
കുവൈറ്റ് സിറ്റി: ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച സ്ത്രീയെ കുവൈറ്റില്‍ പിടികൂടി. ഇറാഖില്‍ നിന്നുള്ള അറബ് വംശജയായ സ്ത്രീയാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ദുര്‍മന്ത്രവാദ പ്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള മുത്തുകള്‍, മോതിരങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. അല്‍ അബ്ദലി അതിര്‍ത്തി ചെക്ക് പോസ്റ്റിലാണ് സംഭവം.
കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. അധികൃതര്‍ നടത്തിയ പതിവ് പരിശോധനയിലാണ് യുവതി പിടിയിലായത്. പരിശോധനയ്ക്കിടെ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന ബാഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ ബാഗ് വാങ്ങി പരിശോധിച്ചപ്പോള്‍ അടിഭാഗത്തായുള്ള രഹസ്യ അറയില്‍ നിന്നാണ് വിചിത്രമായ വസ്തുക്കള്‍ കണ്ടെത്തിയത്.
സ്ത്രീയെ കൂടുതലായി ചോദ്യം ചെയ്തപ്പോള്‍ ഇത് ദുര്‍മന്ത്രവാദത്തിനായുള്ള വസ്തുക്കളാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഇത് കൊണ്ടുവന്നതെന്നും സ്ത്രീ സമ്മതിച്ചു. കണ്ടെത്തിയ വസ്തുക്കള്‍ കണ്ടുക്കെട്ടി. കൂടാതെ ഇറാഖില്‍ നിന്നെത്തിയ സ്ത്രീക്ക് കുവൈറ്റിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Dark Secrets in Her Bag: Kuwait Thwarts Sorcery Smuggling from Iraq