
മാഞ്ചസ്റ്റര്: ഇംഗ്ലീഷ് സൂപ്പര് താരം ജേഡന് സാഞ്ചോക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് മാഞ്ചസ്റ്റര് യുണൈറ്റഡ്. ക്ലബ്ബിന്റെ ഫസ്റ്റ് ടീമില് നിന്ന് വിങ്ങര് സാഞ്ചോയെ പുറത്താക്കുകയാണെന്ന് യുണൈറ്റഡ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. പരിശീലകന് എറിക് ടെന്ഹാഗുമായുള്ള സാഞ്ചോയുടെ അസ്വാരസ്യങ്ങള് ചര്ച്ചയാകുന്ന സാഹചര്യത്തിലാണ് നടപടി.
അവസാന മത്സരത്തില് ആഴ്സണലിനോടേറ്റ പരാജയത്തിന് പിന്നാലെ കോച്ച് ടെന്ഹാഗ് സാഞ്ചോക്കെതിരെ വിമര്ശനങ്ങള് ഉന്നയിച്ചിരുന്നു. ആഴ്സണലിനെതിരായ യുണൈറ്റഡ് സ്ക്വാഡില് സാഞ്ചോയെ ഉള്പ്പെടുത്തിയിരുന്നില്ല. ക്ലബ്ബിന് വേണ്ടി കളിക്കുന്നതിനാവശ്യമായ ഫിറ്റ്നസ് നിലവാരം സാഞ്ചോ കൈവരിച്ചിട്ടില്ലെന്നായിരുന്നു ടെന്ഹാഗിന്റെ വാദം.
ടെന്ഹാഗിന്റെ പരാമര്ശനത്തിന് പിന്നാലെ മറുപടിയുമായി സാഞ്ചോയും രംഗത്തെത്തി. അദ്ദേഹം പറയുന്നതൊന്നും വിശ്വസിക്കരുതെന്നും തന്നെ ബലിയാടാക്കുകയാണെന്ന് ചെയ്യുന്നതെന്നുമായിരുന്നു സാഞ്ചോയുടെ പ്രതികരണം. 'പരിശീലനത്തില് എന്റെ മികച്ചത് നല്കാന് ശ്രദ്ധിക്കാറുണ്ട്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള് പറയുന്നതിന് പിന്നില് മറ്റ് കാരണങ്ങളാണുള്ളത്. അതിലേക്ക് ഞാന് കടക്കുന്നില്ല. വളരെക്കാലമായി ഞാന് ബലിയാടാകുന്നു. സന്തോഷത്തോടെ ഫുട്ബോള് കളിക്കുക, ടീമിന് വേണ്ടി മികച്ചത് നല്കുക എന്നത് മാത്രമാണ് ഞാനാഗ്രഹിക്കുന്നത്', സാഞ്ചോ സോഷ്യല് മീഡിയയില് കുറിച്ചു.