
ഇടുക്കി: നെടുങ്കണ്ടം മുണ്ടിയെരുമയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചയാള് പിടിയില്. ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ 21 വയസ്സുകാരി ഗീതു തേനി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാമ്പാടുംപാറ സ്വദേശി കളിവിലാസം വിജിത്ത് (22) ആണ് ആക്രമണം നടത്തിയത്.
പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് കതക് ചവിട്ടി തുറന്ന് ഇയാൾ വീടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. പെൺകുട്ടി ഇയാളെ പ്രതിരോധിച്ചതോടെ വാക്കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു.
ഇത് തടഞ്ഞ പെൺകുട്ടിയുടെ കൈവിരലുകൾക്ക് വെട്ടേറ്റു. തുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ട പെൺകുട്ടിയെ ഇയാൾ പിന്തുടർന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ പ്രതിയെ തടഞ്ഞുവെക്കുകയും നെടുങ്കണ്ടം പൊലീസിൽ അറിയിക്കുകയുമായിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. പ്രതി മുമ്പും പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.