പാർലമെന്റ് പിരിച്ചുവിട്ടു, ഇമ്രാനെ അയോഗ്യനാക്കി; പാകിസ്താനിൽ നവാസ് ഷെരീഫ് യുഗം തിരിച്ചുവരുമോ?

നവാസ് ഷെരീഫിന്റെ സാന്നിധ്യം പാക് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പ് നീളുന്നതും അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയക്കാരുടെ സ്വാർത്ഥ താത്പര്യങ്ങളും സൈന്യത്തിന്റെ സ്വാധീനവും പാകിസ്താൻ ജനാധിപത്യത്തെ കൂടുതൽ ദുർബലമാക്കിയേക്കും.

സീനത്ത് കെ സി
5 min read|12 Aug 2023, 12:09 pm
dot image

രാഷ്ട്രീയ അസ്ഥിരതയ്ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുമിടെ പാകിസ്താനിൽ പാർലമെന്റ് പിരിച്ചുവിട്ടിരിക്കുകയാണ്. സർക്കാരിന്റെ കാലാവധി തീരാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ശുപാർശ പ്രകാരം പ്രസിഡന്റ് ആരിഫ് ആൽവിയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ് രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ തോഷഖാന കേസിൽ അറസ്റ്റ് ചെയ്ത് തൊട്ടടുത്ത ദിവസമാണ് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനമെടുത്തതെന്നത് ശ്രദ്ധേയമാണ്. മൂന്ന് വർഷത്തെ തടവും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള വിലക്കും ഇമ്രാനെതിരെ നിലനിൽക്കുന്നു. ഇമ്രാനെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്താൻ ഷഹബാസ് സർക്കാരും സൈന്യവും നടത്തിയ ആസൂത്രിതമായി നീക്കമാണിതെന്ന് വിലയിരുത്തൽ.

ഇടക്കാല സർക്കാർ രൂപീകരണത്തിന് പ്രസിഡന്റ് ആരിഫ് ആൽവി മൂന്ന് ദിവസത്തെ സമയമാണ് നിലവിലെ സർക്കാരിന് നൽകിയിട്ടുളളത്. 90 ദിവസത്തിനുളളിൽ പൊതുതിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുളള നിർദേശം. കാലാവധി പൂർത്തിയാക്കാതെ പിരിച്ചുവിട്ടതിനാലാണ് 90 ദിവസം. കാലാവധി തീർന്നതിന് ശേഷമാണെങ്കിൽ 60 ദിവസത്തിനുളളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ്. പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഷഹബാസ് ഷെരീഫ് സൈനിക ആസ്ഥാനം സന്ദർശിച്ചിരുന്നു. സെൻസസ് പൂർത്തിയായാൽ മാത്രമേ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുളളു എന്നാണ് ഷഹബാസ് ഷെരീഫ് പറയുന്നത്. ഇമ്രാനെതിരെയുളള പഴുതടച്ച നീക്കത്തിന് പുറമേ സ്വന്തം സഹോദരനും മുൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പാക് മണ്ണിലേക്ക് എത്തിക്കുന്നതിനുളള നീക്കവും ഷഹബാസ് ഷെരീഫ് നടത്തിക്കഴിഞ്ഞു. പാകിസ്താനിൽ ഇനി വരാൻ പോകുന്നത് നവാസ് യുഗമാണോ, അതോ പട്ടാള അട്ടിമറിക്ക് സാധ്യതയുണ്ടോ എന്നതിൽ ഷഹബാസ് ഷെരീഫിനും അദ്ദേഹത്തിന്റെ പാകിസ്താൻ മുസ്ലിം ലീഗ്(നവാസ്) പാർട്ടിക്കും വ്യക്തതയുണ്ടെന്നാണ് വിലയിരുത്തൽ.

ഷഹബാസ് ഷെരീഫിന്റെ അട്ടിമറി

2022 ഏപ്രിൽ 11 ന് ആണ് പാകിസ്താന്റെ 23-ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് അധികാരത്തിലേറുന്നത്. അവിശ്വാസ വോട്ടെടുപ്പിൽ 174 പേരുടെ പിന്തുണയോടെ ഇമ്രാൻ സർക്കാരിനെ താഴെവീഴ്ത്തിയായിരുന്നു ഷഹബാസിന്റെ രംഗപ്രവേശം. ദൈവം പാകിസ്താനെ രക്ഷിച്ചുവെന്നായിരുന്നു അധികാരത്തിലേറിയതിന് ശേഷമുളള ഷഹബാസ് ഷെരീഫിന്റെ പ്രസംഗം.

1999ൽ പട്ടാള അട്ടിമറിയിൽ പ്രാണരക്ഷാർത്ഥം സൗദി അറേബ്യയിലേക്ക് കുടുംബസമേതം കുടിയേറിയ ഷഹബാസ് ഷെരീഫ് പിന്നീട് 2007 ൽ ആണ് സ്വന്തം മണ്ണിലേക്ക് തിരിച്ചുവരുന്നത്. 2008ലും പിന്നീട് 2013ലും പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി ഷഹബാസ് ഷെരീഫ് രാഷ്ട്രീയപ്രവേശം നടത്തി. പനാമ പേപ്പേഴ്സിൽ പേര് വന്നത്, കളളപ്പണം വെളുപ്പിക്കൽ കേസ്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി ഒട്ടനവധി ആരോപണങ്ങളും കേസുകളും ഷഹബാസ് ഷെരീഫിനെതിരെയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മറ്റ് ഏത് പാകിസ്താനി രാഷ്ട്രീയ നേതാവിനേയും പോലെ ഷഹബാസ് ഷെരീഫും അഴിമതി ആരോപണങ്ങളാൽ കളങ്കിതനാണ്.

പാക് സൈന്യത്തിന് അനഭിമതനല്ല എന്നതും വിദേശ രാജ്യങ്ങളായ ചൈന, തുർക്കി എന്നീ രാജ്യങ്ങളുമായുളള ഊഷ്മള ബന്ധവും ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി പദത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചു എന്ന് വേണം പറയാൻ. ഭൂതകാലം എത്ര മോശമായാലും പാകിസ്താൻ പ്രധാനമന്ത്രി പദത്തിലിരുന്നവർ സൈന്യത്തിന്റെ കളിപ്പാവകളായിരുന്നുവെന്നതാണ് ചരിത്രം. സൈന്യത്തെ പ്രീണിപ്പിച്ച് നിർത്തുന്ന ഭരണമാണ് ഒരു വർഷം ഷഹബാസ് ഷെരീഫ് സർക്കാർ കാഴ്ചവെച്ചത്.

പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക്

പാകിസ്താൻ എല്ലാകാലവും നേരിടുന്ന പ്രതിസന്ധിയാണ് രാഷ്ട്രീയ അസ്ഥിരത. ഒരു പ്രധാനമന്ത്രിയും ആ കസേരയിൽ ഉറച്ച് ഇരുന്നിട്ടില്ല. കാലാവധി പൂർത്തിയാകാതെ പുറത്താവുകയോ, തടവിലാവുകയോ, വധിക്കപ്പെടുകയോ, പട്ടാളം ഭരണം അട്ടിമറിക്കുന്നതോ അവിടെ പതിവാണ്.

സ്ഥിരതയില്ലാത്ത സർക്കാരും സൈനിക ഇടപെടലും ആ രാജ്യത്തിന് എന്നുമൊരു ശാപമാണ്. രാഷ്ട്രീയ അസ്ഥിരത തന്നെയാണ് കാലാവധി തീരുന്നതിന് മുമ്പ് പാർലമെന്റ് പിരിച്ചുവിടാൻ ഷഹബാസ് ഷെരീഫിനെ നയിച്ചത്. എന്നാൽ പാകിസ്താനിൽ ഓരോ നീക്കങ്ങൾക്ക് പിന്നിലും കൃത്യമായ ആസൂത്രണമുണ്ടാകുമെന്നതാണ് ചരിത്രം. പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) ന്റെ പ്രധാന എതിരാളിയായ പിടിഐയെ ഇമ്രാനെ അയോഗ്യനാക്കിയും അറസ്റ്റ് ചെയ്തും തളർത്തിയത് ഈ ആസൂത്രണത്തിന്റെ ഭാഗമായാണ്. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതുമുതൽ ഇമ്രാൻ ഖാൻ പാകിസ്താന്റെ സ്ഥിരതയെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. ഇമ്രാൻ ഖാൻ സൈന്യത്തിന് അത്ര പ്രിയപ്പെട്ടവനല്ല എന്നത് അദ്ദേഹത്തിന്റെ പടിയിറക്കത്തിലേക്ക് നയിച്ച ഒരു പ്രധാന ഘടകമായിരുന്നു.

90 ദിവസത്തിനുളളിൽ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിർദേശം. എന്നാൽ തിരഞ്ഞെടുപ്പ് അടുത്ത വർഷത്തേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് ഷഹബാസ് ഷെരീഫ് സർക്കാർ നൽകുന്ന സൂചന. ദേശീയ ഐക്യമില്ലെങ്കിൽ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ലെന്നും ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് കാലതാമസം വരുന്നത് പൊതുജന രോഷത്തിനും ആണവായുധ രാഷ്ട്രത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിലേക്കും നയിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

രാഷ്ട്രീയ അസ്ഥിരതയ്ക്കൊപ്പം തന്നെ കഴിഞ്ഞ വർഷത്തെ പ്രളയവും പാകിസ്താനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മഹാപ്രളയം തെല്ലൊന്നുമല്ല പാകിസ്താന്റെ സാമ്പത്തിക സ്ഥിതിയെ ഉലച്ചത്. 2022 ജൂൺ മുതൽ ഒക്ടോബർ വരെയുളള പേമാരിയിൽ നിരവധിയിടങ്ങൾ വെളളത്തിനടിയിലായി. അവശ്യസാധനങ്ങൾക്ക് തിക്കും തിരക്കുമുണ്ടാക്കുന്ന പാക് ജനതയുടെ ചിത്രം നമ്മുടെയെല്ലാം മനസ്സിലുണ്ട്. സബ്സിഡി നിരക്കിൽ സർക്കാർ നൽകുന്ന ആട്ടയ്ക്കായുളള തിക്കിലും തിരക്കിലുംപെട്ട് ഒരാളുടെ ജീവൻ പൊലിഞ്ഞതും പാകിസ്താനിലായിരുന്നു. രണ്ടരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രളയം മൂലം രാജ്യത്തുണ്ടായത്. ജനങ്ങൾക്കിടയിലെ ദാരിദ്ര്യം അഞ്ച് ശതമാനത്തോളം വളർന്നിട്ടുണ്ടായിരുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ചായ കുടിക്കുന്നത് കുറച്ചാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിൽ പാകിസ്താന് നല്ലൊരു ശതമാനം തുക ലാഭിക്കാമെന്ന് ആസൂത്രണ വികസന വകുപ്പ് മന്ത്രി അഹ്സൻ ഇക്ബാൽ അഭിപ്രായപ്പെട്ടത് വിമർശനങ്ങൾക്കിടയാക്കി. 2023 ജൂലൈയിൽ പെട്ടെന്നുണ്ടായ പ്രളയത്തിൽ 30 ഓളം പേർ മരണപ്പെടുകയും ഡസൻ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.

ഇമ്രാൻ ഖാനും കുറേ കേസുകളും

2018 ജൂലൈയിലാണ് ക്രിക്കറ്റ് താരവും പിടിഐയുടെ നേതാവുമായ ഇമ്രാൻ ഖാൻ അധികാരത്തിലേറുന്നത്. തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ പാർട്ടിക്കായെങ്കിലും 2022ലെ അവിശ്വാസത്തെ അതിജീവിക്കുന്നതിൽ ഇമ്രാൻ പരാജിതനായി. ജനപ്രിയനും സൈന്യത്തിന് അപ്രിയനുമായ ഇമ്രാനെ താഴെയിറക്കാനുളള ചരടുവലികൾ തുടക്കം മുതൽ ആരംഭിച്ചിരുന്നു. 2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കിയതുമുതൽ 100 ഓളം കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. തനിക്കെതിരെയുളള കേസുകളിൽ ശക്തമായ നിയമപോരാട്ടമാണ് ഇമ്രാൻ ഖാൻ നടത്തുന്നത്.

ഇമ്രാനെതിരെയുള്ള വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഷഹബാസ് ഷെരീഫിന്റ നേതൃത്വത്തിലുളള കൂട്ടുകക്ഷി സർക്കാർ ഓഗസ്റ്റ് ഒൻപതിന് പിരിച്ചുവിടാൻ തീരുമാനമെടുത്തത് എന്നത് പ്രസക്തമാണ്. പാക് രാഷ്ട്രീയത്തിൽ നിന്ന് ഇമ്രാനെ അപ്രസക്തനാക്കാനുള്ള മുസ്ലിം ലീഗ് നവാസ് വിഭാഗത്തിന്റേയും സൈന്യത്തിന്റേയും ശ്രമങ്ങളാണ് ഇമ്രാന്റെ അറസ്റ്റിലൂടെ ഫലം കണ്ടത്. ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ലാത്ത തരത്തിലാണ് അദ്ദേഹത്തിനെതിരെയുളള കേസുകളുടെ കെട്ടുകൾ. യു എസ് പാകിസ്താൻ നയതന്ത്ര വിവരങ്ങൾ പരസ്യമാക്കിയ കുറ്റത്തിന് ഇമ്രാനെതിരെ കേസ് എടുക്കുമെന്ന് ഷഹബാസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കേസിൽ മോചിതനായാലും മറ്റൊരു കേസിൽ വീണ്ടും ഇമ്രാന് കുരുക്ക് മുറുകുമെന്ന് അർത്ഥം.

സൈനിക നേതൃത്വവുമായി ഉടക്കി നിൽക്കുന്നതും ഇമ്രാന് വിനയായി. മറ്റ് നേതാക്കളുടെ കാര്യത്തിലേത് പോലെ സൈന്യത്തിന് മനം മാറ്റം ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. നിലവിലെ സൈനിക മേധാവി അസിം മുനീർ, ഐ എസ് ഐ മേധാവി നദീം അഞ്ജുഎം എന്നിവർ തുടരുന്നിടത്തോളം കാലം ഇമ്രാനെ രാഷ്ട്രീയത്തിൽ നിന്ന് പുറത്തുനിർത്താനുള്ള ചരടുവലികൾ തുടരും. പാക് കോടതികളും മറ്റും സർക്കാരിന്റെയും സൈന്യത്തിന്റെയും പാവകളായി തുടരുന്നിടത്തോളം ഇമ്രാന് തിരിച്ചുവരവ് സാധ്യമല്ല.

തോഷഖാന കേസ്

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്ന തോഷഖാന കേസിലാണ് ഇമ്രാൻ ഖാൻ തടവിലായത്. മൂന്നു വർഷം തടവും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അഞ്ച് വർഷത്തെ വിലക്കുമാണ് ഇമ്രാനെതിരെ ഇസ്ലാമാബാദിലെ വിചാരണ കോടതി വിധിച്ചിരിക്കുന്നത്. സമൻ പാർക്കിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലടക്കാനായിരുന്നു കോടതി നിർദേശം. എന്നാൽ ലാഹോർ പൊലീസ് അഡിയാലയ്ക്ക് പകരം പഞ്ചാബിലെ അറ്റോക്ക് ജയിലിലടക്കുകയാണ് ചെയ്തത്. 70 വയസുളള ഇമ്രാനെ സർക്കാർ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്ന കോടതി ഉത്തരവ് കാറ്റിൽ പറത്തിയാണ് പൊലീസ് അറ്റോക്കിലേക്ക് കൊണ്ടുപോയതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

തനിക്കെതിരേയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇമ്രാൻ ഖാന്റെ ആവശ്യം പാകിസ്താൻ സുപ്രീംകോടതി തള്ളിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതി നടപടികളിൽ ഇടപെടാനാകില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ കോടതി ഉത്തരവ് പോലും കാണിക്കാതെയാണ് പൊലീസ് ഇമ്രാനെ തട്ടിക്കൊണ്ടുപോയതെന്ന് പിടിഐ ആരോപിച്ചിരുന്നു. തോക്കിൻ മുനയിൽ ഇമ്രാനെ തട്ടിക്കൊണ്ട് പോയി എന്ന് കാണിച്ച് പിടിഐ അഡീഷണൽ സെക്രട്ടറി ജനറൽ ഉമൈർ നിയാസി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അറസ്റ്റിൽ കടുത്ത പ്രതിഷേധമാണ് പിടിഐ ഉയർത്തുന്നത്.

സമ്മാനമായി ലഭിക്കുന്ന വസ്തുവകകളുടെ നിശ്ചിത തുകയിൽ കുറവാണ് അതിന്റെ മൂല്യമെങ്കിൽ അവ കൈവശം വെക്കാമെന്നാണ് പാകിസ്താനിലെ നിയമം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവിൽക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.

ഇമ്രാൻ ഖാനെ പുറത്താക്കുന്നതിന് പിന്നിൽ യുഎസ്?

പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നിൽ യുഎസ് വിദേശകാര്യ വകുപ്പാണെന്ന് റിപ്പോർട്ടുണ്ട്. അമേരിക്കൻ ഓൺലൈൻ മാധ്യമമായ ദി ഇന്റർസെപ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022 മാർച്ചിൽ പാക് നയതന്ത്ര പ്രതിനിധി അസദ് മജീദ് ഖാൻ യുഎസ് വിദേശകാര്യ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. റഷ്യ, യുക്രെയ്ൻ പ്രതിസന്ധിയിൽ ഇമ്രാൻ സ്വീകരിച്ച നിഷ്പക്ഷ നിലപാടാണ് ഇതിലേക്ക് നയിച്ചത്. യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചയുടൻ ഇമ്രാൻ റഷ്യ സന്ദർശിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു. കൂടിക്കാഴ്ചക്ക് ഒരു മാസത്തിന് ശേഷമാണ് പാക് പാർലമെന്റിൽ ഇമ്രാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും ഇത് പാക് സൈന്യത്തിന്റെ പിന്തുണയോട് കൂടിയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ വിജയത്തിന് ശേഷം ഇമ്രാനും അദ്ദേഹത്തിന്റെ അനുയായികളും സൈന്യവുമായും അവരെ പിന്തുണക്കുന്നവരുമായും പോരാട്ടത്തിലായിരുന്നു. പുറത്തായതിന് പിന്നാലെ ഇമ്രാൻ യുഎസിന്റെ സാന്നിധ്യത്തെ കുറിച്ച് ആരോപണം ഉയർത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തടവ് ശിക്ഷ നേരിട്ട പ്രധാനമന്ത്രിമാർ

തടവ് ശിക്ഷയും അയോഗ്യതയും നേരിടുന്ന ആദ്യത്തെ പ്രധാനമന്ത്രിയല്ല ഇമ്രാൻഖാൻ. പാക് ചരിത്രത്തിലെ 23 പ്രധാനമന്ത്രിമാരിൽ ആറ് പേർ അഴി എണ്ണിയിട്ടുണ്ട്. ഹുസൈൻ ഷഹീദ് സുഹ്റവർദി, സുൽഫികർ അലി ഭൂട്ടോ, നവാസ് ഷെരീഫ്, ഷാഹിദ് ഖൈകാൻ അബ്ബാസി എന്നിവർ വിവിധ കേസുകളിൽ തടവിലാവുകയും രാഷ്ട്രീയത്തിലേക്ക് തിരിച്ചു പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇമ്രാനൊപ്പം തന്നെ കടുത്ത പ്രതിസന്ധിയാണ് പിടിഐയും നേരിടുന്നത്. മുമ്പിൽ നിന്ന് നയിക്കാൻ കരുത്തനായ നേതാവില്ലാത്ത വിധം പിടിഐ തളർച്ചയിലായിക്കഴിഞ്ഞു. മുൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പാർട്ടിയെ നയികുമെന്നാണ് തീരുമാനിമെങ്കിലും ഖുറേഷി ഏത് നേരവും കളം മാറിയേക്കാമെന്ന അഭ്യൂഹങ്ങളുമുണ്ട്.

നവാസ് ഷെരീഫിന്റെ തിരിച്ചുവരവ്

അഴിമതിയിൽ കുളിച്ച് നാടുവിട്ട സഹോദരൻ നവാസ് ഷെരീഫിനെ തിരിച്ചെത്തിക്കാനുളള കരുക്കളാണ് അധികാരം പിടിച്ചെടുത്തത് മുതൽ ഷഹബാസ് ഷെരീഫ് നീക്കിയിരുന്നത്. നവാസ് തിരിച്ചുവന്നാൽ അടുത്ത പ്രധാനമന്ത്രിയാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിനായി നിയമഭേദഗതികളും ഷഹബാസ് ഷെരീഫ് കൊണ്ടുവന്നു. പാർലമെന്റ് അംഗങ്ങളെ അഞ്ച് വർഷത്തിൽ കൂടുതൽ അയോഗ്യരാക്കാൻ കോടതിക്ക് സാധിക്കില്ല എന്ന നിയമഭേദഗതി പാസാക്കിയാണ് ഷഹബാസ് ഇറങ്ങുന്നത്.

ചരിത്രപരമായി രാജ്യത്തെ ബാധിച്ചിട്ടുളള അഴിമതിയെ തുടച്ചുനീക്കുമെന്ന് പറഞ്ഞായിരുന്നു ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ. ഇമ്രാന്റെ ഭരണകാലത്താണ് നവാസ് ഷെരീഫിനെ തടവിലാക്കിയതും. മൂന്ന് തവണ പാകിസ്താൻ പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് 2017ൽ അഴിമതി ആരോപണങ്ങളെ തുടർന്നാണ് പുറത്താകുന്നത്. ഏഴ് വർഷം തടവും രാഷ്ട്രീയത്തിൽ നിന്ന് ആജീവനാന്ത വിലക്കും നവാസ് ഷെരീഫിന് സുപ്രീംകോടതി വിധിച്ചിരുന്നു. 2019ൽ ജാമ്യം ലഭിച്ച നവാസ് ബ്രിട്ടനിലേക്ക് പറക്കുകയായിരുന്നു.

നവാസ് ഷെരീഫിന്റെ മടങ്ങിവരവിനെ പിഎംഎൽ(നവാസ്) ഉം അതിന്റെ സഖ്യകക്ഷികളും പിന്തുണയ്ക്കുന്നുണ്ട്. തിരിച്ചുവരവ് പാർട്ടിയെ രാഷ്ട്രീയമായി സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന മുഖം നവാസ് ഷെരീഫ് ആയിരിക്കും. പക്ഷേ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതിൽ വ്യക്തതയില്ലെന്നും പാകിസ്താൻ രാഷ്ട്രീയ നിരീക്ഷകനായ ഹസൻ അസ്കരി പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ സർക്കാരിന്റെ കാലാവധി ആഗസ്റ്റ് 12 ന് ആണ് അവസാനിക്കുന്നത്. ഷഹബാസ് ഷെരീഫ് നൽകുന്ന സൂചന പ്രകാരം 2024 ൽ ആണ് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ നവാസ് ഷെരീഫ് മത്സരിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. നവാസിന്റെ സാന്നിധ്യം പാക് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പ് നീളുന്നതും അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയക്കാരുടെ സ്വാർത്ഥ താത്പര്യങ്ങളും സൈന്യത്തിന്റെ സ്വാധീനവും പാകിസ്താൻ ജനാധിപത്യത്തെ കൂടുതൽ ദുർബലമാക്കിയേക്കും. തുടരുന്ന രാഷ്ട്രീയ അസ്ഥിരതയിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാവാനാണ് സാധ്യത. ഇത് അരാജകത്വത്തിലേക്കും തീവ്രവാദികളെ കൂടുതൽ ശക്തരാക്കുന്നതിലേക്കും നയിച്ചേക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us