
അബുദാബി: യുഎഇയില്‍ മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഒരു മാസം നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ നാല്‍പ്പത് മണിക്കൂര്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തും. മൂന്ന് പുതിയ പരീക്ഷണങ്ങളും ഇതോടൊപ്പം നടക്കും. പൈലറ്റുമാര്‍ക്കൊപ്പം കാലാവസ്ഥാ വിദഗ്ധരും ഇപ്പോള്‍ നടക്കുന്ന ക്ലൗഡ് സീഡിങ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
ഈ മാസം അവസാനം വരെ നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ നാല്‍പ്പത് മണിക്കൂറിലേറെ സമയം ദേശീയ കാലവസ്ഥാ കേന്ദ്രത്തിന്റെ വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തും. മൂന്ന് പുതിയ രീതികളും ക്ലൗഡ് സീഡിങിനായി പരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഉപ്പും പൊട്ടാസ്യവും മഗ്‌നീഷ്യവും സോളിഡ് കാര്‍ബൺ ഡയോക്സൈഡുമെല്ലാം കൂട്ടിക്കലര്‍ത്തി മേഘങ്ങളില്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്.
ഓരോ ദൗത്യത്തിനും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ടാകും. യുഎഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് 25,000 അടി ഉയരത്തിലുളള മേഘങ്ങളെ നിരീക്ഷിച്ച് പഠിച്ചാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. ക്ലൗഡ് സീഡിങ് ശക്തമാക്കിയതോടെ രാജ്യത്ത് വരും ദിവസങ്ങളില്‍ വലിയതോതിലുളള മഴയാണ് പ്രതീക്ഷിക്കുന്നത്.