
മിലാൻ: യൂറോപ്പിന്റെ വമ്പന്മാർ ആരെന്ന് കണ്ടെത്താനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കമാകും. രാത്രി 10.15ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ എസി മിലാനെ ഇംഗ്ലീഷ് വമ്പന്മാരായ ന്യൂകാസിൽ യുണൈറ്റഡ് നേരിടും. 10.15ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലാൻഡ് ക്ലബായ ബി എസ് സി യങ്ങ് ബോയ്സിന് ജർമ്മൻ ക്ലബായ ആർബി ലെയ്പ്സിഗാണ് എതിരാളികൾ.
രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും. നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും ഇന്ന് രാത്രി മത്സരമുണ്ട്. സ്ക്രവന സ്വെസ്ഡയാണ് ചാമ്പ്യന്മാരുടെ എതിരാളികൾ. പ്രീമിയർ ലീഗിൽ ഈ സീസണിലും മികച്ച ഫോമിലുള്ള സിറ്റി ചാമ്പ്യൻസ് ലീഗ് നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
സ്പാനിഷ് ജേതാക്കളായ ബാഴ്സലോണയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും രാത്രിയിൽ മത്സരമുണ്ട്. നാളെ നടക്കുന്ന മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ജർമ്മൻ ക്ലബായ യൂണിയൻ ബെർലിനെ നേരിടും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സെപ്റ്റംബർ 21നാണ് മത്സരം. ജർമ്മൻ ജേതാക്കളായ ബയേൺ മ്യൂണിക്കാണ് മുൻ ചാമ്പ്യന്മാരുടെ എതിരാളികൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നേരിടുന്ന തിരിച്ചടികൾ ചാമ്പ്യൻസ് ലീഗിലെ വിജയത്തുടക്കത്തോടെ മറികടക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം.