
ദുബായിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മിറാക്കിൾ ഗാർഡൻ വീണ്ടും തുറക്കുന്നു. സെപ്റ്റംബർ 29 മുതലാണ് പുഷ്പ ഉദ്യാനം വീണ്ടും സന്ദർശകർക്കായി തുറന്നു നൽകുക. സാധാരണയായി ദുബായ് മിറക്കിൾ ഗാർഡൻ എല്ലാ വർഷവും ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പ്രവർത്തിക്കുന്നത്. മെയ് മുതൽ സെപ്റ്റംബർ വരെ ശരാശരി കടുത്ത ചൂട് കാരണം ഉദ്യാനം അടച്ചിടുകയും ചെയ്യും.
ഏകദേശം 72,000 ചതുരശ്ര മീറ്ററിലായി സ്ഥിതിചെയ്യുന്ന ഈ ഉദ്യാനത്തിൽ ഏകദേശം 150 ദശലക്ഷത്തിലധികം പൂക്കളാണുള്ളത്. 2013-ലാണ് മിറാക്കിൾ ഗാർഡൻ പ്രവർത്തനം ആരംഭിച്ചത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഉദ്യാനം, ഏറ്റവും വലിയ ലംബ ഉദ്യാനം എന്നിവയുൾപ്പെടെ മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾ മിറാക്കിൾ ഗാർഡൻ സ്വന്തമാക്കിയിട്ടുണ്ട്.
ഓരോ സീസണിലും ദുബായ് മിറക്കിൾ ഗാർഡൻ പുതിയ പൂക്കളും കലാസൃഷ്ടികളും അവതരിപ്പിക്കാറുണ്ട്. ഇത് നിരവധി വിനോദസഞ്ചാരികളെ മിറാക്കിൾ ഗാർഡനിലേക്ക് അടുപ്പിക്കുകയും ചെയ്യാറുണ്ട്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി 11 വരെയാണ് മിറാക്കിൾ ഗാർഡൻ പ്രവർത്തിക്കുക. വാരാന്ത്യങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി 12 വരെയും മിറാക്കിൾ ഗാർഡൻ പ്രവർത്തിക്കും. ടിക്കറ്റുകൾ ഓൺലൈനായും മിറാക്കിൾ ഗാർഡന്റെ ഗേറ്റിൽ നിന്നും വാങ്ങാവുന്നതാണ്. യുഎഇ നിവാസികൾക്ക് പ്രത്യേക കിഴിവുകളും ലഭ്യമാണ്.
Content Highlights: Dubai Miracle Garden announces reopening date for new season