
കൊച്ചി: ഐഎസ്എൽ ക്ലബുകൾ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകുന്നില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കാമനോവിച്ച്. ഐഎസ്എൽ പത്താം സീസണിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് വുക്കാമനോവിച്ചിന്റെ പ്രസ്താവന. ഇന്ത്യൻ താരങ്ങളുടെ അവസരം നഷ്ടപ്പെടുത്താൻ ക്ലബുകളുടെ പരിശീലകർ വ്യാജ സമ്മർദ്ദം സൃഷിടിക്കുന്നു. മത്സരത്തിൽ വിജയം ഉണ്ടാക്കാനെന്ന പേരിൽ ഇന്ത്യൻ മുന്നേറ്റ താരങ്ങളെ മാറ്റിനിർത്തുന്നു. അതിനുവേണ്ടി വിദേശ സ്ട്രൈക്കർമാരെ പരിശീലകർ ക്ലബിലെത്തിക്കുന്നു. മികച്ച കരിയറുള്ള ഇന്ത്യൻ താരങ്ങളുടെ അവസരമാണ് ഇവിടെ നഷ്ടപ്പെടുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ക്ലബാണെന്നും വുക്കാമനോവിച്ച് ചൂണ്ടിക്കാട്ടി.
ഇതുവരെ ഐഎസ്എൽ നേടാൻ കഴിയാത്തതിനെ കുറിച്ചും വുക്കാമനോവിച്ച് പ്രതികരിച്ചു. ഫൈനൽ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഭാഗ്യമില്ലെന്നാണ് വുക്കാമനോവിച്ചിന്റെ പ്രതികരണം. കേരളാ ടീം മൂന്ന് തവണ ഐഎസ്എൽ ഫൈനലിൽ എത്തിയിട്ടുണ്ട്. 2014, 2016, 2022 സീസണുകളിൽ ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിച്ചിട്ടുണ്ട്. പക്ഷേ ഭാഗ്യം ഒരു പ്രധാന ഘടകമാണെന്ന് വുക്കാമനോവിച്ച് പറഞ്ഞു.
ഫൈനൽ മത്സരങ്ങൾ കളിക്കുമ്പോൾ 90 മുതൽ 120 മിനിറ്റ് വരെ താരങ്ങൾ ഗ്രൗണ്ടിൽ കളിക്കണം. സമനില ആണെങ്കിൽ ടൈബ്രക്കറിലേക്ക് മത്സരം നീങ്ങും. ഇവിടെ ഭാഗ്യം നിർണായകമാണ്. ലോകത്ത് നിരവധി ടീമുകൾ ഭാഗ്യമില്ലാതെ ഫൈനലിൽ തോറ്റിട്ടുണ്ടെന്നും വുകാമനോവിച്ച് ചൂണ്ടിക്കാട്ടി.