
ഡോർട്ട്മുണ്ട്: ഒടുവിൽ ജർമ്മനി ജയിച്ചു തുടങ്ങിയിരിക്കുന്നു. ഹാൻസി ഫ്ലിക്കിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ജർമ്മനി വിജയം കുറിച്ചു. 2018ലെ ലോകചാമ്പ്യന്മാരും 2022ലെ ഫൈനലിസ്റ്റുകളുമായ ഫ്രാൻസിനെ തോൽപ്പിച്ചാണ് ജർമ്മൻ ഫുട്ബോളിന്റെ തിരിച്ചുവരവിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ജർമ്മനി ഫ്രാൻസിനെ ഞ്ഞെട്ടിച്ചു. തോമസ് മുള്ളറിന്റെ വകയായിരുന്നു ആദ്യ ഗോൾ. സമനില ഗോൾ നേടാനുള്ള ഫ്രാൻസിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. ആദ്യ പകുതി ഒരു ഗോൾ ലീഡിൽ ജർമ്മനി അവസാനിപ്പിച്ചു.
മത്സരത്തിന്റെ 87-ാം മിനിറ്റിൽ ജർമ്മനി വീണ്ടും മുന്നിലെത്തി. ലീറോയ് അസീസ് സാനെയുടെ മികവിൽ രണ്ടാം ഗോൾ. ഇതോടെ ഫ്രാൻസിന് തിരിച്ചുവരവ് അസാധ്യമായി. തൊട്ടടുത്ത മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. പിഴവ് വരുത്താതെ അന്റോയിൻ ഗ്രീസ്മാൻ ലക്ഷ്യം കണ്ടു. എന്നാൽ അവശേഷിച്ച സമയത്ത് സമനില ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ ജർമ്മനി ജയിച്ചു കയറി.
കഴിഞ്ഞ ആറ് മത്സരങ്ങളിൽ ജർമ്മനിയുടെ ആദ്യ ജയമാണിത്. നാല് തവണ ലോകചാമ്പ്യന്മാരായ ടീമാണ് ജർമ്മനി. 2018ലും 2022ലും ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മൻ നിര പുറത്തായിരുന്നു. അവസാന മത്സരത്തിൽ ജപ്പാനോട് ഒന്നിനെതിരെ നാല് ഗോളിന്റെ നാണംകെട്ട തോൽവി വഴങ്ങിയ ശേഷമാണ് ജർമ്മനിയുടെ തിരിച്ചുവരവ്.