'കുറ്റത്തിന് ആനുപാതികമായ ശിക്ഷ എന്ത്?' പക്ക രാജീവ് രവി സിനിമ
സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം രാജീവ് രവിയുടെ ട്രേഡ് മാര്‍ക്ക് ആണ്
27 May 2022 9:50 AM GMT
അപർണ പ്രശാന്തി

രാജീവ് രവി വളരെ കുറഞ്ഞ കാലങ്ങള്‍ക്കിടയില്‍ തന്നെ സ്വന്തമായി പ്രേക്ഷകരെ നേടിയ സംവിധായകനാണ്. അദ്ദേഹം രണ്ട് വര്‍ഷങ്ങളിലായി അനൗണ്‍സ് ചെയ്ത സിനിമകളാണ് കുറ്റവും ശിക്ഷയും തുറമുഖവും. പക്ഷെ കൊവിഡ് അടക്കമുള്ള പല കാരണങ്ങളാല്‍ നീണ്ടു പോയ ചിത്രങ്ങളുടെ റിലീസുകള്‍ തമ്മില്‍ ഉള്ള ഇടവേള ഒരാഴ്ച മാത്രമായി. ഇതില്‍ ആദ്യമായി പുറത്തിറങ്ങുന്നത് കുറ്റവും ശിക്ഷയുമാണ്. പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടു ട്രെയിലറുകളും മറ്റു പരസ്യങ്ങളും വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഏറെ ആരാധകരുള്ള ഒരു സിനിമാ യോണര്‍ ആണ് പൊലീസ് ത്രില്ലറുകള്‍. മലയാളത്തില്‍ ഈയടുത്തായി ആ ഗണത്തില്‍ ഉള്ള സിനിമകള്‍ പുറത്തിറങ്ങുന്നത് കുറവാണ്. കുറ്റവും ശിക്ഷയും പ്രേക്ഷകര്‍ കാത്തിരുന്ന സിനിമയായതിന്റെ പ്രധാന കാരണവും ഇതാണ്.
2015 ല്‍ നടന്ന കുപ്രസിദ്ധമായ മോഷണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ നിന്നും അഞ്ചംഗ പൊലീസ് സംഘം രാജസ്ഥാനില്‍ അടക്കം ചെന്ന് നടത്തിയ ജീവന് പണയം വച്ചുള്ള ഒരു ഓപ്പറേഷന് ആണ് സിനിമയുടെ കഥാ പരിസരം. കാസര്‍ഗോഡ് നടന്ന ഈ സംഭവത്തില്‍ നേരിട്ട് പങ്കാളി ആയ പൊലീസ് ഉദ്യോഗസ്ഥനും നടനുമായ സിബി തോമസ് ശ്രീജിത്ത് ദിവാകരനോടൊപ്പം ഈ ചിത്രത്തിന്റെ കഥയിലും തിരക്കഥയിലും പങ്കാളിയാണ്. ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദീന്‍, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍ എന്നിവരാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ക്യാമറ സുരേഷ് രാജന്റേതാണ്. സംവിധായകന് കൂടിയായ ബി അജിത് കുമാര്‍ എഡിറ്റ് ചെയ്ത കുറ്റവും ശിക്ഷയുടെയും സംഗീതം ഡോണ്‍ വിന്‍സെന്റിന്റേതാണ്.
ദസതേവിസ്ക്കിയുടെ ലോക പ്രശസ്ത ക്ലാസ്സിക് നോവലിന്റെ പേരാണ് കുറ്റവും ശിക്ഷയും. അതെ പേരില്‍ രാജീവ് രവി ഒരു സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ സിനിമാ പ്രേമികള്‍ക്ക് വലിയ കൗതുകമുണ്ടായിരുന്നു. അതിനൊപ്പം തന്നെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന, സിനിമ ആവശ്യപ്പെടുന്ന ദുരൂഹതകള്‍ അതെ അളവില്‍ ബാക്കി വച്ച കുറ്റവും ശിക്ഷയും ട്രെയിലര്‍ കാണികളില്‍ ആകാംക്ഷ ഉണര്‍ത്തി. ഏറെ ശ്രദ്ധ നേടിയ തമിഴ് ചിത്രം തീരന്‍ അധികാരം ഒന്ഡ്രിന്റെ ഓര്മ ഉണര്‍ത്തിക്കൊണ്ട് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ റെക്കോര്‍ഡ് വേഗത്തില്‍ കാണികളെ നേടി.
സിനിമയുടെ വേഗത മുതല്‍ കളര്‍ പാറ്റേണ്‍ വരെയുള്ള എല്ലാ മേഖലകളിലും രാജീവ് രവിക്ക് ഒരു തനത് ശൈലി ഉണ്ട്. ആ ശൈലിക്ക് ആരാധകരും വിമര്‍ശകരും ഉണ്ട്. പക്ഷെ ആദ്യ സിനിമ മുതല്‍ ഇന്ന് വരെ അദ്ദേഹം ആ ശൈലിയില്‍ വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല. ത്രില്ലര്‍ സ്വഭാവം തോന്നിക്കുന്ന ഒരു പൊലീസ് സ്റ്റോറിക്ക് അദ്ദേഹം ആ ശൈലി പിന്തുടരുമോ എന്ന കൗതുകവും സിനിമാ പ്രേമികള്‍ക്ക് ഉണ്ടായിരുന്നു. ഒറ്റവാക്കില്‍ മറ്റൊരു ടിപ്പിക്കല്‍ രാജീവ് രവി സിനിമയാണ് കുറ്റവും ശിക്ഷയും എന്ന് പറയാം.
സിനിമയിലേക്ക് വിശദമായി വന്നാല്‍ ഒരു മോഷണത്തിനു പിന്നാലെ ദുര്‍ഘടം പിടിച്ച വഴികളിലൂടെ പോകുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് കുറ്റവും ശിക്ഷയും. ട്രെയിലറില്‍ കണ്ട ത്രില്ലര്‍ സ്വഭാവത്തില്‍ ഉപരി സിനിമയില്‍ എത്തുമ്പോള്‍ ഈ യാത്ര അവരുടെ മനോവ്യാപാരങ്ങളിലേക്കും ആത്മ സംഘര്‍ഷങ്ങളിലേക്കും അവിടെ നിന്ന് ഇപ്പോഴുള്ള റിയലിസ്റ്റിക് സിനിമകളുടെ മാതൃകയില്‍ സാമൂഹ്യ രാഷ്ട്രീയ മാനങ്ങളിലേക്കും നീങ്ങുന്നു. ഒരു മോഷണ കേസിനു പുറകെ പോകുന്ന പൊലീസുകാരുടെ കഥ എന്നതില്‍ ഉപരി പൊലീസിന്റെ, സിസ്റ്റത്തിന്റെ, നിയമ വ്യവസ്ഥയുടെ ഒക്കെ ശരി തെറ്റുകളിലേക്ക് സിനിമ നീങ്ങുന്നു.
സിനിമയുടെ എടുത്ത് പറയാവുന്ന ഹൈലൈറ്റ് പ്രധാന വേഷങ്ങളില്‍ വന്ന അഞ്ച് നടന്മാരുടെ പ്രകടനമാണ്. ആസിഫ് അലി, ശറഫുദ്ധീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് സിനിമയില്‍ മുക്കാല്‍ ഭാഗത്തിലേറെ നിറഞ്ഞു നില്‍ക്കുന്നത്. കൃത്യമായ ഡീറ്റൈലിംഗ് ഉള്ള കഥാപാത്രങ്ങള്‍ ആണ് ഇവര്‍ അഞ്ച് പേരും. സിനിമയുടെ പേസിന് ഒപ്പം നില്ക്കുമ്പോള് തന്നെ സ്വന്തം റോളുകള്‍ അങ്ങേയറ്റം മികച്ചതാക്കാന്‍ അഞ്ച് പേര്‍ക്കുമായി. ഒരു കുറ്റാന്വേഷണ സിനിമ എന്നതില്‍ ഉപരി സിനിമ ഈ കഥാപാത്രങ്ങളില്‍ കൂടി പലതും പറയുന്നുണ്ട്. അത് കാണികളിലേക്ക് എത്തിക്കാന്‍ ഇവരുടെ പ്രകടനത്തിനു സാധിക്കുന്നുണ്ട്. ചിലപ്പോള്‍ ലൗഡ് ആയും മറ്റു ചിലപ്പോള്‍ സട്ടില്‍ ആയും ഇവര്‍ ശരിയായ അളവില്‍ കഥാപാത്രങ്ങള്‍ ആവുന്നു.
കുറ്റവും ശിക്ഷയും നടക്കുന്നത് രണ്ട് ഭൂമികകളില്‍ ആണ്. കേരളവും രാജസ്ഥാനും പോലെ തീര്‍ത്തും വ്യത്യസ്തമായ ലാന്‍ഡ് സ്കേപ്പ് ഉള്ള ഇടങ്ങളില്‍ ആണ് കഥ നടക്കുന്നത്. സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ണമായും ചിത്രീകരിച്ചത് രാജസ്ഥാനില്‍ ആണ്. സിനിമറ്റോഗ്രഫിക്ക് ഈ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. സുരേഷ് രാജന് ഈ ജോലി വളരെ മനോഹരമായി കാണികളിലേക്ക് എത്തിക്കുന്നു. രണ്ട് ഇടങ്ങളെ, രണ്ട് അവസ്ഥകളെ ഒക്കെ കാണികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ അദ്ദേഹത്തിന്റെ ക്യാമെറക്കായി. അജിത് കുമാറിന്റെ എഡിറ്റിങ്ങും രാജീവ് രവിയുടെ സിനിമാ വേഗതയോട് ചേര്‍ന്ന് നിന്നു. സിബിയുടെ പോലിസ് അനുഭവങ്ങള്‍ പല ഇടങ്ങളിലും ഈ സിനിമക്ക് മുതല്‍ക്കൂട്ട് ആവുകയും ചെയ്തു. അതിനൊപ്പം സിനിമയുടെ ഇപ്പോഴത്തെ രീതിശാസ്ത്രങ്ങങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന രാഷ്ട്രീയ പ്രസ്താവനകള്‍ ശ്രീജിത്ത് ദിവാകരനും സിബിയും ചേര്‍ന്ന് എഴുതിയ തിരക്കഥയില്‍ ചേര്‍ന്ന് നില്ക്കുന്നു.
നേരത്തെ സൂചിപ്പിച്ച സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം രാജീവ് രവിയുടെ ട്രേഡ് മാര്‍ക്ക് ആണ്. വിനോദ സിനിമകളുടെ, പ്രത്യേകിച്ച് ത്രില്ലര്‍ സ്വഭാവമുള്ള സിനിമകളുടെ പൊതുവെ കാണുന്ന മേക്കിങ് ശൈലിയില്‍ നിന്ന് വിഭിന്നമാണ് അത്. ആ വ്യത്യസ്തത കുറച്ചെങ്കിലും കാണികളെ ഈ സിനിമയില്‍ നിന്ന് അകറ്റിയേക്കാം. ഒരു ആകാംക്ഷ ജനിപ്പിക്കുന്ന ത്രില്ലര്‍ എന്ന രീതിയെ ആശ്രയിക്കാന്‍ സിനിമ ഒരിടത്തും മുതിര്‍ന്നിട്ടില്ല. സിനിമയുടെ പശ്ചാത്തല സംഗീതം പോലും വൈകാരിക തലങ്ങളെ ആണ് കൂടുതല്‍ സ്പര്‍ശിക്കുന്നത്. എന്താണ് കുറ്റം, എന്താണ് ശിക്ഷ, കുറ്റത്തിന് ആനുപാതികമായ ശിക്ഷ എന്താണ് എന്നൊക്കെയുള്ള വൈകാരികമായ അതിലുപരി തത്വചിന്താപരമായ അന്വേഷണം കൂടിയാണ് ഈ സിനിമ
ചുരുക്കി പറഞ്ഞാല്‍ പരീക്ഷണ സിനിമകള്‍ ഇഷ്ടപ്പെടുന്മവര്ക്ക്, പൊലിസ് സര്‍വീസ് സ്റ്റോറികളില്‍ കൗതുകമുള്ളവര്‍ക്ക് ഒക്കെ കാണാവുന്ന മറ്റൊരു കംപ്ലീറ്റ് രാജീവ് രവി സിനിമ ആണ് കുറ്റവും ശിക്ഷയും.