
തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ക്രിക്കറ്റ് പ്രേമം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടാറുള്ള രജനി, 2011ലെ ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയ ഗംഭീര വിജയത്തിനും സാക്ഷ്യം വഹിച്ചിരുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഇന്ത്യയിൽ നടക്കാനിരിക്കെ, സൂപ്പർസ്റ്റാറിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചിരിക്കുകയാണ് ബിസിസിഐ.
ഗ്രൗണ്ട് സീറോ മുതൽ എല്ലാ മത്സരങ്ങൾക്കും പ്രവേശനം ലഭിക്കുമെന്നതാണ് ഗോൾഡൻ ടിക്കറ്റുകളുടെ പ്രത്യേകത. ചൊവ്വാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തിയാണ് രജനികാന്തിന് ടിക്കറ്റ് സമ്മാനിച്ചത്.
'സിനിമയ്ക്കപ്പുറമുള്ള പ്രതിഭാസം. ബിസിസിഐ സെക്രട്ടറി ജയ് ഷാ സിനിമാറ്റിക് ബ്രില്യൻസിന്റെ ആൾരൂപമായ രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചു. ഭാഷയ്ക്കും സംസ്കാരത്തിനും അതീതമായി ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഇതിഹാസ നടൻ. തലൈവർ 2023ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പിൽ ഞങ്ങളുടെ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാകും ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം നടക്കുക എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,' ബിസിസിഐ എക്സിൽ കുറിച്ചു.
ഓസ്ട്രേലിയക്കെതിരെയാണ് ചെന്നൈയിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഗെയിം നേരിട്ട് കാണാൻ രജനികാന്ത് സ്റ്റേഡിയത്തിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സച്ചിൻ ടെൻഡുൽക്കർ, അമിതാബ് ബച്ചൻ എന്നിവരാണ് ഗോൾഡൻ ടിക്കറ്റ് സ്വീകരിച്ച മറ്റു സെലിബ്രിറ്റികൾ. ഒക്റ്റോബർ 5നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.