Top

'മുത്തു നവരത്ന മുഖം'... വിടപറയുന്നത് മാപ്പിളപ്പാട്ടിന്റെ ഇശല്‍ രാജാവ്

'കിളിയേ... ദിക്ര്! പാടിക്കിളിയേ...', 'മുത്തുനവരത്ന മുഖം', 'സംകൃത പമഗിരി' എന്നിങ്ങനെയുള്ള ഗാനങ്ങള്‍ മാത്രം മതിയാവും വി എം കുട്ടിക്ക് മലയാളി മനസില്‍ ഇനിയുള്ള കാലം ജീവിക്കാന്‍.

13 Oct 2021 3:14 AM GMT
സീനത്ത് കെ.സി

മുത്തു നവരത്ന മുഖം... വിടപറയുന്നത് മാപ്പിളപ്പാട്ടിന്റെ ഇശല്‍ രാജാവ്
X

കൊണ്ടോട്ടി പുളിക്കലിലെ 'ദാറുസ്സലാമില്‍' പുഞ്ചിരിതൂകി ഗായകരെ വരവേല്‍ക്കാന്‍ ഇനി ആ മുഖം ഉണ്ടാകില്ല, മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന്‍ 'പടപ്പുകള്‍ ചെയ്യണ തെറ്റ് 'പാടി മലയാളികളുടെ ഹൃദയത്തിലേറിയ ഇശലുകളുടെ രാജാവ് വിഎം കുട്ടി വിടപറഞ്ഞിരിക്കുന്നു. പാട്ടു പാടുന്നവരെ തേടിപ്പിടിച്ച് തന്റെ ദാറുസ്സലാമിലേക്ക് ക്ഷണിക്കുമായിരുന്നു വടക്കുങ്ങര മുഹമ്മദ്കുട്ടി എന്ന വി എം കുട്ടി.

1970 കള്‍ വരെ കല്യാണപ്പന്തലുകളില്‍ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ട് ഗായകനും കവിയുമാണ വി എം കുട്ടി. മലബാര്‍ കലാപത്തിന്റെ കഥ പറഞ്ഞ 1921 അടക്കം അഞ്ചിലധികം സിനിമകളിലും ഗാനങ്ങള്‍ എഴുതി. 'മുത്തു നവരത്ന മുഖം' എന്ന അനശ്വര ഗാനത്തിലൂടെ സംഗീതപ്രേമികളുടെ മനസില്‍ വിഎം കുട്ടിക്ക് പ്രത്യേക സ്ഥാനം നല്‍കിയിരുന്നു. 'കിളിയേ... ദിക്ര്! പാടിക്കിളിയേ...', 'മുത്തുനവരത്ന മുഖം', 'സംകൃത പമഗിരി' എന്നിങ്ങനെയുള്ള ഗാനങ്ങള്‍ മാത്രം മതിയാവും വി എം കുട്ടിക്ക് മലയാളി മനസില്‍ ഇനിയുള്ള കാലം ജീവിക്കാന്‍.


ഒരുപാട് ഗായകരെ വളര്‍ത്തിയെടുത്ത ഇടമാണ് കൊണ്ടോട്ടി പുളിക്കലിലെ 'ദാറുസ്സലാം' എന്ന വീട് ഇവിടെ നിന്നും സംഗീതം പഠിച്ച് ഉയര്‍ന്നുവന്നവരില്‍ നിരവധി പ്രമുഖരുണ്ട്. വിഎം കുട്ടിയുടെ പ്രിയ ശിഷ്യയായിരുന്നു മാപ്പിളപ്പാട്ടിന്റെ റാണി എന്നറിയപ്പെടുന്ന വിളയില്‍ ഫസീല. വിഎം കുട്ടി ഫസീലയുടേയും കൂട്ടുകെട്ടില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. തരംഗിണിക്കുവേണ്ടി വി.എം. കുട്ടിയും ഫസീലയും പാടിയ രണ്ടു കാസറ്റുകളും ഹിറ്റായിരുന്നു. ഹഖാന കോനമറാല്‍, തശ്രിഫും മുബാറക്കാദര, ഹസ്ബീ റബ്ബീ ജല്ലല്ലാ തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ ഇതില്‍പെടും. 'മുല്ലപ്പൂ പൂവിലും പൂവായ ഫാത്തിമ', 'കൈതപ്പൂ മണത്താലും കദളിപ്പൂ നിറത്താലും' തുടങ്ങിയവ ഇരുവരെയും ഒരുമിച്ചു കിട്ടുമ്പോള്‍ ശ്രോതാക്കള്‍ ആവര്‍ത്തിച്ച് പാടിച്ചു. മലബാറിലെ മൈലാഞ്ചി പാട്ടുകളില്‍ വിഎം കുട്ടിയും വിളയില്‍ ഫസീലയും നിറഞ്ഞുനിന്നിരുന്നു.വിഎം കുട്ടി എഴുതി ഈണം നല്‍കിയ 'കിരി കിരി ചെരുപ്പുമ്മല്‍ അണഞ്ഞുള്ള പുതുനാരി' എന്ന ഒപ്പനപ്പാട്ടാണ് ഫസീലയുടെ ശബ്ദത്തില്‍ ആദ്യം റെക്കോഡ് ചെയ്തത്. തരംഗിണിക്കുവേണ്ടി വിഎം കുട്ടിയും ഫസീലയും പാടിയ രണ്ടു കാസറ്റുകളും ഹിറ്റായി. ഹഖാന കോനമറാല്‍, തശ്രിഫും മുബാറക്കാദര, ഹസ്ബീ റബ്ബീ ജല്ലല്ലാ തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ ഇതില്‍പെടും. മൈലാഞ്ചി എന്ന സിനിമയിലെ 'കൊക്കര കൊക്കര കോഴിക്കുഞ്ഞേ ചക്കര മാവിലെ തത്തപ്പെണ്ണേ' പാട്ട് വിഎം കുട്ടി, വിളയില്‍ ഫസീല കൂട്ടുകെട്ട് പാടി.


വി.എം. കുട്ടിയുടെ 'സംകൃത പമഗിരി'ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. മാപ്പിളപ്പാട്ടില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല വിഎം കുട്ടിയുടെ സംഭാവനകള്‍. സിനിമ, കാസറ്റുകള്‍ എന്നിവക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, ഉല്‍പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാര്‍ക്ക് ആന്റണി അടക്കം എട്ടോളം സിനിമകള്‍ക്കായി പാട്ടെഴിതിയിട്ടുണ്ട്. ഉല്‍പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിച്ചു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗവുമായിരുന്നു അദ്ദേഹം. നിരവധി കാസറ്റുകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ പുറത്തിറങ്ങി. ഗാനരചയിതാവ്, സംഗീതജ്ഞന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍, ചിത്രകാരന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വി.എം. കുട്ടി. ബാബുരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.


1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലില്‍ വടക്കുങ്ങര ഉണ്ണീന്‍ മുസ്ല്യാരുടേയും ഉമ്മാച്ചുകുട്ടിയുടേയും മകനായി ജനിച്ച വിഎം കുട്ടി. പ്രാഥമിക വിദ്യാഭ്യാസം പുര്‍ത്തിയാക്കി അധ്യാപക പരിശീലനത്തിന് ചേരുകയായിരുന്നു. 1985വരെ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമാവുകയായിരുന്നു. 'ബദ്റുല്‍ഹുദാ യാസീനന്‍...' എന്ന ബദ്ര് പാട്ട് ആകാശവാണിയില്‍ അവതരിപ്പിച്ചുകൊണ്ട് ഇരുപതാം വയസില്‍ ആയിരുന്നു അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അരനൂറ്റാണ്ടോളം ഈ രംഗത്ത് സജീവമായി നിലകൊണ്ടു.


1972ല്‍ എ.കെ.ജിയും, ഇ.എം.എസ്, നായനാര്‍ തുടങ്ങിയ മഹാരഥന്മാര്‍ പങ്കെടുത്ത കര്‍ഷക സംഘത്തിന്റെ സമ്മേളനത്തില്‍ പാര്‍ട്ടിക്കാരനായ വി.എം. കുട്ടി സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.' വരികയായ് ഞങ്ങള്‍ വരികയായ് വിപ്ലവത്തിന്‍ കാഹളം മുഴക്കുവാന്‍' എന്ന വിപ്ലവ ഗാനം വി.എം. കുട്ടി എഴുതിയതാണ്. 1965 മുതല്‍ ഗള്‍ഫ് നാടുകളിലെ വേദികളില്‍ സജീവമായിരുന്നു അദ്ദേഹം. 1987ല്‍ കവരത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുമുണ്ട് വി എം കുട്ടി. സംഗീത നാടക അക്കാദമി അവാര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സി എച്ച് കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, ഇന്തോ അറബ് കള്‍ച്ചറല്‍ സെന്ററിന്റെ 'ഒരുമ' അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വി.എം.കുട്ടി മാഷിന് മലയാളം സര്‍വ്വകലാശാല ഡി.ലിറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.

Next Story