

ലിഫ്റ്റിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. അപ മര്യാദയായി പെരുമാറിയ വ്യക്തിയെ അടിച്ചുവെന്നും പാർവതി പറഞ്ഞു. പുരുഷന്മാർ എപ്പോഴും തോളും വിരിച്ച് ആത്മവിശ്വാസത്തോടെയാണ് നടക്കുന്നതെന്നും എന്നാൽ സ്ത്രീകൾ അങ്ങനെയല്ലെന്നും നടി പറഞ്ഞു. തെറാപ്പി തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴുള്ള തെറാപ്പിസ്റ്റിനെ കണ്ടെത്തുന്നതിന് മുമ്പ് തനിക്ക് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.
'ഇതിൽ ലജ്ജിക്കേണ്ടത് ഞാനല്ല. എനിക്ക് 19-20 വയസ്സുള്ളപ്പോൾ നടന്ന മറ്റൊരു കാര്യമുണ്ട്. ഞാൻ ഒരു ലിഫ്റ്റിലായിരുന്നു. എന്റെ പിന്നിൽ നിന്ന ഒരാൾ എന്നിലേക്ക് ചേർന്നുനിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അയാളുടെ സ്പർശനം എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാൻ അയാളുടെ കരണത്തടിച്ചു. ‘നിങ്ങൾ എന്താണ് ഈ ചെയ്തത്?' എന്ന് ഞാൻ ചോദിച്ചു. സെക്യൂരിറ്റി വന്നു, പക്ഷേ ആ മാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. പൊലീസിനെ വിളിച്ചു. പക്ഷേ പൊലീസുകാർ പോലും പറഞ്ഞത്, 'നീ ഒരു തല്ല് കൊടുത്തല്ലോ, ഇനി ഇത് വിട്ടേക്ക്' എന്നാണ്. അപ്പോഴാണ് ഈ നാട്ടിലെ നീതി എന്നാൽ എന്താണെന്ന് എനിക്ക് മനസ്സിലായത്.
ഒടുവിൽ അയാൾ എന്റെ കാലിൽ വീണു പറഞ്ഞു, ‘എനിക്ക് ഇപ്പോൾ ഗൾഫിൽ ജോലി കിട്ടിയതാണ്, എന്റെ കല്യാണം നടക്കാൻ പോവുകയാണ്’ എന്നൊക്കെ. ഒരു ലിഫ്റ്റിൽ പോലും സ്വന്തം കാമത്തെ നിയന്ത്രിക്കാൻ കഴിയാത്ത ആളാണ് ഈ പറയുന്നത്. ഞാൻ അയാളെ തല്ലിയപ്പോൾ എല്ലാവരും എന്നെ അഭിനന്ദിച്ചു. പക്ഷേ എനിക്കതൊരു വലിയ നേട്ടമായി തോന്നിയില്ല. സ്വയം സംരക്ഷിക്കേണ്ടി വരുന്നത് ഒരു വലിയ കാര്യമല്ല. സ്വന്തം സുരക്ഷയ്ക്കായി പോരാടേണ്ടി വരുമ്പോൾ ആരും എന്റെ തോളിൽ തട്ടി 'നീ കരുത്തുള്ളവളാണ്' എന്ന് പറയേണ്ടതില്ല. അതൊരു നല്ല അവസ്ഥയല്ല. പുരുഷന്മാരേ, നിങ്ങൾ ഒന്ന് കേൾക്കൂ, തോളും വിരിച്ച് ആത്മവിശ്വാസത്തോടെ നടക്കാൻ കഴിയുന്ന നിങ്ങൾക്ക് പെൺകുട്ടികളുടെ അവസ്ഥ മനസ്സിലാകില്ല." പാർവതി കൂട്ടിച്ചേർത്തു.
'പുരുഷന്മാർ എപ്പോഴും തോളും വിരിച്ച് ആത്മവിശ്വാസത്തോടെയാണ് നടക്കുന്നത്. പക്ഷേ സ്ത്രീകൾ അങ്ങനെയല്ല, ഞങ്ങൾ എപ്പോഴും ഒതുങ്ങിക്കൂടിയാണ് ഇരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ നിൽക്കുമ്പോഴോ കുനിയുമ്പോഴോ ഒക്കെ സ്വന്തം വസ്ത്രവും ശരീരവും ശ്രദ്ധിച്ചുകൊണ്ടിരിക്കേണ്ട അവസ്ഥയാണ് സ്ത്രീകൾക്കുള്ളത്. പുരുഷന്മാർക്ക് തങ്ങളുടെ മാറിലെ രോമങ്ങൾ പുറത്തു കാണുന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ടി വരാറില്ല, എന്നാൽ സ്ത്രീകൾ നടക്കുമ്പോൾ പോലും ശരീരഭാഗങ്ങൾ ശ്രദ്ധിക്കപ്പെടാതിരിക്കാൻ വസ്ത്രങ്ങൾ വലിച്ചു നേരെയാക്കിക്കൊണ്ടിരിക്കണം. സ്വന്തം ശരീരത്തെക്കുറിച്ചുള്ള തിരിച്ചറിവ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം തെറാപ്പിയാണ്. ദൈവത്തിന് നന്ദി, തെറാപ്പി എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. എനിക്ക് തെറാപ്പിയോട് വലിയ ഇഷ്ടമാണ്. പക്ഷേ, ഇപ്പോഴുള്ള എന്റെ തെറാപ്പിസ്റ്റിനെ കണ്ടെത്തുന്നതിന് മുമ്പ് എനിക്ക് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മികച്ച ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല," പാർവതി പറയുന്നു.
2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights: Actor Parvathy Thiruvoth has spoken openly about a disturbing harassment experience she faced in a lift. Recalling the incident, she highlighted how such behaviour reflects a lack of self control and stressed the need to address harassment seriously. Her remarks have drawn attention to the everyday safety concerns faced by women.