ബിജെപി ഓഫീസ് നൽകുന്ന ചാരിറ്റിയല്ല, ഫെല്ലോഷിപ്പ് വാങ്ങുന്നവർ മൗനം പാലിക്കണമെന്ന നിരീക്ഷണം അപകടകരം; രാമദാസ്

'ഫെല്ലോഷിപ്പ് ചാരിറ്റിയല്ല. മറിച്ച് മത്സര പരീക്ഷ പാസായ വിദ്യാര്‍ത്ഥിയുടെ അവകാശമാണെന്നുമുള്ള വിദ്യാഭ്യാസ മേഖലയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് കോടതിയുടെ രണ്ട് നിരീക്ഷണങ്ങളും'

ബിജെപി ഓഫീസ് നൽകുന്ന ചാരിറ്റിയല്ല, ഫെല്ലോഷിപ്പ് വാങ്ങുന്നവർ മൗനം പാലിക്കണമെന്ന നിരീക്ഷണം അപകടകരം; രാമദാസ്
അനുശ്രീ പി കെ
1 min read|18 Mar 2025, 05:52 pm
dot image

കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധ റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ദളിത് വിഭാഗത്തില്‍ പെട്ട മലയാളി പിഎച്ച്ഡി വിദ്യാര്‍ത്ഥി രാമദാസ് പ്രീനി ശിവാനന്ദന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 2024 ജനുവരിയില്‍ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ റാലിയില്‍ പങ്കെടുത്തതിന് 'ദേശവിരുദ്ധന്‍' എന്ന് വിളിച്ചായിരുന്നു സ്ഥാപനം രാമദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്. പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, ഹർജി തള്ളിക്കൊണ്ട് ഹെെക്കോടതി നടത്തിയ നിരീക്ഷണം ചർച്ചയാവുകയാണ്.


കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള ഫെല്ലോഷിപ്പ് ലഭിക്കുന്നതിനാല്‍, രാമദാസിന്റെ രാഷ്ട്രീയ പങ്കാളിത്തം നടപടി വിളിച്ചുവരുത്തുന്നതാണെന്ന നിരീക്ഷണമായിരുന്നു കോടതിയുടേത്. രാമദാസിന് രാഷ്ട്രീയ വീക്ഷണം പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ സ്ഥാപനത്തിനും അവരുടേതായ നിലപാടെടുക്കാന്‍ അവകാശമുണ്ടെന്ന് 24 പേജുള്ള ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. ഇതിനെതിരെയാണ് രാമദാസ് പ്രീനി ശിവാനന്ദൻ സുപ്രീം കോടതിയെ സമീപിക്കുന്നത്. അന്നത്തെ സസ്‌പെന്‍ഷന്‍ നടപടിയെക്കുറിച്ചും മേല്‍ക്കോടതിയെ സമീപിക്കാനുള്ള നീക്കത്തെക്കുറിച്ചും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉണ്ടായ നയമാറ്റത്തെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിക്കുകയാണ് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ രാമദാസ് പ്രീനി ശിവാനന്ദന്‍.

കോടതി നിരീക്ഷണം അപകടകരം

രണ്ട് വര്‍ഷത്തേക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്‍റെ സസ്‌പെന്‍ഷൻ. 11 മാസമായി സസ്പെന്‍ഷനിലാണ്. കേന്ദ്രസര്‍ക്കാരിന്റെ എന്‍എഫ്എസ്‌സി (നാഷണല്‍ ഫെല്ലോഷിപ്പ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്) ഫെല്ലേഷിപ്പ് വാങ്ങുന്ന വിദ്യാര്‍ത്ഥി 'ഇന്ത്യയെ സംരക്ഷിക്കൂ, ബിജെപിയെ അവഗണിക്കൂ' എന്ന് മുദ്രാവാക്യം വിളിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാമോ? പൊതുപണമല്ലേ ഫെല്ലോഷിപ്പായി നല്‍കുന്നത് എന്നെല്ലാമാണ് സ്ഥാപനം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എസ്‌സിഎസ്ടി, ഒബിസി, മറ്റു ന്യൂനപക്ഷ വിഭാഗങ്ങളാണ് ഫെല്ലോഷിപ്പിന് അർഹരായവർ. ഫെല്ലോഷിപ്പ് വാങ്ങുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിക്കരുതെന്ന് പറയുന്നതും നിയമനടപടി എടുക്കാമെന്ന കോടതി നിരീക്ഷണവും അപകടകരമാണ്. അതൊരു തുടക്കം കൂടിയാണ്. മൗലികാവകാശങ്ങളെ ഹനിക്കാന്‍ പാടില്ലല്ലോ. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതൊരു വലിയ പ്രശ്നമാണ്.

Ramadas Prini Sivanandan

ഫെല്ലോഷിപ്പ് ചാരിറ്റിയല്ല

ഫെല്ലോഷിപ്പ് ചാരിറ്റിയല്ല. മറിച്ച് മത്സര പരീക്ഷ പാസായ വിദ്യാര്‍ത്ഥിയുടെ അവകാശമാണെന്നുമുള്ള വിദ്യാഭ്യാസ മേഖലയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് കോടതിയുടെ രണ്ട് നിരീക്ഷണങ്ങളും. ഒരു ഗവേഷകന് മറ്റു ജോലികള്‍ ചെയ്യാതെ റിസര്‍ച്ചിനായി ചെലവഴിക്കുന്നതിനുള്ളതാണ് തുക. ബിജെപി ഓഫീസില്‍ നിന്നും കിട്ടുന്ന ചാരിറ്റി ഫണ്ടല്ല. നികുതി പണമാണ്. കേന്ദ്രത്തിന്റെ ഗുണഭോക്താാക്കളാകുന്ന ആര്‍ക്കും ബിജെപിയെ വിമര്‍ശിക്കാനാകില്ലെന്ന് പറയുന്നതിന് തുല്ല്യമാണ് കോടതി നിരീക്ഷണം. അങ്ങനെയുള്ളവര്‍ മിണ്ടാതിരുന്നാല്‍ മതിയെന്ന് പറയുന്നതുപോലെയാണത്.

പൊളിറ്റിക്കല്‍ പ്രോഗ്രാമിനായി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് ഉപയോഗിച്ചിട്ടില്ല

ആരോപിക്കുന്നതുപോലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് പൊളിറ്റിക്കല്‍ പ്രോഗ്രാമിനായി ഉപയോഗിച്ചിട്ടില്ല. ഈ ആരോപണം അന്നുതന്നെ തള്ളിയിരുന്നു. ടിസ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതു സ്ഥാപനമാണ്. അവിടുത്തെ വിദ്യാര്‍ത്ഥിക്ക് വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടാകും.

പ്രതിഷേധിച്ചത് ഇന്ത്യൻ പൗരനെന്ന നിലയില്‍

2024 ജനുവരിയിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. 16 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ചേര്‍ന്നായിരുന്നു മാര്‍ച്ച്. സംഘാടകരില്‍ ഒരാളായിരുന്നു ഞാനും. ഡല്‍ഹി പൊലീസിന്റെ സാന്നിധ്യത്തില്‍ പൊതുവേദിയില്‍ ജന്തര്‍മന്തറിലായിരുന്നു പരിപാടി. എന്റെ പ്രസംഗത്തില്‍ മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെ കൃത്യമായി വിമര്‍ശിച്ചിരുന്നു. അതിന് രണ്ട് മാസത്തിന് ശേഷം മാര്‍ച്ചിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതും തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതും. 'ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായ നിങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് പങ്കെടുത്തു. ഒപ്പം ജനുവരിയില്‍ ആനന്ദ് പട്‌വര്‍ധൻ്റെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ രാം കെ നാം എന്ന ഡോക്യുമെന്ററി കാണാന്‍ ആഹ്വാനം ചെയ്തു. ഇത് രണ്ടും രാജ്യതാല്‍പര്യത്തിന് ചേരുന്നതല്ല എന്ന് പറഞ്ഞായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്. പിന്നാലെ ഇന്ത്യന്‍ പൗരനെന്ന നിലയിലും എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിലും പിഎസ്എഫിന്റെ അംഗം എന്ന അര്‍ത്ഥത്തിലുമാണ് പങ്കെടുത്തിട്ടുള്ളതെന്നുമാണ് മറുപടി നല്‍കിയത്.

Ramadas Prini Sivanandan

ഡോക്യൂമെന്റി കാണാന്‍ പറയുന്നത് അപരാധമല്ല

രാംകെനാം സ്‌ക്രീനിംഗ് നടത്താന്‍ പോയിട്ടില്ല. ഒരു അപകടം പറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ഫേസ്ബുക്കില്‍ പൊതുജനങ്ങളോട് സിനിമ കാണാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ഡോക്യൂമെന്റി കാണാന്‍ പറയുന്നത് അപരാധമല്ല. ചരിത്രപരമായ ഡോക്യൂമെന്റ് ആയിട്ടാണ് ഞാന്‍ കാണുന്നത്. (കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ദേശീയ ആഘോഷമാക്കാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ ആനന്ദ് പട്‌വര്‍ധന്റെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ രാം കെ നാം എന്ന ഡോക്യുമെന്ററി പ്രതിഷേധ സൂചകമായി സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1992-ല്‍ ബാബറി മസ്ജിദ്പൊളിച്ചതിനെ തുടര്‍ന്ന് അയോധ്യയില്‍ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ ചിത്രം). കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയ ശേഷമായിരുന്നു സസ്‌പെന്‍ഷന്‍. എസ്എഫ്ഐ അംഗം എന്ന നിലയിലും പിഎഫ്ഐ മെമ്പര്‍ എന്ന നിലയിലുമാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ വിദ്യാര്‍ത്ഥിയായതിനാലാണ് വിദ്യാര്‍ത്ഥി സംഘടനയില്‍ മെമ്പര്‍ഷിപ്പ് ലഭിച്ചത്. ടിസ്സ് അഡ്മിഷന്‍ തന്നതിനാലാണ് നിങ്ങള്‍ വിദ്യാര്‍ത്ഥിയായത്. അതിനാല്‍ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം ടിസ്സിന്റെ അഭിപ്രായമായി ആളുകള്‍ വിലയിരുത്തും. സസ്പെന്‍ഡ് ചെയ്യുന്നുവെന്നാണ് അറിയിപ്പ്.

ഫെല്ലോഷിപ്പ് വാങ്ങുന്നവർ ബിജെപിക്കെതിരെ മൗനം പാലിക്കണം

വലിയപ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന വീക്ഷണമാണ് സർവ്വകലാശാലയുടേത്. ഞാന്‍ ഒന്നാമത്തെ ഇരയാകും എന്നേയുള്ളൂ. യൂണിവേഴ്സിറ്റികള്‍ അച്ചടക്ക നടപടിയെടുക്കാറുണ്ട്. എന്നാല്‍ ഇത് അപകടകരമാണ്. ഒരു വിദ്യാര്‍ത്ഥി കോളേജിന് പുറത്ത് കാമ്പസുമായി നേരിട്ട് ബന്ധമില്ലാത്ത പരിപാടിയില്‍ പങ്കെടുത്തതിനാണ് നടപടി. ഇത് ആദ്യമായിട്ടായിരിക്കും. അതിന്റെ കാരണം അതിനെ കൂടുതല്‍ പ്രശ്നം ആക്കുന്നതാണ്. എന്തിരുന്നാലും നിയമപോരാട്ടം തുടരാനാണ് തീരുമാനം. സുപ്രീം കോടതിയെ സമീപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതവും വളരെ വലുതാണ്. ഇത് നടപ്പിലാക്കിയാല്‍ ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ഉപയോഗിക്കാം. ഫെല്ലോഷിപ്പ് വാങ്ങുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളോടും നിങ്ങള്‍ ബിജെപിക്കെതിരെ മൗനം പാലിക്കണം എന്നാണ് പറയുന്നത്. ഇത് ഒരാളില്‍ മാത്രം ഒതുങ്ങില്ല. കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും ബെനിഫിഷ്യറിയായ ഒരാള്‍ ബിജെപിയെ വിമര്‍ശിക്കരുത് എന്ന് പറയുന്നതിനുള്ള കീഴ്വഴക്കമായി ഈ നിരീക്ഷണം മാറിയേക്കാം. ഇത് വിദ്യാര്‍ത്ഥികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഞാന്‍ നടത്തുന്നത് ഒരു വ്യക്തിക്ക് വേണ്ടിയുള്ള പോരാട്ടമല്ല. വിദ്യാര്‍ത്ഥി സമൂഹത്തിന് തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിരീക്ഷണമാണ് കോടതിയുടേത്.

Content Highlights: Ramadas Prini Sivanandan to reportertv over Bombay HC Denies Him Relief

dot image
To advertise here,contact us
dot image