

ഗൾഫ് മേഖലയിലെ വിതരണ ശൃംഖലകൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ചരക്ക് നീക്കം ഉറപ്പാക്കുന്നതിനുമായി ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ നേരിട്ടുള്ള നടപടികൾ ആരംഭിച്ചതായി ജിസിസി ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി അറിയിച്ചു. ഗൾഫ് തുറമുഖങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം ചെങ്കടൽ വഴിയും അറബി കടൽ വഴിയും പുനക്രമീകരിക്കുന്ന പുതിയ പദ്ധതിക്ക് നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.
ഗൾഫ് മേഖലയിൽ കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് ബദൽ പാതകൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതം ചെങ്കടൽ വഴിയും അറബിക്കടൽ വഴിയും പുനക്രമീകരിക്കുന്ന ഈ പദ്ധതി ഹോർമുസ് പ്രതിസന്ധി മറികടക്കുന്നതിനുള്ള ബദൽ മാർഗമായാണ് വിലയിരുത്തപ്പെയുന്നത്. ഭക്ഷ്യസുരക്ഷയും വളം ലഭ്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കവെ ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന ഇറാന്റെ നടപടികൾ പ്രാദേശിക സുരക്ഷയെയും ആഗോള ഭക്ഷ്യസുരക്ഷയെയും ഒരുപോലെ ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. യൂറിയ വളങ്ങളുടെ വിലയിൽ 30 ശതമാനം മുതൽ 40 ശതമാനം വരെ വർദ്ധനവാണ് ഉണ്ടായത്. ഇത് വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ബുദൈവി അറിയിച്ചു. ഹോർമുസ് കടലിടുക്ക്, ബാബ് അൽ-മന്ദബ് തുടങ്ങിയ തന്ത്രപ്രധാനമായ പാതകൾ സംരക്ഷിക്കുന്നതിനും ആഗോള ഊർജ്ജ-വിതരണ ശൃംഖലകൾ തടസ്സമില്ലാതെ തുടരുന്നതിനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Content Highlights: The GCC has initiated steps to safeguard supply chains in the Gulf region. The move is aimed at ensuring uninterrupted trade flow, economic stability, and stronger regional cooperation.