Top

'ആ മുള്‍ക്കിരീടം എനിക്കു വേണ്ട'; യുണൈറ്റഡ് പരിശീലക സ്ഥാനം നിരസിച്ച് സിനദിന്‍ സിദാന്‍

ഫ്രാന്‍സ് വിട്ടുപോകാന്‍ താരത്തിനു താല്‍പര്യമില്ലെന്നും ഫ്രഞ്ച് ദേശീയ ടീമിന്റെയോ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെയോ പരിശീലകനാകാനാണ് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍

22 Nov 2021 9:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ മുള്‍ക്കിരീടം എനിക്കു വേണ്ട; യുണൈറ്റഡ് പരിശീലക സ്ഥാനം നിരസിച്ച് സിനദിന്‍ സിദാന്‍
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനമെന്ന 'മുള്‍ക്കിരീടം' നിരസിച്ച് സിനദിന്‍ സിദാന്‍. സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഒലെ സോള്‍ഷ്യറെ ടീം മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ഒലെയ്ക്കു പകരം സിദാനെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാനായിരുന്നു യുണൈറ്റഡ് നോട്ടമിട്ടത്‌ള. ഇതിനായി ക്ലബ് അധികൃതര്‍ സിദാനെ സമീപിച്ചെങ്കിലും അദ്ദേഹം പരിശീലക സ്ഥാനത്തേക്ക് വരാന്‍ ഒരുക്കമല്ല എന്നു ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. സിദാന് ഇംഗ്ലണ്ടിലേക്ക് വരാന്‍ തന്നെ താല്പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഈ വര്‍ഷമാദ്യം റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ സിദാന്‍ അതിനു ശേഷം വിശ്രമജീവിതത്തിലാണ്. ഇനി ഫ്രാന്‍സ് വിട്ടുപോകാന്‍ താരത്തിനു താല്‍പര്യമില്ലെന്നും ഫ്രഞ്ച് ദേശീയ ടീമിന്റെയോ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെയോ പരിശീലകനാകാനാണ് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ബി.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സീസണില്‍ താല്‍ക്കാലിക പരിശീലകനെ കണ്ടെത്താന്‍ ആണ് സാധ്യതയെന്നും മുഖ്യപരിശീലകനായ ഒരാളെ ഇനി അടുത്ത സീസണില്‍ കൊണ്ടുവരാനേ യുണൈറ്റഡ് നോക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ നിലവിലെ പരിശീലകനായ മൗറീഷ്യോ പോച്ചെറ്റിനോ യുണൈറ്റഡിന്റെ പരിശീലകനാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. പി.എസ്.ജി. മാനേജ്‌മെന്റുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതും കുടുംബം ലണ്ടനില്‍ സ്ഥിര താമസമാക്കിയതും കാരണം ഇംഗ്ലണ്ടിലേക്കു മടങ്ങാനാണ് പോച്ചെറ്റീനോ ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.

Next Story