
നെടുമ്പാശ്ശേരി: എയര് ഇന്ത്യ വിമാനത്തില് നഷ്ടപ്പെട്ട മെന്റലിസ്റ്റ് കലാകാരന് ഫാസില് ബഷീറിന്റെ 12 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഗേജ് തിരികെ കിട്ടി. രണ്ട് ദിവസത്തിനുശേഷമാണ് ബാഗ് തിരിച്ച് ലഭിച്ചത്. ദുബായിലെ എയർ ഇന്ത്യയുടെ കാർഗോ വിഭാഗത്തിൽ ആളില്ലാത്ത നിലയിൽ തിങ്കളാഴ്ച രാത്രിയാണ് ബാഗേജ് കണ്ടെത്തിയത്. മെന്റലിസം, ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ ഉപകരണങ്ങളാണ് ബാഗിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച കൊച്ചിയില് നിന്ന് എഐ 933 എയർ ഇന്ത്യ വിമാനത്തിലാണ് ഫാസിൽ ബഷീർ ദുബായിലേക്ക് പോയത്. ദുബായില് വിമാനം ഇറങ്ങിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഫാസില് അറിയുന്നത്. കൊച്ചിയില് നിന്ന് ദുബായിലേക്കുള്ള യാത്രക്കിടയിലാണ് ലഗേജ് നഷ്ടമായത്.
കൊച്ചിയില് നിന്ന് ലഗേജ് കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയര് ഇന്ത്യ ഓഫീസും ദുബായില് എത്തിയ വിമാനത്തില് ബാഗ് ഇല്ലായിരുന്നു എന്നും ദുബായ് എയര് ഇന്ത്യ ഓഫീസും അറിയിച്ചത്. മെന്റലിസം, ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ ഉപകരണങ്ങള് നഷ്ടമായതിനാല് യുഎഇയിലെ പരിപാടി മുടങ്ങുകയും ചെയ്തിരുന്നു.