ. വളരെ മുമ്പു തന്നെ ഹിന്ദുത്വ ഫാസിസത്തിന്റെ ചിന്താമൂശയില് ബലാത്സംഗത്തെപ്പറ്റിയുള്ള രാഷ്ട്രീയ വിചാരങ്ങള് നടന്നിരുന്നു.

ഹിന്ദുത്വത്തിന്റെ തലതൊട്ടപ്പനായ വി ഡി സവര്ക്കര് തന്റെ അവസാന കാലത്തെഴുതിയ പുസ്തകങ്ങളില് ഒന്നായിരുന്നു 'ഇന്ത്യന് ചരിത്രത്തിലെ ആറു സുവര്ണ്ണ യുഗങ്ങള് (Six Glorious Epochs of Indian History) '. അതില് ബലാത്സംഗത്തെ രാഷ്ട്രീയായുധമെന്ന നിലയില് സവര്ക്കര് ചര്ച്ച ചെയ്യുന്നുണ്ട്.

ആറു സുവര്ണ്ണ യുഗങ്ങളില് ഒന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്റെ യുഗത്തെക്കുറിച്ച് പറയുന്നതിനിടയ്ക്കാണ് അദ്ദേഹം ഈ ചര്ച്ച തുടങ്ങിവെയ്ക്കുന്നത്. കല്യാണില് ശിവജി തടവിലാക്കിയ ഒരു മുസ്ലീം സ്ത്രീയെ അവരുടെ ബന്ധുക്കള്ക്ക് അടുത്തേക്ക് സ്വതന്ത്രയായി വിട്ടതിനെ വിമര്ശിച്ചു കൊണ്ടാണ് സവര്ക്കര് എഴുതുന്നത്. അവരെ ശിവജിയുടെ പടയാളികള്ക്ക് ബലാത്സംഗത്തിനായി വിട്ടുകൊടുക്കണമെന്നായിരുന്നു സവര്ക്കറുടെ വാദം.

സവര്ക്കര് എഴുതുന്നു- ''ഒരു കാലിക്കൂട്ടത്തില് കാളകളുടെ എണ്ണം പശുക്കളെ അപേക്ഷിച്ച് വളരെയധികമായാല് ആ കൂട്ടം വളരെപ്പെട്ടെന്ന് എണ്ണത്തില് വളരില്ല. അതേ സമയം കാളകളെ അപേക്ഷിച്ച് അധികരിച്ച പശുക്കളുള്ള കാലിക്കൂട്ടം പൊടുന്നനെ വളരും''.

സവര്ക്കര് അവിടെ നിര്ത്തുന്നില്ല. ബലാത്സംഗത്തെ ഒരു രാഷ്ട്രീയ ശരിയാക്കി അവതരിപ്പിക്കാന് സവര്ക്കര് മറ്റൊരു 'ചരിത്രവസ്തുത' കൂടി അവതരിപ്പിക്കുന്നു. ആഫ്രിക്കന് 'കാടഗോത്രങ്ങള്' അവരുടെ ശത്രു ഗോത്രങ്ങളിലെ ആണുങ്ങളെ മാത്രമേ കൊല്ലൂ. ഒരിക്കലും സ്ത്രീകളെ കൊല്ലില്ല. മറിച്ച് വിജയികള്ക്കിടയില് ആ സ്ത്രീകള് വിതരണം ചെയ്യപ്പെടുന്നു. സീതയെ തട്ടിക്കൊണ്ടുപോയതിനെ ചോദ്യം ചെയ്ത സുഹൃത്തുക്കളോട് രാവണന് ഇങ്ങനെ പറയുന്നതായും സവര്ക്കര് ഉദ്ധരിക്കുന്നു. 'എന്ത്? എതിര്ക്കൂട്ടത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതിനേയും അവരെ ബലാത്സംഗം ചെയ്യുന്നതിനേയും മതവിരുദ്ധം എന്നാണോ നിങ്ങള് കരുതുന്നത്? അതാണ് പരമധര്മ്മം. ഏറ്റവും ഉയര്ന്ന കര്മ്മം'

''നമുക്കറിയാവുന്ന രാമായണാഖ്യാനങ്ങളില് രാവണന് സീതയെ അവരുടെ സമ്മതം കൂടാതെ തൊടാന് പോലും മടിക്കുന്ന കഥാപാത്രമാണെന്നത് അവിടെ നില്ക്കട്ടെ. കല്യാണില് ശിവജിയും കൂട്ടാളിയായ ചിമാജി അപ്പാവും കാണിച്ച ' ഔദാര്യ'ത്തെ ഭീരുത്വമായാണ് ഹിന്ദുസ്ത്രീകള് വിലയിരുത്തുക'' എന്നും സവര്ക്കര് കൂട്ടിച്ചേര്ക്കുന്നു. കാരണം അത് ''ഹിന്ദുസ്ത്രീകള്ക്ക് മേല് നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങള്ക്ക് ലഭിക്കേണ്ട കനത്ത ശിക്ഷയില് നിന്നും മുസ്ലീം സ്ത്രീകളെ രക്ഷിച്ചു'' അതിനാല് ശിവജി മഹാരാജാവ് ചെയ്യേണ്ടിയിരുന്നത് കല്യാണിലെ മുസ്ലീം സ്ത്രീയെ ഏതെങ്കിലും പടയാളിക്ക് ബലാത്സംഗം ചെയ്യാന് വിട്ടു കൊടുക്കുകയായിരുന്നു എന്ന് പറഞ്ഞാണ് സവര്ക്കര് ഈ ബലാത്സംഗ വിചാരം അവസാനിപ്പിക്കുന്നത്.

യഥാര്ത്ഥത്തില് സവര്ക്കറുടെ ഈ ആശയത്തെ പ്രായോഗികമാക്കുകയായിരുന്നു മണിപ്പൂരിലെ ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രീയത്താല് പ്രേരിതമായ നരാധമര്. ബലാത്സംഗത്തെ ഇവ്വിധം രാഷ്ട്രീയായുധമാക്കാന് ഒരര്ത്ഥത്തില് ആഹ്വാനം ചെയ്ത അതേ സവര്ക്കറുടെ ജന്മദിനമായ മെയ് 28 ആണ്, പുതിയ പാര്ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായി തെരഞ്ഞെടുത്തത് എന്ന വസ്തുത കേന്ദ്ര ഗവണ്മെന്റിന് സവര്ക്കറോടുള്ള ആദരവിന്റേയും ആധര്മ്മണ്യത്തിന്റേയും അവസാന സൂചനയാണ്.

അതിനാല് നമുക്ക് ഉറക്കെ പറയാം. മണിപ്പൂരില് നടന്നത് ക്ഷണികമായ ഒരു അക്രമോത്സുകതയുടെ വഴി തെറ്റല് അല്ല. ഒരു രാഷ്ട്രീയ പ്രയോഗമാണ്. സവര്ക്കര് വഴിചൂണ്ടിക്കാണിച്ച ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രീയ പ്രയോഗം.

ലോഗോസ് ബുക്സ് പുറത്തിറക്കുന്ന എന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകത്തിലെ 'എന്താണ് സവര്ക്കര് സാഹിത്യം?' എന്ന അദ്ധ്യായം ബലാത്സംഗത്തെക്കുറിച്ചുള്ള സവര്ക്കര് ചിന്തകള് ചര്ച്ചാവിധേയമാക്കുന്നുണ്ട്.

dot image
To advertise here,contact us
dot image