
ദുബൈ: സമുദ്ര ഗതാഗത ശൃംഖലയുടെ വികസനത്തിനായി പുതിയ പദ്ധതിക്ക് അംഗീകാരം നല്കി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം. 2030 ഓടെ 22 ദശലക്ഷം യാത്രക്കാര്ക്ക് സേവനം നല്കാനാണ് ദുബൈ മറൈന് ട്രാന്സ്പോര്ട്ട് മാസ്റ്റര് പ്ലാന് എന്ന പേരില് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി പ്രാബല്യത്തില് വരുന്നതോടെ പാസഞ്ചര് ലൈനുകളില് 400 ശതമാനം വര്ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് അബ്രയും ദുബൈയില് പ്രവര്ത്തനമാരംഭിക്കും. ഗതാഗത ശൃംഖലയുടെ ആകെ നീളം 55 കിലോമീറ്ററില് നിന്നും 158 കിലോമീറ്ററായി ഉയരും. ദുബൈ ക്രീക്ക്, ദുബൈ വാട്ടര് കനാല്, തുടങ്ങി വിവിധ ഇടങ്ങളില് മറൈന് ട്രാന്സ്പോര്ട്ട് സ്റ്റേഷനുകള് നിര്മ്മിക്കും.
പാസഞ്ചര് ട്രാന്സ്പോര്ട്ട് ലൈനുകളുടെ എണ്ണം 35 ആക്കി ഉയര്ത്താനും പദ്ധതി ലക്ഷ്യമിടുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ റോഡ് ഗതാഗത അതോറിറ്റി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് ഇലക്ട്രിക് ബോട്ട് പദ്ധതിയുടെ പുരോഗതിയും ഹംദാന് വിലയുരുത്തി. ഗ്രൂപ്പ് മറൈന് ട്രാന്സ്പോര്ട് വെഹിക്കിളിന്റെ ആദ്യ എമിറാത്തി വനിതാ ക്യാപ്റ്റനുമായും ഷെയ്ഖ് ഹംദാന് കൂടിക്കാഴ്ച നടത്തി.